ബ്ലാസ്റ്റേഴ്‌സ് മുംബൈയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു

കൊച്ചി :ബ്ലാസ്റ്റേഴ്‌സ് മുംബൈയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. മൂന്നു മല്‍സരങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് സീസണിലെ ആദ്യ ഗോളെത്തി. അതും ഹോം മൈതാനത്തെ ആര്‍ത്തലയ്ക്കുന്ന മഞ്ഞക്കടലിനെ സാക്ഷിയാക്കി. ഇന്ത്യന്‍ വംശജനായ ഇംഗ്ലീഷ് താരം മൈക്കല്‍ ചോപ്ര 58-ാം മിനിറ്റില്‍ നേടിയ ഗോളില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നില്‍. ബോക്‌സിന് മുന്നില്‍നിന്നും ബെല്‍ഫോര്‍ട്ടിന്റെ ഗോള്‍ശ്രമം ഗതിമാറി ചോപ്രയിലേക്കെത്തുകയായിരുന്നു. മുബൈ ക്യാപ്റ്റന്‍ കൂടിയായ ഗോള്‍കീപ്പര്‍ റോബര്‍ട്ടോയെ കബളിപ്പിച്ച് ചോപ്ര പന്തു തട്ടി വലയിലിട്ടു. സ്‌കോര്‍ 1-0
നിര്‍ഭാഗ്യവും മലയാളി താരം മുഹമ്മദ് റാഫിയുള്‍പ്പെടെയുള്ള മുന്നേറ്റനിരയുടെ പിടിപ്പുകേടും നിമിത്തം മാത്രം ഗോളൊഴിഞ്ഞുപോയ ആദ്യപകുതിയില്‍ മുംബൈ സിറ്റി എഫ്‌സി ചിത്രത്തിലുണ്ടായിരുന്നത് അപൂര്‍വം നിമിഷങ്ങളില്‍ മാത്രം. പതിവിനു വിപരീതമായി ആളനക്കം കുറഞ്ഞ ഗാലറിയെ (മറ്റു സ്റ്റേഡിയങ്ങളെ വച്ചുനോക്കുമ്പോള്‍ ഇപ്പോഴും ഗംഭീരം) ആവേശത്തിലാറാടിച്ച പ്രകടനമായിരുന്നു ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റേത്. ആദ്യപകുതി തീരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ, മൈക്കല്‍ ചോപ്ര തൊടുത്ത ഷോട്ട് ഗോളാകാതെ പോയത് മുംബൈ ഗോളി റോബര്‍ട്ടോയുടെ മിടുക്കുകൊണ്ടുമാത്രം.

ആദ്യപകുതിയുടെ അധികസമയത്ത് ലഭിച്ച ഫ്രീകിക്കില്‍ മുഹമ്മദ് റാഫി തൊടുത്ത ബുള്ളറ്റ് ഹെഡറും പുറത്തുപോയതോടെ ആദ്യപകുതിക്ക് സമാപനം. പതിവിനുവിപരീതമായി കാണികളുടെ നിറഞ്ഞ കൈയടികളോടെയാണ് ആദ്യപകുതിക്കുശേഷം ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഇടവേളയ്ക്കു കയറിയത്.മൂന്നു മാറ്റങ്ങളുമായാണ് മുംബൈയ്‌ക്കെതിരായ മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കൊപ്പല്‍ ടീമിനെ ഇറക്കിയത്. ദേശീയ ടീം സേവനത്തിനുശഷം മടങ്ങിയെത്തിയ മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ്, മലയാളി താരം മുഹമ്മദ് റാഫി, കഴിഞ്ഞമല്‍സരത്തില്‍ പകരക്കാരനായിരുന്ന ബെല്‍ഫോര്‍ട്ട് എന്നിവര്‍ ആദ്യ ഇലവനിലെത്തിയപ്പോള്‍ അന്റോണിയോ ജര്‍മന്‍, ഡക്കന്‍ നേസണ്‍, പ്രതീക് ചൗധരി എന്നിവര്‍ പുറത്തിരുന്നു. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സന്ദീപ് നന്ദി തന്നെ വലകാക്കാനെത്തിയപ്പോള്‍, മൈക്കല്‍ ചോപ്രയും ആദ്യ ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി. അതേസമയം, പരുക്കേറ്റ മാര്‍ക്വീതാരം ഡീഗോ ഫോര്‍ലാന്‍ ഇല്ലാതെയായിരുന്നു മുംബൈയുടെ പടയൊരുക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top