ന്യൂഡല്‍ഹി: പനാമ രേഖകളില്‍ വീണ്ടും മലയാളി. തിരുവനന്തപുരം സ്വദേശിയായ ഭാസ്‌കരനാണ് കള്ളപ്പണ പട്ടികയ പുതിയ മലയാളി, റഷ്യന്‍ കമ്പനിയായ എസ്‌വിഎസ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ പേരിലാണ് ഭാസ്‌ക്കരന്‍ എന്ന പേര് പരാമര്‍ശ വിധേയമാക്കിയിരിക്കുന്നത്.
ഡയറക്ടര്‍മാര്‍ റഷ്യക്കാരായ കമ്പനിയുടെ പവര്‍ ഓഫ് അറ്റോര്‍ണി ഇദ്ദേഹത്തിന്റെ പേരിലാണെന്നും ഡയറക്ടര്‍ബോര്‍ഡ് യോഗം ഇയാളുടെ കേരളത്തിലെ വീട്ടില്‍ ചേര്‍ന്നതായുമാണ് വിവരം. രേഖകളില്‍ വരുന്ന മൂന്നാമത്തെ മലയാളിയാണ് ഭാസ്‌ക്കരന്‍. നേരത്തേ തിരുവനന്തപുരം സ്വദേശി ജോര്‍ജ്ജ് മാത്യൂവിന്റെയും റാന്നിക്കാരന്‍ പരമേശ്വരന്‍ നായരുടേയും പേരുകള്‍ പുറത്തുവന്നിരുന്നു.
പനാമ പേപ്പറുകള്‍ പുറത്തുവന്നതോടെ സമ്പന്നരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യാക്കാരുടെ നിക്ഷേപം സംബന്ധിച്ച വിശദമായ അന്വേഷണം നടത്തുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ രഘുറാംരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആദായനികുതി ഉദ്യോഗസ്ഥര്‍ പരമേശ്വരന്‍ നായരുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. അന്വേഷണത്തോട് സഹകരിക്കുമെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.