രണ്ടുകോടി രൂപക്ക് ക്രിമിനലിന് സീറ്റ് നല്‍കി:ആരോപണവുമായി ബി.ജെ.പി എം.എല്‍.എ

പട്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി എം.പി മുഹമ്മദ് ഷഹാബുദ്ദീന്‍െറ അംഗരക്ഷകനും ക്രിമിനലുമായ മനോജ് സിങ്ങിന് രണ്ടുകോടി രൂപക്ക് സീറ്റ് വിറ്റുവെന്ന് ബിജെപി രഘുനാഥ്പുര്‍ എം.എല്‍.എയായ വിക്രം കുന്‍വാര് ആരോപിച്ചു.പാര്‍ട്ടി പ്രവര്‍ത്തകനായ ഏതൊരാള്‍ക്ക് സീറ്റ് കൊടുത്താലും തനിക്ക് എതിര്‍പ്പില്ല. മനോജ് സിങ് ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ്. കര്‍ഷകരില്‍നിന്ന് ഭൂമി തട്ടിയെടുത്ത സംഭവത്തില്‍ ഉള്‍പ്പെട്ട മനോജിന് മാഫിയ റാക്കറ്റുകളുമായി ബന്ധമുണ്ട്. തനിക്ക് ഇക്കുറി സീറ്റ് നിഷേധിച്ചതിന്‍െറ കാരണം വ്യക്തമാക്കാന്‍ ഒരു ബി.ജെ.പി നേതാവുപോലും മുന്നോട്ടുവന്നില്ളെന്നും കുന്‍വാര്‍ പറഞ്ഞു.
മികച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എം.എല്‍.എമാര്‍ക്കും സീറ്റ് കൊടുക്കാതെ കുറ്റവാളികള്‍ക്ക് ടിക്കറ്റ് നല്‍കുന്നതായി ആര മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.പി ആര്‍.കെ. സിങ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇവര്‍ക്കുവേണ്ടി പ്രചാരണത്തിനിറങ്ങില്ളെന്നും സിങ് തുറന്നടിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ കുറ്റപ്പെടുത്തലുണ്ടാകുന്നത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Top