പനജി: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കഷ്ടകാലം തീരുന്നില്ല. വിജയം അനിവാര്യമായ മത്സരത്തില്‍ അവസാന നിമിഷം വഴങ്ങിയ ഗോളില്‍ എഫ്‌സി ഗോവയോട് ബ്ലാസ്റ്റേഴ്‌സ് തോറ്റു മടങ്ങി. ആദ്യം ലീഡെടുത്തിട്ടും ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. ഐഎസ്എല്‍ രണ്ടാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്.
ആദ്യ പകുതിയുടെ 24ാം മിനിട്ടില്‍ മലയാളി താരം മുഹമ്മദ് റാഫിയുടെ ഗോളിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‌സിനെതിരെ 45ാം മിനിട്ടില്‍ ലിയോ മൗറയയിലൂടെ ഗോവ സമനില പിടിച്ചു. മുന്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആക്രമണത്തില്‍ ബ്ലാസ്റ്റേഴ്‌സിനായിരുന്നു മുന്‍തൂക്കം. പന്തടക്കത്തില്‍ ആധിപത്യവും. എന്നാല്‍ മുന്നേറ്റനിരയുടെ പിഴവുകളും നിര്‍ഭാഗ്യവും ബ്ലാസ്റ്റേഴ്‌സിന്റെ ഗോളിലേക്കുള്ള വഴിയടച്ചു. രണ്ടാം പകുതിയുടെ അവസാനം റാഫിക്കു പകരം വിനീതിനെ ഇറക്കിയെങ്കിലും വിജയഗോള്‍ പിറന്നില്ല. എന്നിട്ടും സമനിലവിടാതെ കളിച്ച ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് എണ്‍പത്തിനാലാം മിനിട്ടില്‍ ക്യാപ്റ്റന്‍ അര്‍നോളിന്‍ ഗ്രിഗറിയിലൂടെ ഗോവ മുന്നിലെത്തി. കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ഗോവയുടെ രണ്ട് ഗോളുകളും.
ഇഞ്ചുറിടൈമില്‍ ലഭിച്ച സുവര്‍ണാവസരം സന്തോഷ് ജിംഗാന്‍ പുറത്തേക്ക് ഹെഡ് ചെയ്ത് പാഴാക്കിയതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പതനം പൂര്‍ത്തിയായി. ജയത്തോടെ 10 പോയന്റുമായി എഫ്‌സി ഗോവ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ നാലു പോയന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്തേക്ക് വീണു.