കൊച്ചി: അന്ധരുടെ ആദ്യത്തെ ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ജേതാക്കള്‍. കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഫൈനലില്‍ പാക്കിസ്ഥാനെ 45 റണ്‍സിന് കീഴടക്കി ഇന്ത്യ. പ്രാഥമിക റൗണ്ടില്‍ ഇതേ എതിരാളികളില്‍ നിന്നേറ്റ തോല്‍വിക്ക് മധുരപ്രതികാരവുമായി കിരീട നേട്ടം.
സ്‌കോര്‍: ഇന്ത്യ 208/5 (20).
പാക്കിസ്ഥാന് – 163 (18.2). 2012ലെ ആദ്യത്തെ ട്വന്റി20 ലോകകപ്പിലും 2014ലും ഇന്ത്യ കിരീടം നേടിയത് പാക്കിസ്ഥാനെ കീഴടക്കിയായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ വെങ്കിടേഷും (36) ദീപക് മാലികും (40) മികച്ച തുടക്കം നല്‍കി. മധ്യനിരയില്‍ കേതന്‍ പട്ടേലും (34) അനില്‍ ഗരിയയും (25), അവസാന ഓവറുകളില്‍ ക്യാപ്ടന്‍ അജയ് റെഡ്ഡിയുടെ ആക്രമണോത്സുകതയും ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചു. പാകിസ്ഥാനായി ഹറൂണ്‍ ഖാനും സജിദ് നവാസും ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെ. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ ഹറൂണ്‍ ഖാനെ അജയ് റെഡ്ഡി മടക്കി.
നാല് റണ്‍സെടുത്ത സാഹിദ് മുഹമ്മദിനെ ദീപക് മാലിക്കും തിരിച്ചയച്ചു. അമീര്‍ ഇഷ്ഫാഖ് (38), അനീസ് (43), ഇസ്രാര്‍ (28) പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യയ്ക്കായി ദീപക് മാലിക് രണ്ട് വിക്കറ്റ് നേടി. അജയ് റെഡ്ഡി, അനില്‍ ഗരിയ, അമോല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്. ദീപക് മാലിക്ക് കളിയിലെ താരം.
കിരീടമണിഞ്ഞ ഇന്ത്യന്‍ ടീമിന് മൂന്ന് ലക്ഷം രൂപയും പാക്കിസ്ഥാന് രണ്ട് ലക്ഷം രൂപയും സമ്മാനമായി ലഭിച്ചു. ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചു.