ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി ആരോപണത്തില്‍ തന്നെ പുറത്താക്കിയ ബി.ജെ.പി നടപടി ചോദ്യം ചെയ്ത് കീര്‍ത്തി ആസാദ് എം.പി. താന്‍ ചെയ്ത കുറ്റമെന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കണം. സത്യസന്ധതയുടെ പേരിലാണ് തന്നെ ശിക്ഷിച്ചത്. ക്രിക്കറ്റ് ബോര്‍ഡിലെ അഴിമതിയാണ് താന്‍ പുറത്തുവിട്ടത്. ഡി.ഡി.സി.എ ആരോപണം എങ്ങനെ ബി.ജെ.പി വിഷയമാകുമെന്നും തന്റെ ആരോപണം ആവര്‍ത്തിച്ചുകൊണ്ട് ആസാദ് ആരാഞ്ഞു.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പേര് പരാമര്‍ശിക്കാതെയാണ് ആസാദ് ഇന്നും ആരോപണം ഉന്നയിച്ചത്. അതിനിടെ, കീര്‍ത്തി ആസാദിന് പിന്തുണയുമായി സുബ്രഹ്മണ്യം സ്വാമി അടക്കമുള്ള നേതാക്കളും രംഗത്തെത്തി. ആസാദിനെ പോലെ സത്യസന്ധനായ അംഗത്തെ ബി.ജെ.പി നഷ്ടപ്പെടുത്തരുതെന്ന് സ്വാമി പറഞ്ഞു. സസ്‌പെഷന്‍ നോട്ടീസിന് മറുപടി നല്‍കാന്‍ താന്‍ ആസാദിനെ സഹായിക്കും. അദ്ദേഹം ഇപ്പോഴും പാര്‍ട്ടി അംഗമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ സഹായിക്കാന്‍ തനിക്ക് കഴിയുമെന്നും സ്വാമി പറഞ്ഞു.
മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചതിനാണ് ബി.ജെ.പി എം.പി കീര്‍ത്തി ആസാദിനെ സസ്പെന്‍ഡ് ചെയ്തത്. പാര്‍ട്ടിയെയും സര്‍ക്കാറിന് നേതൃത്വം നല്‍കുന്നവരെയും ആക്ഷേപിച്ചെന്നാണ് ബി.ജെ.പി നേതൃത്വത്തിന്‍റെ കണ്ടെത്തല്‍. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ജെയ്റ്റ്ലിക്കെതിരായ തെളിവുകള്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ കീര്‍ത്തി ആസാദ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു. വിഷയം പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ഉന്നയിച്ചത് ഭരണ, പ്രതിപക്ഷ ബഹളത്തിന് വഴിവെക്കുകയും ചെയ്തു. ഇതാണ് ബി.ജെ.പി നേതൃത്വത്തെ പ്രകോപിപ്പിച്ചത്.