താമസിക്കാൻ ഇടം ഇല്ലാത്തതിനാൽ ജില്ലാ ആസ്പത്രിയിലെ പ്രസവ വാർഡ് വീടാക്കി മാറ്റിയ നാലംഗ കുടുംബത്തിന് ഇന്ന് അവിടെ നിന്നും ഇറങ്ങിയേ തീരു.പുതിയ രോഗികൾ എത്തുമ്പോൾ പ്രവേശനം നൽകാൻ സ്ഥലമില്ലാത്തതാണു കാരണം.
കാലടിയിൽ വാടക്ക് താമസിച്ച് വരികയായിരുന്നു ദമ്പതികൾ.പ്രസവം കഴിഞ്ഞ് അവിടേക്ക് ചെല്ലരുതെന്ന് ഉടമ പറഞ്ഞിട്ടുള്ളതിനാൽ പോകാൻ ഇടം ഇല്ലാതെ വിഷമിക്കുകയാണ് കാഴ്ചയില്ലാത്ത യുവ ദമ്പതികലും ഇവരുടെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ മകളും , പ്രസവിച്ചിട്ടു രണ്ടു ദിവസം മാത്രമായ കൈക്കുഞ്ഞും
രണ്ടു കണ്ണുകൾക്കും ജന്മനാ കാഴ്ചയില്ലാത്തവരാണു കോട്ടയം കൊടുങ്ങൂർ സ്വദേശി വേണുഗോപാലും ഭാര്യ മിനിയും. പെന്തക്കോസ്തു സഭയിൽ സുവിശേഷ പ്രവർത്തകരാണ് ഇരുവരും. ഒൻപതു വർഷം മുൻപായിരുന്നു വിവാഹം.
മകൾ ശ്രുതിക്കൊപ്പം കാലടിയിലെ ഒറ്റമുറി കെട്ടിടത്തിലാണു താമസിച്ചിരുന്നത്. ഞായറാഴ്ച വൈകിട്ടു മിനിക്ക് ഒരു പെൺകുഞ്ഞു കൂടി പിറന്നു. സാധാരണ പ്രസവമായതിനാൽ പിറ്റേന്നു തന്നെ വീട്ടിലേക്കു പൊയ്ക്കോളാൻ ഡോക്ടർമാർ പറഞ്ഞു. പോകാൻ ഇടമില്ലെന്നു പറഞ്ഞപ്പോൾ രണ്ടു ദിവസം കൂടി നീട്ടിക്കൊടുത്തു. ആ കാലാവധിയാണ് ഇന്നവസാനിക്കുന്നത്. പെരുമ്പാവൂർ ഗവ. എൽപി സ്കൂളിലാണു മൂത്ത മകൾ ശ്രുതി പഠിക്കുന്നത്. വേണുഗോപാൽ ഇന്നലെ സിപിഎം ഏരിയ സെക്രട്ടറി വി. സലിമിനെ കണ്ടു സങ്കടങ്ങൾ പങ്കുവച്ചു. അദ്ദേഹം ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലിയുടെ സഹായം തേടിയിരിക്കുകയാണ്.
ജനസേവയിൽ കുഞ്ഞുങ്ങളെ താമസിപ്പിക്കാൻ മാത്രമേ അനുമതിയുള്ളൂ. എങ്കിലും പുതുതായി രൂപീകരിച്ച ‘ജനസേവ ഭിന്നശേഷി സൊസൈറ്റി’ വഴി ഇവർക്കു താൽക്കാലിക താമസ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണു ജനസേവ അധികൃതർ. ബസ് കയറാൻ സൗകര്യമുള്ള എവിടെയെങ്കിലും ചെറിയൊരു വീടു വേണമെന്ന ആഗ്രഹം മാത്രമേ വേണുഗോപാലിനുള്ളു.