പതിനാറ് കൊല്ലം കൊണ്ട് കേരളത്തിലെത്തിയത് 18,000 കോടിയുടെ കള്ളനോട്ടുകള്‍; മോദിയുടെ നീക്കത്തില്‍ വെള്ളം കുടിക്കുന്നത് കേരളത്തിലെ നോട്ടുമാഫിയ

കോഴിക്കോട്: നോട്ടുകളുടെ നിരോധനം ഏറ്റവും കൂടുതല്‍ തിരിച്ചടിയാവുക കേരളത്തിന്നെ് റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ പ്രത്യേകിച്ച മലബാര്‍ മേഖലയില്‍ കുഴല്‍പ്പണ മാഫിയ അത്രയ്ക്ക് പിടിമുറുക്കിയിട്ടുണ്ട്. വന്‍തോതില്‍ കള്ളപ്പണം കേരളത്തില്‍ എത്തുന്നുണ്ട്. ഇങ്ങനെ എത്തുന്ന പണം നിര്‍മ്മാണ മേഖലയിലേക്കാണ് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. രാജ്യത്തെ കൊള്ളയടിക്കുന്ന ഈ മാഫിയക്കെതിരെ ശക്തമായി നടപടി തന്നെയാണ് നരേന്ദ്ര മോദിയില്‍ നിന്നും ഉണ്ടായത്. അതുകൊണ്ട് കേരളത്തിന്റെ വിപണിയെ തന്നെയാകും ഈ നീക്കം സാരമായി ബാധിക്കുകയും ചെയ്യുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ അവലോകന റിപ്പോര്‍ട്ടുപ്രകാരം 1990 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ കേരളത്തിലെത്തിയത് 16,800 കോടി രൂപയുടെ കള്ളനോട്ടാണ്. ഹവാല ഇടപാടുകള്‍ വഴിയാണ് കേരളത്തില്‍ കള്ളനോട്ട് എത്തുന്നത്. ഇതില്‍ ആയിരംകോടിയില്‍ത്താഴെ മാത്രമാണ് വിവിധ എജന്‍സികളും ബാങ്കുകളും വഴി വീണ്ടെടുക്കാനായത്. ശേഷിക്കുന്ന 15,000 കോടിയില്‍പരം രൂപയുടെ കള്ളനോട്ടുകള്‍ വിവിധ ഇടപാടുകളിലൂടെ സംസ്ഥാനത്ത് പ്രചരിക്കുന്നു.

സ്വര്‍ണവ്യാപാരം, റിയല്‍ എസ്റ്റേറ്റ് എന്നിവയിലൂടെയാണ് ഇത്രയും പണം കൈമറിയുന്നത്. നോട്ടിരട്ടിപ്പുസംഘങ്ങളും സജീവമാണ്. ഗള്‍ഫില്‍ നിന്നും പ്രവാസികള്‍ ഇടുന്ന പണം കേരളത്തില്‍ എത്തുന്നതും ഇത്തരത്തില്‍ നോട്ടിരട്ടിപ്പ് വഴിയാണ്. 2005നു മുന്‍പുള്ള നോട്ടുകള്‍ പിന്‍വലിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുവഴി 3000 കോടിയിലേറെ രൂപയുടെ നോട്ടുകള്‍ വിപണിയില്‍നിന്ന് അപ്രത്യക്ഷമായി. പ്രാദേശികമായി നിര്‍മ്മിച്ചതും പെട്ടെന്നു തിരിച്ചറിയാന്‍കഴിയുന്നതുമായിരുന്നു പഴയ കള്ളനോട്ടുകളെങ്കില്‍ 1998നുശേഷം പാക്കിസ്ഥാന്‍നിര്‍മ്മിത കള്ളനോട്ടുകളാണ് സംസ്ഥാനത്ത് വ്യാപകമായത്. ദുബായ്, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ എത്തിച്ചശേഷമാണ് ഇവ കേരളത്തിലേക്ക് കടത്തിയത്.

1000, 500 മൂല്യത്തിലുള്ള നോട്ടുകളാണ് സംഘം പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഇവ നിരോധിക്കപ്പെട്ടതോടെ കള്ളനോട്ടുകളുടെ വ്യാപനം കണിശമായും നിയന്ത്രിക്കപ്പെടും. ബാങ്കുകള്‍വഴിമാത്രമേ നോട്ടുകള്‍ മാറ്റാനാവൂ എന്നതിനാല്‍ ഇവ ഉറവിടത്തില്‍ത്തന്നെ നശിപ്പിക്കപ്പെടാനാണ് സാധ്യത. വന്മാഫിയകളില്‍നിന്ന് സ്ഥലവില്പനയിലൂടെയും മറ്റും ഇത്തരം നോട്ടുകള്‍ സ്വീകരിച്ച സാധാരണക്കാര്‍ക്ക് വന്‍ തിരിച്ചടിയാവും നോട്ടുകളുടെ പിന്‍വലിക്കല്‍. കള്ളനോട്ടാണെന്ന് അറിയാതെ ബാങ്കില്‍ മാറ്റാനെത്തിയാല്‍ ഇവര്‍ കുടുങ്ങുമെന്ന ആശങ്കയുമുണ്ട്. അതുകൊണ്ട് തന്നെ ബദല്‍ മാര്‍ഗ്ഗങ്ങളും ഇവര്‍ ആലോചിച്ചു തുടങ്ങി.

