കണ്ണൂർ : വടക്കെ മലബാറിെന്റ വിനോദ മേഖലയില്‍ വന്‍ വികസനം ലക്ഷ്യമിട്ടുള്ള മലനാട് മലബാര്‍ റിവര്‍ ക്രൂയീസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടിയില്‍ നിര്‍മിച്ച ബോട്ട് ടെര്‍മിനല്‍ വാക്ക് വേയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒാണ്‍ലൈനായി നിര്‍വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ജല ടൂറിസത്തിെന്റ ഹബ്ബായി മാറുന്ന പഴയങ്ങാടി ബോട്ട് ടെര്‍മിനലിന് മൂന്നുകോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. 100 മീറ്റര്‍ നീളവും 40 മീറ്ററില്‍ നടപ്പാതയും 60 മീറ്ററില്‍ നാല് ബോട്ടുകള്‍ അടുപ്പിക്കുന്നതിനുള്ള സൗകര്യവും ബോട്ട് ടെര്‍മിനലിലുണ്ട്. ഇതോടൊപ്പം സോളര്‍ ലൈറ്റുകള്‍, ഇരിപ്പിടം, കരിങ്കല്‍ പാകിയ തൂണുകള്‍, കൈവരികള്‍, കേരളീയ തനിമയില്‍ നിര്‍മിച്ച മേല്‍ക്കൂര എന്നിവ ബോട്ട് ടെര്മിനലിെന്റ മനോഹാരിതക്ക് മികവേകുന്നു. ടെര്‍മിനല്‍ കവാടത്തിലേക്കുള്ള റോഡ് ഇന്‍ര്‍ലോക്ക് ചെയ്ത് നവീകരിച്ചിട്ടുണ്ട്.
സഞ്ചാരികള്‍ക്ക് പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനും പഴയങ്ങാടി പുഴയില്‍ ബോട്ടിങ് നടത്തുന്നതിനും പദ്ധതിയിലൂടെ സാധ്യമാകും. മലനാട് റിവര്‍ ക്രൂയിസ് ടൂറിസം രണ്ടാംഘട്ട പദ്ധതിയില്‍ കല്യാശ്ശേരിയില്‍ മംഗലശ്ശേരി, കോട്ടക്കീല്‍പാലം, താവം, പഴങ്ങോട്, മുട്ടില്‍, വാടിക്കല്‍, മാട്ടൂല്‍ സെന്‍ട്രല്‍, മാട്ടൂല്‍ സൗത്ത്, മടക്കര എന്നിവിടങ്ങളില്‍ മിനി ബോട്ട് ടെര്‍മിനലും മാട്ടൂല്‍ തെക്കുമ്ബാട് ബോട്ട് ടെര്‍മിനലും പട്ടുവം മംഗലശ്ശേരിയിലും പഴയങ്ങാടി മുട്ടുകണ്ടി റോഡിലും നടപ്പാതയും നിര്‍മിക്കും. സ്വദേശി ദര്‍ശന്‍ ഫണ്ട് ഉപയോഗിച്ചാണ് രണ്ടാം ഘട്ട വികസനം. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കും.
പഴയങ്ങാടിയില്‍ നടന്ന ചടങ്ങില്‍ ടി.വി. രാജേഷ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനവും ബോട്ടിെന്റ ഫ്ലാഗ്‌ഓഫും നിര്‍വഹിച്ചു. കെ. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, റാണി ജോര്‍ജ്, പി. ബാലകിരണ്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.വി. പ്രീത, എ. സുഹറാബി, പി.കെ. ഹസന്‍ കുഞ്ഞി മാസ്റ്റര്‍, ഡി. വിമല, ആനക്കീല്‍ ചന്ദ്രന്‍, ആയിഷ ഉമ്മലില്‍, മധുസൂദനന്‍ കല്ലേരി എന്നിവര്‍ സംസാരിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി. മുരളീധരന്‍ നന്ദി പറഞ്ഞു.