
നീലേശ്വരം: ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ ഉദ്ഘാടനം ചെയ്ത ജനരക്ഷാ യാത്രയിൽ പങ്കെടുക്കാൻ ബിജെപി പ്രവർത്തകർ സഞ്ചരിച്ച ബസുകൾക്ക് നേരെ കല്ലേറ്. ആക്രമത്തിൽ പത്തോളം ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10 ന് നീലേശ്വരം പള്ളിക്കരയിലാണ് സംഭവം.പി.കരുണാകരൻ എംപിയുടെ വീടിനു സമീപത്തുവച്ചു ബിജെപി പ്രവർത്തകർ സഞ്ചരിച്ച ബസ് സിപിഎം പ്രവർത്തകർ തടയുകയും പിന്നീട് കല്ലേറ് നടത്തിയെന്നുമാണ് ബിജെപി നേതൃത്വം ആരോപിക്കുന്നത്. വിവരമറിഞ്ഞ് ബിജെപി ജില്ലാ പ്രസിഡന്റ്് കെ.ശ്രീകാന്ത് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തുകയും പോലീസ് സംരക്ഷണം നൽകാത്തതിൽ പ്രതിഷേധിച്ച് റോഡിൽ കുത്തിയിരിക്കുകയും ചെയ്തു.
ഇതേത്തുടർന്ന് ഏറെ നേരം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. പിന്നീട് പോലീസുമായി നടത്തിയ ചർച്ചയെ തുടർന്ന് ബിജെപി പ്രവർത്തകർ ഉപരോധം അവസാനിപ്പിച്ചു പയ്യന്നൂരിലേക്ക് പുറപ്പെടുകയായിരുന്നു. പരിപാടി കഴിഞ്ഞു മടങ്ങുന്പോൾ സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രി കൊടിതോരണങ്ങൾ കെട്ടുകയായിരുന്ന മൂന്ന് ബിജെപി പ്രവർത്തകരെ സിപിഎം പ്രവർത്തകർ നീലേശ്വരത്ത് വച്ച് ആക്രമിച്ചതായി പരാതിയുയർന്നിരുന്നു. തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി വിജയകുമാർ, നീലേശ്വരം മുനിസിപ്പൽ പ്രസിഡന്റ് സുകുമാരൻ, ബിഎംഎസ് മേഖലാ പ്രസിഡന്റ് പി കൃഷ്ണകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ പ്രവർത്തകരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ മാവുങ്കാൽ ആശുപത്രിയിലെത്തി സന്ദർശിച്ചു. സംഘർഷമുണ്ടായ വിവരമറിഞ്ഞ് ഹൊസ്ദുർഗ് സിഐ സി.കെ.സുനിൽകുമാറിന്റെ നേതൃത്വത്തിലെത്തിയാണ് രംഗം ശാന്തമാക്കിയത്.