. മോട്ടോര്‍ ബൈക്കുകളില്‍ പണമടങ്ങിയ ബാഗുമായി സഞ്ചരിക്കുന്ന ന്യൂജെന്‍ യുവാക്കള്‍ കൃത്യനിഷ്ഠയോടെ ഏതു പ്രവാസിയുടെ വീട്ടിലും പണം എത്തിക്കുന്നതായിരുന്നു പതിവ്. വയോധികര്‍ താമസിക്കുന്ന വീടുകളില്‍ ബസ്സിലും മറ്റും സഞ്ചരിച്ചെത്തുന്ന മദ്ധ്യവയസ്‌ക്കരായ ഒരു കൂട്ടം പേരും ഇതിലെ കണ്ണികളാണ്. കണ്ടാല്‍ തിരിച്ചറിയാത്ത രീതിയില്‍ സാധാരണക്കാരുടെ വേഷത്തില്‍ മുണ്ടിനൊപ്പമുള്ള ബെല്‍ട്ടില്‍ പണം തിരുകിയാണ് ഇത്തരം ഇടപാടുകള്‍ മധ്യവയസ്‌ക്കര്‍ നടത്തുന്നത്. എന്നാല്‍ പുതിയ തലമുറയിലെ ബൈക്കുകാരോടാണ് ഇടപാടിലെ മുഖ്യകണ്ണികള്‍ക്ക് പ്രിയം. അനധികൃതമായ ഈ ഇടപാടിന്റെ രീതി ഇങ്ങനെ. ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന മലയാളികളാണ് കുഴല്‍പണ ഇടപാടുകള്‍ കൊഴുപ്പിക്കുന്നത്.

ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍നിന്നും ദിനാര്‍, ദിര്‍ഹം എന്നീ പേരുകളിലറിയപ്പെടുന്ന പണം നാട്ടിലെ ബന്ധുക്കള്‍ക്കെത്തിക്കാനാണ് ഇത്തരം മധ്യവര്‍ത്തികളെ തേടുന്നത്. ജോലി ചെയ്യുന്നവരെത്തേടി ഇത്തരം അനധികൃത ഇടപാടുകാരുടെ ഏജന്റുമാര്‍ ജോലിസ്ഥലത്തോ വാസസ്ഥലത്തോ എത്തും. നാട്ടിലെത്തിക്കാനുള്ള പണത്തിന് അവിടത്തെ ദിനാറോ ദിര്‍ഹമോ നല്‍കിയാല്‍ ചിലപ്പോള്‍ അതിനേക്കാള്‍ കൂടുതലോ തുല്യ സംഖ്യക്കുള്ള രൂപയോ നാട്ടിലെത്തിക്കും. അവര്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ പതിവായി കൃത്യനിഷ്ഠയോടെ ബന്ധുക്കള്‍ക്ക് പണം എത്തിക്കുന്നതിനാലാണ് ഗള്‍ഫ് ജോലിക്കാര്‍ ഈ വഴി സ്വീകരിക്കുന്നത്.
മാത്രമല്ല അവിടത്തെ ബാങ്കുകള്‍ വഴിയോ മണിട്രാന്‍സ്ഫര്‍ സ്ഥാപനങ്ങള്‍ വഴിയോ പണമയയ്ക്കാന്‍ അവധിയെടുക്കേണ്ട കാര്യവുമില്ല. ഔദ്യോഗികമായി അയയ്ക്കാനുള്ള ചിലവും ഈ ഇടപാടിലില്ല. ഇത് മാത്രമല്ല രേഖകളില്ലാതെ നാട്ടില്‍ പണമെത്തിക്കുക എന്ന താത്പര്യമാണ് പ്രവാസികളില്‍ ഏറെപ്പേര്‍ക്കും കുഴല്‍പണത്തോടുള്ളത്. എന്നാല്‍ ഈ ഇടപാടുകള്‍ക്ക് പുതിയ കറന്‍സി റദ്ദാക്കലിലൂടെ തടയിടുമോ എന്നാണ് ഇത്തരക്കാര്‍ക്കുള്ള ആശങ്ക.

ഈ മാസം ഇതുവരെയായി മലബാറിലെ നാലു ജില്ലകളില്‍ മാത്രം ഒമ്പതു കോടിയോളം രൂപയുടെ കുഴല്‍പണം ഇടപാട് നടന്നിട്ടുണ്ടെന്നാണ് സൂചന. ഈ മാസം പൂര്‍ത്തിയാകുമ്പോള്‍ ഇതിന്റെ മൂന്നോ നാലോ ഇരട്ടി ഇടപാടുകള്‍ നടക്കേണ്ടതാണ്. അതിനിടെയാണ് അഞ്ഞുറ്, ആയിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതായുള്ള പ്രഖ്യാപനം പുറത്തുവന്നത്. വന്‍തോതില്‍ കള്ളപ്പണം കയ്യില്‍ വെക്കുന്നവരാണ് ഇത്തരം ഇടപാടിന്റെ മുഖ്യകേന്ദ്രം. ചില ജൂവലറികള്‍ കേന്ദ്രീകരിച്ചും സാനിട്ടറി വില്‍പ്പന സ്ഥാപനങ്ങള്‍ വഴിയും കുഴല്‍പണം ഇടപാട് നടക്കുന്നുണ്ടെന്നാണ് സൂചന.

Top