സ്‌പോട്‌സ് ഡെസ്‌ക്
യോഗ്യതാ റൗണ്ടിൽ ഹോളണ്ടിനെയും ചെക്ക് റിപ്പബ്ലിക്കിനെയും തോൽപ്പിച്ച തുർക്കി യൂറോ കപ്പ് ഫുട്‌ബോളിൽ അട്ടിമറികൾ നടത്തിയാൽ അദ്ഭുതപ്പെടാനില്ല. ഗ്രൂപ്പ് എയിൽനിന്ന് 10 കളികളിൽ അഞ്ച് ജയവും മൂന്ന് സമനിലയും അടക്കം 18 പോയിന്റുമായി എ ഗ്രൂപ്പിൽനിന്നു മൂന്നാംസ്ഥാനക്കാരായാണ് തുർക്കി പാരീസിലേക്കുള്ള ടിക്കറ്റെടുത്തത്. ആക്രമണത്തെക്കാൾ പ്രതിരോധമാണ് തുർക്കിക്കു കരുത്ത്.
യോഗ്യതാ റൗണ്ടിൽ ആകെ 14 ഗോളുകൾ അടിച്ച തുർക്കി ഒൻപത് ഗോളുകൾ വഴങ്ങി. ആദ്യ മത്സരങ്ങളിലെ ഗോളടി മികവ് അവസാനം വരെ തുടരാത്തതിനാലാണു തുർക്കിക്കാർ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത്. പരിചയ സമ്പന്നായ കോച്ച് ഫാതാ ടെറിം പത്ത് സ്‌ട്രൈക്കർമാരെയാണു പരീക്ഷിച്ചു നോക്കിയത്. ആറ് മത്സരങ്ങളിൽനിന്ന് നാല് ഗോളടിച്ച ബുറാക് യിൽമാൻസ് ടെറിമിന്റെ പ്രതീക്ഷ കാത്തു. ഗോളടി മികവ് കാട്ടിയില്ലെങ്കിലും കോളാൻ കാസിം റിച്ചാഡ്‌സ്, ഉമുത് ബുലുട്ട് എന്നിവരും ടെറിമിന്റെ പ്രീതിക്കു പാത്രമായി. കഴിഞ്ഞ ദിവസമാണ് ഫാതാ ടെറിം 31 അംഗ താൽകാലിക ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേ ഇന്നും മോണ്ടിനെഗ്രോയ്‌ക്കെതിരേ 29 നും സ്ലോവേനിയയ്‌ക്കെതിരേ ജൂൺ അഞ്ചിനും നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ടീമും ഇതാണ്.
ഡെൻമാർക്കിന്റെ നോർസെലാഡിനു വേണ്ടി കളിക്കുന്ന കൗമാര താരം എംറെ മൂർ, മെവ്‌ലറ്റ് എർഡിങ്ക് എന്നിവരാണു തുർക്കിയിലെ പുതുമുഖങ്ങൾ. ഐസ്ലാൻഡിനെതിരേ നടന്ന യോഗ്യതാ റൗണ്ട് മത്സരത്തിനിടെ ചുവപ്പ് കാർഡ് വാങ്ങി പുറത്തായ വിങർ ഗോഖൻ തോറെ ടീമിലുണ്ട്. യൂറോയിൽ ക്ര?യേഷ്യ, സ്‌പെയിൻ ടീമുകൾക്കെതിരേയുള്ള ഡി ഗ്രൂപ്പ് മത്സരങ്ങളിൽ ഗോഖൻ തോറെയ്ക്കു കളിക്കാനാകില്ല. സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ മധ്യനിരക്കാരൻ ആദ്ര ടുറാനാണു തുർക്കിയിലെ ഏറ്റവും വിലപിടിപ്പുള്ള ഫുട്‌ബോളർ. 12ാം വയസിൽ ഗളേസത്‌റെയ്ക്കു വേണ്ടി പന്ത് തട്ടിത്തുടങ്ങിയ ടുറാൻ തുർക്കിക്കു വേണ്ടി ഇതുവരെ 80 തവണ കളിച്ചു. 200405 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരേ ഹാട്രിക്ക് നേടിയ ഫെനർബാഷെ ഫോർവേഡ് ടുൺകായ് സാൻലിയുടെ പരിചയ സമ്പത്തും വേറിട്ടതാണ്. ഇംഗ്ലണ്ട്, ജർമനി, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ ലീഗുകളിൽ കളിച്ച സാൻലി ഇന്ത്യൻ സൂപ്പർ ലീഗിൽ പുനെ സിറ്റിയുടെ പ്രമുഖ താരമാണ്. ഇതുവരെ 22 രാജ്യാന്തര ഗോളുകൾ നേടി.
2008 ലെ യൂറോ കപ്പിൽ ചെക്ക് റിപ്പബ്ലിക്കിനെതിരേ ഗോൾ കീപ്പറായ ചരിത്രവും സാൻലിക്കുണ്ട്. ചെക്ക് റിപ്പബ്ലിക്കിനെതിരേ നടന്ന മത്സരത്തിൽ വോൾക്കൻ ഡാമിറേൽ ചുവപ്പ് കാർഡ് കണ്ടു പുറത്തായതിനെ തുടർന്നാണു സാനിൽ ഗ്ലൗസ് അണിഞ്ഞത്. അതേ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഹാമിത് ആൾട്ടിൻടോപ് ഫോം തുടരുന്നത് ഫാതാ ടെറിമിന് ആശ്വസിക്കാനുള്ള വക നൽകുന്നു. 2008 യൂറോയിൽ സെമി ഫൈനൽ വരെയെത്തിയ തുർക്കിക്ക് 2012 ൽ യോഗ്യത നേടാനായില്ല. യൂറോ കപ്പിൽ ആകെ 122 മത്സരങ്ങൾ കളിച്ച ടീം 47 കളികളിലാണു ജയിച്ചത്. 46 കളികളിൽ തോൽവിയറിഞ്ഞു.