കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരിശീലക സ്ഥാനത്ത് നിന്നു പീറ്റര്‍ ടെയ്‌ലര്‍ രാജി വച്ചു. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് രാജി. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് പീറ്റര്‍ ടെയ്‌ലര്‍ രാജി വച്ചിരിക്കുന്നത്. രാജി സന്നദ്ധത ടീം മാനേജ്‌മെന്റിനെ ടെയ്‌ലര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ എല്ലാം ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു.
മുന്‍സ്‌റ്റേഴ്‌സിന്റെ പരിശീലകനായ ട്രെവര്‍ മോര്‍ഗന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കും. നിലവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സഹ പരിശീലകനാണ് മോര്‍ഗന്‍. പരസ്പര ധാരണ പ്രകാരമുള്ള മാറ്റമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. ആദ്യ മത്സരത്തിലെ ഉജ്ജ്വല വിജയത്തിന് ശേഷം ഒരു ജയം പോലും സ്വന്തമാക്കാന്‍ ടെയ്‌ലറി?ന്റെ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിരുന്നില്ല. തുടര്‍ച്ചയായ നാല് ?തോല്‍വിയാണ് ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്.
ഇംഗ്ലണ്ടിന്റെ മുന്‍ ദേശീയ താരമായിരുന്ന പീറ്റര്‍ ടെയ്‌ലര്‍ ഈ സീസണിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായി ചുമതലയേറ്റത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വിവിധ ക്ലബ്ബകളുടെയും ബഹ്‌റൈന്‍ ദേശീയ ടീമിന്റെയും മുന്‍ പരിശീലകന്‍ കൂടിയായിരുന്നു പീറ്റര്‍ ടെയ്‌ലര്‍. 2013ല്‍ ഇംഗ്ലണ്ട് അണ്ടര്‍20 ടീമിന്റെ പരിശീലകനായിരുന്നു. 1976ല്‍ ഇംഗ്ലണ്ടിനുവേണ്ടി നാലു മത്സരങ്ങള്‍ കളിച്ചു.
നടുക്കടലില്‍ നില്‍ക്കെയാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ കോച്ച് പീറ്റര്‍ ടെയ്‌ലര്‍ കൈവിടുന്നത്. അതും, ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ചെന്നൈയിന്‍ എഫ്.സിയുമായുള്ള മത്സരം നടക്കാനിരിക്കെ. ഒട്ടും സുഖമുള്ള സാഹചര്യത്തിലൂടെയല്ല ടീം കടന്നുപോകുന്നത്. എങ്കിലും ടെയ്‌ലര്‍ക്ക് പകരം ട്രെവര്‍ മോര്‍ഗന്‍ വരുന്നെന്നത് ബ്ലാസ്റ്റേഴ്‌സിന് ഗുണകരമാകാനാണ് സാധ്യത.
ട്രെവര്‍ മോര്‍ഗന് ബ്ലാസ്റ്റേഴ്‌സിനൊപ്പം ഇത് രണ്ടാം സീസണാണ്. കഴിഞ്ഞ സീസണില്‍ മുന്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ഡേവിഡ് ജെയിംസ് മാര്‍ക്വീ താരത്തിനൊപ്പം കോച്ചിന്റെ ചുമതലകൂടി നിര്‍വഹിച്ചിരുന്നു. യഥാര്‍ഥത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ ടീമാക്കി മാറ്റിയത് മോര്‍ഗനാണെന്ന് ആദ്യസീസണില്‍ കളിച്ച പലരും പിന്നീട് തുറന്നുപറഞ്ഞിരുന്നു.
ഇപ്പോഴത്തെ ഐ.എസ്.എല്‍. പരിശീലകരില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ കഴിവും കരുത്തും ഏറ്റവും നന്നായി അറിയാവുന്നയാള്‍ ട്രെവര്‍ മോര്‍ഗനാണ്. 2010 മുതല്‍ ഈസ്റ്റ്ബംഗാള്‍ നിരയില്‍ പരിശീലകക്കുപ്പായത്തില്‍ അദ്ദേഹമുണ്ട്. ആ പരിചയസമ്പത്തിനെയാണ് ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മെന്റ് കഴിഞ്ഞ സീസണില്‍ കൂട്ടുപിടിച്ചത്. അത് ഫലിക്കുകയും ചെയ്തു. പരിമിത വിഭവങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍വരെ മുന്നേറി.
