സ്വന്തം ലേഖകൻ
ടെക്‌സസ്: ടെക്‌സസ് പേജന്റ് യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച മിസ് ബ്ലാക്ക് യൂണിവേഴ്‌സിറ്റി മത്സരം വിവാദത്തിൽ. മത്സരത്തിലെ വിജയിയായി തിരഞ്ഞെടുക്കപ്പെട്ട റേച്ചൽ മാലോൺസൺ (22) വെളുത്ത സുന്ദരിയാണെന്ന വാദമാണ് വിവാദത്തിനിടയായിരിക്കുന്നത്. അഫ്രിക്കൻ അമേരിക്കക്കാർക്കു വേണ്ടിയുള്ള മത്സരത്തിൽ പങ്കെടുത്ത റേച്ചൽ മാലോൺസൺ ആഫ്രക്കൻ അമേരിക്കക്കാരിയാണോ എന്ന വിവാദമാണ് ഇപ്പോൾ കൊഴുക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മത്സരം. ടെക്‌സസിലെ ബ്ലാക്ക് ഫെറ്റേർണിറ്റിയുടെ കപ്പാ ആൽഫാ പിഎസ്‌ഐ ആണ് വർഷങ്ങളായി ചരിത്ര പ്രാധാന്യമുള്ള മത്സരം നടത്തിവരുന്നത്. മാൽസണിന്റെ വിജയം പ്രഖ്യാപിച്ചപ്പോൾ മുതൽ വിവിധ സ്ഥലങ്ങളിൽ നിന്നു ഇവർക്കെതിരായ വിമർശനങ്ങളും ആരംഭിച്ചിരുന്നു. ഇവരുടെ സ്‌കിൻ എത്ര കറുത്തതാണ് എന്ന ചോദ്യമാണ് പലഘട്ടങ്ങളിൽ നിന്നും ഉയർന്നത്.
റേച്ചലിന്റെ പിതാവ് അഫ്രിക്കൻ വംശജനും, മാതാവ് അമേരിക്കക്കാരിയുമാണ്. അതുകൊണ്ടാണ് റേച്ചലിനെ മത്സരത്തിൽ പങ്കെടുപ്പിച്ചതെന്നാണ് ഇപ്പോൾ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, അച്ഛൻ കറുത്ത വർഗക്കാരനാണെങ്കിലും റേച്ചലിന്റെ നിറം വെളുപ്പാണെന്നും, അതുകൊണ്ടു തന്നെ മിസ് ബ്ലാക്ക് പട്ടം നൽകാനാവില്ലെന്നുമാണ് വിമർശകരുടെ ആരോപണം. ട്വിറ്ററിൽ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചപ്പോൾ തന്നെ വിമർശകരും രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.