കൊല്ലം: കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട്ടില്‍ ബിജെപി – സിപിഎം സംഘര്‍ഷത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. റിട്ട. എഎസ്‌ഐ കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട് തെക്കടത്തുവീട്ടില്‍ രവീന്ദ്രന്‍പിള്ള (62) ആണ് മരിച്ചത്. ഇതേത്തുടര്‍ന്ന് ഞായറാഴ്ച ജില്ലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ ആറു വരെയാണു ഹര്‍ത്താല്‍.
രണ്ടാഴ്ച മുന്‍പ് കാഞ്ഞിരത്തുംമൂട്ടില്‍ ബിജെപി – സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ തലയ്ക്കു പരുക്കേറ്റ രവീന്ദ്രന്‍പിള്ള അന്നുമുതല്‍ ചികില്‍സയിലായിരുന്നു. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന രവീന്ദ്രന്‍പിള്ള അടുത്തിടെയാണു ബിജെപിയില്‍ ചേര്‍ന്നത്. രവീന്ദ്രന്‍പിള്ളയോടൊപ്പം പ്രദേശത്തെ ചില സിപിഎം പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതേച്ചൊല്ലിയുള്ള പ്രശ്‌നങ്ങളാണു സംഘര്‍ഷത്തില്‍ കലാശിച്ചത്.