മലപ്പുറം: നോട്ടുനിരോധനത്തെ വിമര്‍ശിച്ച് ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസും രംഗത്ത്. അങ്ങാടിപ്പുറത്ത് കേരള എന്‍.ജി.ഒ. സംഘ് സംസ്ഥാന സമ്മേളനം ഉദ്ഘാടനത്തിനിടെയാണ് നോട്ട് നിരോധന വിഷയത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി ബിഎംഎസ് അഖിലേന്ത്യ അധ്യക്ഷന്‍ ബൈജ്നാഥ് റായ് സംസാരിച്ചത്.
നിരോധനം വന്ന് ഒരു മാസം പിന്നിട്ടിട്ടും ജനങ്ങള്‍ കൂടുതല്‍ കഷ്ടത്തിലാണ്. ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെയുള്ള നോട്ടുനിരോധനം തൊഴിലാളികളെയും സാധാരണക്കാരെയും ഏറെ പ്രയാസത്തിലാക്കി. ആവശ്യമായ നോട്ടുകളോ ബാങ്കുകളോ എ.ടി.എമ്മുകളോ ഇല്ലാതെയാണ് സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിയത്. നോട്ടുകളുടെയും സംവിധാനങ്ങളുടെയും ലഭ്യത ഉറപ്പാക്കിയ ശേഷമായിരുന്നു നിരോധനം നടപ്പാക്കേണ്ടിയിരുന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് കഷ്ടപ്പെടുന്നത് തൊഴിലാളികളും സാധാരണക്കാരുമാണ്.
ടാറ്റ, ബിര്‍ള, അംബാനി തുടങ്ങിയവര്‍ക്ക് ഇതൊരു പ്രശ്നമല്ല. ബാങ്കുകളില്‍ വരിനില്‍ക്കുന്നത് ഇടത്തരക്കാരും തൊഴിലാളികളുമാണ്. ദിവസക്കൂലിക്കാരന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള തുകപോലും കരുതിവെക്കാത്ത സാഹചര്യത്തിലാണ് നോട്ട് പിന്‍വലിക്കല്‍ അര്‍ധരാത്രിയില്‍ നടപ്പാക്കിയത്. ഗ്രാമീണ മേഖലയിലുള്ളവരാണ് ഏറെയും ദുരിതത്തിലായത്. അതേസമയം, ‘കാഷ്ലെസ് സൊസൈറ്റി’ എന്ന കേന്ദ്രസര്‍ക്കാരിന്റെ ആശയത്തെ ബി.എം.എസ്. സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖലയുടെ സ്വകാര്യവത്കരണം, നേരിട്ടുള്ള വിദേശ നിക്ഷേപം പോലുള്ള നയങ്ങളെ ബി.എം.എസ്. ശക്തമായി എതിര്‍ക്കുന്നുണ്ട്. തൊഴിലാളികളോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പോകുന്നത് തെറ്റായ വഴിക്കാണെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയപാര്‍ട്ടികളുടെ താല്‍പര്യം നടപ്പാക്കാനാണ് അവര്‍ തൊഴിലാളി സംഘടനകളെ ഉപയോഗിക്കുന്നത്. എന്നാല്‍ രാജ്യത്തെ വലിയ തൊഴിലാളി സംഘടനയായ ബി.എം.എസ് അങ്ങനെയല്ലെന്നും ബൈജ്നാഥ് റായ് പറഞ്ഞു.
നേരത്തെ സംഘപരിവാര്‍ അനുകൂല സംഘടനയായ സഹകാര്‍ ഭാരതിയും സമാനമായ നിലപാടുമായി രംഗത്തത്തെിയിരുന്നു. കാസര്‍കോട്, പാലക്കാട് ജില്ലകളിലായി നൂറിലേറെ സഹകരണ ബാങ്കുകള്‍ ബിജെപി ഭരിക്കുന്നുണ്ട്. സഹകരണമേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി ഇവിടുത്തെ ജീവനക്കാരെയും ഭാരവാഹികളെയും ദുരിതത്തിലാക്കിയിരക്കയാണ്.അതുകൊണ്ടാണ് സഹകാര്‍ ഭാരതിയും നിലപാട് മാറ്റിയിയത്.സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിലവിലുള്ള നിക്ഷേപം മുഴുവന്‍ കള്ളപ്പണമാണെന്ന വാദം അസംബന്ധമാണെന്ന് സഹകാര്‍ ഭാരതി ഭാരവാഹികള്‍ നേരത്തെ വ്യക്തമാക്കി. ജില്ലാ സഹകരണ ബാങ്കുകളില്‍നിന്ന് ആവശ്യാനുസരണം പണം പിന്‍വലിക്കാന്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് അനുവാദം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കറന്‍സി നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന്, സഹകരണ സംഘങ്ങള്‍ ദുരവസ്ഥയിലായതിന് ശേഷം കേന്ദ്ര നയത്തെ സഹകാര്‍ ഭാരതി പരസ്യമായി തള്ളിപ്പറയുന്നത് ആദ്യമായാണ്.
കറന്‍സി അസാധുവാക്കല്‍ പ്രക്രിയക്ക് ശേഷം സഹകരണ മേഖല ഏറെ പ്രയാസത്തിലാണെന്ന് സഹകാര്‍ ഭാരതിയുടെ തമിഴ്നാട്കേരള മേഖലയുടെ സെക്രട്ടറി യു. കൈലാസ് മണിയും ചൂണ്ടിക്കാട്ടിയിരുന്നു. നോട്ട് അസാധുവാക്കല്‍ നടപടിയെ പൊതുസമൂഹം പിന്തുണക്കുന്നുണ്ടെന്ന് അവകാശപ്പെട്ട അദ്ദേഹം, സഹകരണ മേഖലയുടെ സ്ഥിതി മറിച്ചാണെന്ന് സമ്മതിച്ചു.