മലപ്പുറം: സ്ത്രീകളെ ഒപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് പണം തട്ടുന്ന സംഘം അറസ്റ്റില്‍.
ബ്ലാക്ക് മെയില്‍ സംഘത്തിലെ പിതാവും മകനും ഉള്‍പ്പടെയുള്ള മൂന്നുപേരെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഭൂമി വാങ്ങാനെന്ന വ്യാജേനയെത്തിയാണ് ഇവര്‍ സ്ത്രീക്കൊപ്പം നിര്‍ത്തി ഫോട്ടെയെടുത്ത് ബ്ലാക്ക്‌മെയില്‍ നടത്തിയിരുന്നത്. സമാനമായ നിരവധി കേസുകളിലെ സംഘാംഗങ്ങളാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
തൃപ്രങ്ങോട് പെരുന്തല്ലൂര്‍ തേക്കടത്ത് ഹംസ(59), മകന്‍ അസിഫ് (26),സുഹൃത്ത് ബിപി അങ്ങാടി എടപ്പയില്‍ ബഷീര്‍ (40) എന്നിവരെയാണ് തിരൂര്‍ സി.ഐ എം.കെ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ആവശ്യപ്പെട്ട തുക നല്‍കാനെന്നു പറഞ്ഞു വിളിച്ചു വരുത്തിയതനുസരിച്ചെത്തിയ മൂന്നു പേരെയും പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു.
ഭൂമി കച്ചവടക്കാരനായ സൈതാലിക്കുട്ടിയെ പ്രതി ഹംസ, ബഷീര്‍ എന്നിവര്‍ പരിചയപ്പെടുകയും ഭൂമി ഇടപാട് നടത്താനെന്ന പേരില്‍ വസ്തു കാണിക്കുകയും ചെയ്തു. ആനക്കര കുമ്പിടിയിലുള്ള വില്‍ക്കാനുള്ള ഭൂമി സൈതാലിയെ കാണിച്ച ശേഷം എഗ്രിമെന്റ് ഉറപ്പിക്കാനായി പ്രതികളിലൊരാളായ ഹംസയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി. സൈതാലി വീട്ടിനുള്ളിലേക്കു കയറിയ ശേഷം ഹംസ ഫോണില്‍ സംസാരിച്ച് പുറത്തിറങ്ങുകയും മറ്റു രണ്ടു പേര്‍ കതക് അടയ്ക്കുകയും ചെയ്തു. ഈ സമയം പ്രതികളില്‍പ്പെട്ട സ്ത്രീ ഈ വീട്ടിനുള്ളിലുണ്ടായിരുന്നു.
സ്ത്രീ ആര്‍ദ്ധ നഗ്നയായി സൈതാലിക്കൊപ്പം നില്‍ക്കുകയും കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ ഉടനെ ഇത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നു പറഞ്ഞു പരത്തുമെന്നും എടുത്ത ഫോട്ടോ പ്രചരിപ്പിക്കുമെന്നും ഇവര്‍ സംഘം ചേര്‍ന്നു ഭീഷണിപ്പെടുത്തി. അഞ്ച് ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ഇവരുടെ ഡിമാന്റ്.
സൈതാലിയുടെ കൈവശമുണ്ടായിരുന്ന പതിനായിരം രൂപയും ഐഡന്റിറ്റി കാര്‍ഡും സംഘം വാങ്ങിവച്ചിരുന്നു. ബാക്കി തുക നല്‍കാമെന്ന് ഉറപ്പ് പറഞ്ഞപ്പോയായിരുന്നു സൈതാലിയെ സംഘം വിട്ടത്. ഇവിടെ നിന്നും രക്ഷപ്പെട്ട ശേഷം സൈതാലിക്കുട്ടി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പരാതിക്കാരനെ ഉപയോഗിച്ച് പൊലീസ് പ്രതികളെ പിന്തുടരുകയും വലവിരിച്ച് പിടികൂടുകയുമായിരുന്നു. ബ്ലാക്ക്‌മെയില്‍ സംഘത്തിലെ യുവതിയും മറ്റൊരാളും ഇനി പിടികൂടാനുണ്ട്.