തിരുവനന്തപുരം: ക്ഷേത്രത്തിന്റെ സ്വത്തുകള്‍ വിശ്വാസികള്‍ തന്നെ കൈകാര്യം ചെയ്യണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രസ്താവനയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അനുകൂലിച്ചു രംഗത്തെത്തി. എന്നാല്‍, പ്രയാറിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കാന്‍ കുമ്മനം ശ്രമിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്നെ പിന്‍തുണച്ചു രംഗത്തെത്തിയതാണ് പ്രതിഷേധത്തിനു ഇടയാക്കിയത്.
ക്ഷേത്രങ്ങളുടെ ഭരണം ഹിന്ദുവിശ്വാസികള്‍ക്ക് നല്‍കണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ അഭിപ്രായത്തോട് യോജിപ്പാണെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്.
ക്ഷേത്രഭരണം വിശ്വാസികള്‍ നടത്തുന്നതായിരിക്കും സുഗമമായ പ്രവര്‍ത്തനത്തിന് നല്ലത്. താന്‍ വിശ്വാസിയായതിനാലാണ് ഇതു പറയുന്നത്. മറ്റുള്ളവര്‍ കുമ്മനത്തിന്റെ അഭിപ്രായത്തോട് വിയോജിക്കുന്നത് ജനാധിപത്യസംവിധാനത്തില്‍ അതിനുള്ള സാധ്യതകള്‍ ഉള്ളതിനാലാണ്. എത്ര വിരുദ്ധാഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തുന്നതാണ് ക്ഷേത്രപുരോഗതിക്കും ഭക്തസമൂഹത്തിനും ആശാസ്യമെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.
പ്രളയക്കെടുതി മൂലം ദുരിതപ്പെടുന്ന ചെന്നൈക്ക് ദേവസ്വം ബോര്‍ഡ് 35 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഇത് ദേവസ്വം ബോര്‍ഡിലെ അംഗങ്ങളുടെ ശമ്പളവും ജീവനക്കാരുടെ വേതനവും ബോര്‍ഡിന്റെ സ്വന്തം ഫണ്ടും ചേരുന്നതാണ്. എത്രയുംവേഗം ഇത് കൈമാറാനുള്ള ശ്രമത്തിലാണ് ബോര്‍ഡെന്നും അദ്ദേഹം പറഞ്ഞു.
നിലയ്ക്കലിനെ അടിസ്ഥാനമാക്കിയായിരിക്കും ശബരിമല തീര്‍ഥാടനം ഭാവിയില്‍ രൂപപ്പെടുത്തുക. ശബരിമലയെ അന്താരാഷ്ട്ര തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിക്ക് ഈ തീര്‍ഥാടനകാലത്തിന് ശേഷം ദേവസ്വം ബോര്‍ഡ് നിവേദനം നല്‍കുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഭക്തജനവര്‍ധനവിന് അനുസരിച്ച് പ്രകൃതിയെയും കാനനസൗന്ദര്യത്തെയും ബാധിക്കാത്ത രീതിയിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ മാത്രമെ ശബരിമലയില്‍ ബോര്‍ഡ് നടപ്പാക്കുവെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.