നഗർ: കശ്മീരിലെ കുപ്‌വാര ജില്ലയിൽ സൈന്യവും ഭീകരരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ ഇന്നലെ രാത്രിയും തുടരുന്നു. കുപ്‌വാരയിലെ വനപ്രദേശമായ കന്ധിയിലാണ് മൂന്ന് ഭീകരർ കടന്നു കയറിയത്. വനത്തിൽ തീവ്രവാദികളുടെ സാന്നിധ്യം മനസിലാക്കിയ സുരക്ഷാസേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്. സൈന്യവും പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്. ബാരിക്കേഡ് കെട്ടി വേർതിരിച്ചിരിക്കുന്ന സ്ഥലത്തുനിന്നു വെടിയൊച്ച കേട്ടതായി റിപ്പോർട്ടുകളുണ്ട്. അതിർത്തിയിൽ ഇന്നലെയും വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്ഥാൻ ഭീകരരെ ഇന്ത്യയിലേക്ക് കടത്താൻ ശ്രമം നടത്തുകയാണ്. ഞായറാഴ്ച്ച പുലർച്ചെ ഹിരാനഗറിലേയും സാംബയിലേയും സൈനിക പോസ്റ്റുകൾക്ക് നേരെയാണ് പാകിസ്ഥാൻ വെടിവച്ചത്. വെടിവയ്പ് രാവിലെ എട്ടുമണി വരെ തുടർന്നു.
പാക് അധീനകശ്മീരിലെ മച്ചിലിൽ പാക് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിനിടയിൽ ഗുരുതരമായി പരിക്കേറ്റ ബിഎസ്‌എഫ് ജവാൻ മരിച്ചു. പാക് സൈന്യത്തിന്റെ മറവിൽ ആക്രമണം നടത്തുന്ന ഭീകരർ കഴിഞ്ഞ ദിവസം മാച്ചിൽ സെക്ടറിൽ നിയന്ത്രണരേഖ അതിക്രമിച്ച് കടന്ന് ഇന്ത്യൻ ജവാനെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയിരുന്നു. ഇതിന് പകരമായി ഇന്ത്യ നടത്തിയ ആക്രമണത്തിൽ നാല് പാക് സൈനിക പോസ്റ്റുകൾ തകർന്നിരുന്നു.