പകരത്തിന് പകരം … കണ്ണൂരിൽ വീണ്ടും കൊലപാതകം; പിണറായിയിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു.സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍

കണ്ണൂര്‍: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പിണറായി ടൗണിനുള്ളിലെ പെട്രോള്‍ ബങ്കിനു സമീപം ഇന്നു രാവിലെ നടന്ന ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകനായ കൊല്ലനാണ്ടി രമിത്താണ്(29) കൊല്ലപ്പെട്ടത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ് ഗുരുതര പരുക്കുകളുമായി തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ ബിജെപി ആഹ്വാനം ചെയ്തു.

വീണ്ടും ഒരു രാഷ്ട്രീയകൊലപാതകത്തിന് കൂടി കണ്ണൂര്‍ വേദിയാകുമ്പോള്‍ കേരളത്തില്‍ വീണ്ടും അക്രമരാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുകയാണ്.അക്രമരാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത്  നാളെ ബി.ജെ.പി ഹർത്താൽ പ്രഖ്യാപിച്ചതോടെ കണ്ണൂരിന്‍റെ അന്തരീക്ഷം വീണ്ടും കലുഷിതമാകുകയാണ്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.   തലയ്ക്ക് തല , കണ്ണിന് കണ്ണ് എന്ന റോമാസാമ്രാജ്യത്തിന്‍റെ നീതിയാണ് കണ്ണൂരില്‍ നടപ്പാകുന്നത്. ഇന്നലെ സി.പി.എം പ്രവര്‍ത്തകന്‍റെ  കൊലപാതകത്തിന് തൊട്ട് പിന്നാലെ ഇന്ന് ബിജെപി പ്രവര്‍ത്തകന്‍റെ കൊലപാതകം. അതും പട്ടാപകല്‍.കൂത്തുപറമ്പിൽ സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറി മോഹനനെ വെട്ടികൊലപ്പെടുത്തിയതിന് രണ്ടു ദിവസത്തിന് ശേഷമാണ് കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം അരങ്ങേറുന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

2002ല്‍ രമിത്തിന്റെ അച്ഛന്‍ ഉത്തമനെ സിപിഎം പ്രവര്‍ത്തകര്‍ ബസ്സില്‍ നിന്നു വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. അവിവാഹിതനാണ് കൊല്ലപ്പെട്ട രമിത്ത്. അമ്മ നാരായണി. സഹോദരി; രമിഷ. അക്രമത്തിനു പിന്നില്‍ സിപിഎമ്മാണെന്നു ബിജെപി നേതാക്കള്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം സിപിഎം പാതിരിയാട് ബ്രാഞ്ച് സെക്രട്ടറി കെ. മോഹനന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു സംഘര്‍ഷമുണ്ടായ കൂത്തുപറമ്പ് മേഖലയില്‍ ബിജെപി നേതാക്കളും ഒ.രാജഗോപാല്‍ എംഎല്‍എയും സന്ദര്‍ശനം നടത്തുന്നതിനിടെയാണു രമിത്തിനു നേരെ ആക്രമണമുണ്ടായത്. മൂന്നു ദിവസത്തിനിടെ രണ്ടു കൊലപാതകങ്ങളാണു മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മ്മടം മണ്ഡലത്തില്‍ നടന്നത്.

പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗവും കള്ളുഷാപ്പു തൊഴിലാളിയുമായ മോഹനന്‍ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ച് വാനിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനു പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചിരുന്നു.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു കൂത്തുപറമ്പില്‍ മൂന്നു ദിവസത്തേക്കു നിരോധനാജഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് ആറു മുതല്‍ 14നു വൈകിട്ട് ആറുവരെയാണു നിരോധനാജ്ഞ. ആയുധങ്ങള്‍, കല്ലുകള്‍, നശീകരണ വസ്തുക്കള്‍, അക്രമത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന മറ്റു വസ്തുക്കള്‍ എന്നിവ കൊണ്ടു പോകുന്നതും സൂക്ഷിക്കുന്നതും ശേഖരിക്കുന്നതും വിലക്കിയിട്ടുണ്ടെന്നു ജില്ലാ പൊലീസ് മേധാവി കെ.സഞ്ജയ് കുമാര്‍ ഗുരുഡിന്‍ അറിയിച്ചു.

Top