മോര്‍ഗന്‍ മുഖ്യപരിശീലകനായി ചുമതലയേല്‍ക്കുന്നത് നിര്‍ണായക ഘട്ടത്തിലാണ്. തുടര്‍ച്ചയായി മൂന്ന് ഹോം മത്സരങ്ങള്‍ക്ക് ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ്. അതാകട്ടെ, ലീഗിലെ മൂന്ന് പ്രധാന ടീമുകള്‍ക്കെതിരെയും. ചെന്നൈയിനും പുണെയും കൊല്‍ക്കത്തയുമാണ് എതിരാളികള്‍. ശനിയാഴ്ചത്തെ മത്സരത്തിന് മുന്നോടിയായി വലിയൊരു അഴിച്ചുപണി സാധ്യമല്ലെങ്കിലും പരമ്പരാഗതശൈലിയായ 442 അവലംബിക്കാന്‍ മോര്‍ഗന്‍ തയ്യാറായേക്കും. മധ്യനിര കുറേക്കൂടി ബലപ്പെടുത്തുകയല്ലാതെ ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു മരുന്ന് നിര്‍ദേശിക്കാനില്ല. കഴിഞ്ഞ സീസണില്‍ ടീം ഈ ശൈലിയാണ് ഏറെയും പിന്തുടര്‍ന്നത്.
പീറ്റര്‍ ടെയ്‌ലറുടെ തന്ത്രങ്ങള്‍ മാത്രമാണ് ടീമിനെ കയത്തില്‍ ചാടിച്ചതെന്ന് പറയാനാവില്ല. ടീം മാനേജ്‌മെന്റിന്റെ അയഞ്ഞ നിലപാടുകള്‍ക്കും അതില്‍ പങ്കുണ്ട്. താരങ്ങളെ സ്വന്തമാക്കുന്നതിലും നിലനിര്‍ത്തുന്നതിലും തികഞ്ഞ അലംഭാവമാണ് തുടക്കംമുതല്‍ ടീം സ്വീകരിച്ചത്.
കഴിഞ്ഞ സീസണില്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായത് മൂന്ന് വിദേശ താരങ്ങളായിരുന്നു. മുന്നേറ്റത്തില്‍ ഇയാന്‍ ഹ്യൂമും മധ്യനിരയില്‍ സ്റ്റീവന്‍ പിയേഴ്‌സണും പ്രതിരോധത്തില്‍ സെഡ്രിക് ഹെങ്ബര്‍ട്ടും. മൂവരെയും ബ്ലാസ്റ്റേഴ്‌സ് ഇക്കുറി കൈവിട്ടു. മറ്റൊരു ടീമും ഇത്തരത്തിലൊരു കൈവിട്ട കളി നടത്തിയിട്ടില്ല.
മധ്യനിരയില്‍ കളി മെനഞ്ഞുണ്ടാക്കാന്‍ പ്രാപ്തനായ ഒരു താരമില്ല എന്നതാണ് ഇപ്പോഴത്തെ പ്രധാന പോരായ്മ. മാര്‍ക്വീ താരമായ കാര്‍ലോസ് മര്‍ച്ചേന പ്രതിരോധത്തിലേക്ക് പിന്‍വലിയുമ്പോള്‍, വിങ്ങര്‍മാരായ ഹോസുവും ലോബോയും പ്ലേമേക്കറുടെ റോള്‍ ഏറ്റെടുക്കുന്നു.
തനിക്ക് ലഭിച്ച ടീമിനെയാണ് ടെയ്‌ലര്‍ കളത്തിലിറക്കിയത്. ആ ടീം നിരന്തരം തോല്‍ക്കുമ്പോള്‍, രാജിവെച്ചൊഴിയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കുക ആത്മാഭിമാനമായിരിക്കാം. അല്ലെങ്കില്‍, ഇത്തരമൊരു ടീമിനെ സമ്മാനിച്ച മാനേജ്‌മെന്റിനോടുള്ള പ്രതിഷേധമാകാം. ഏതായാലും കൊച്ചിയിലെ അറുപതിനായിരത്തോളം കാണികളെ നിരാശരാക്കാതിരിക്കാന്‍, മോര്‍ഗന് അദ്ഭുതങ്ങള്‍ കാട്ടിയേ തീരൂ.