കൊച്ചി: ഏവരെയും ഭയപ്പെടുത്തി കൊച്ചിയിലെ വീടുകളില്‍ സ്റ്റിക്കറുകള്‍ പ്രത്യേക്ഷപ്പെട്ട സംഭവത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. മോഷണ സംഘങ്ങള്‍ കണ്ട് വയ്ക്കുന്ന വീടുകളെയാണ് കറുത്ത സ്റ്റിക്കര്‍ പതിക്കുന്നത് എന്നായിരുന്നു പ്രചരണം. വന്‍ വാര്‍ത്താ പ്രാധാന്യം നേടിയ പ്രശ്‌നത്തില്‍ പൊലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം ആരംഭിച്ച് ഒരു മണിക്കൂര്‍ തികയും മുന്‍പേ പ്രതികള്‍ കുറ്റസമ്മതം നടത്തിയതാണ് പൊലീസിനെ ഞെട്ടിച്ചത്.
ഇതര സംസ്ഥാന തൊഴിലാളികളായ വന്‍ സംഘങ്ങള്‍ മോഷണം നടത്തുന്നുവെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഏരൂരില്‍ കഴിഞ്ഞ ഡിസംബറില്‍ വീട്ടുകാരെ കെട്ടിയിട്ട് 54 പവന്‍ കവര്‍ന്ന സംഭവവും ഉണ്ടായി. ഇതിനു പിന്നാലെയാണ് ലേബര്‍ ജംങ്ഷന്‍, സുവര്‍ണ നഗര്‍, പിഷാരടി കോവില്‍ റോഡ് എന്നിവിടങ്ങളില്‍ മൂന്ന് വീടുകളിലെ ജനലില്‍ സ്റ്റിക്കറുകള്‍ പതിച്ചതായി കണ്ടെത്തിയത്.
സ്റ്റിക്കറുകള്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിലും മോഷ്ടാക്കളാവുമെന്നാണ് ആദ്യം കരുതിയത്. സംഭവം ഏഷ്യാനെറ്റ് ന്യൂസില്‍ വാര്‍ത്തയാവുകയും വീട്ടുകാരെല്ലാം പൊലീസിനെ സമീപിക്കുകയും ചെയ്തതോടെയാണ് സംഭവത്തില്‍ ട്വിസ്റ്റ് ഉണ്ടായത്.
തൃപ്പൂണിത്തുറ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കുന്ന സ്ഥാപനം തങ്ങളുടെ പ്രചാരത്തിനായി ഉപയോഗിച്ചതായിരുന്നു ഈ വഴി. ആദ്യം സ്റ്റിക്കറുകള്‍ പതിച്ച ശേഷം ഇവിടങ്ങളില്‍ എത്തി വീട്ടുകാരെ ബോധവത്കരിച്ച് സിസിടിവി ക്യാമറകളുടെ ആവശ്യകത ബോധ്യപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
‘സ്റ്റിക്കര്‍ പതിപ്പിച്ചതിനുപിന്നില്‍ മോഷണം ശ്രമം ആയിരുന്നില്ല. ഏരൂരിലെ മോഷണകേസുമായി അതിന് യാതൊരു ബന്ധവുമില്ലായിരുന്നു. കേസ് റജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ തൃപ്പൂണിത്തുറയിലെ ഒരു സിസിടിവി സ്ഥാപന മേധാവി വീട്ടുകാരെ കണ്ട് കാര്യം പറഞ്ഞു. അവര്‍ പരാതി പിന്‍വലിക്കുകയും ചെയ്തു’, തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. സംഭവം വിവാദമായതോടെ സിസിടിവി സ്ഥാപനത്തിന്റെ പ്രതിനിധികള്‍ മൂന്ന് വീട്ടുകാരെയും നേരില്‍ കണ്ട് കാര്യം പറയുകയായിരുന്നു.
സംഭവം പുറത്തായതോടെ സിസിടിവി സ്ഥാപന ഉടമകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം മേലില്‍ ഇത്തരം യാതൊരു പ്രവൃത്തിയും ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയാണ് വിട്ടത്.