കോഴിക്കോട് :കോഴിക്കോട് കക്കോടിമുക്കില്‍ അറസ്‌റ്റിലായ ബോഡോ തീവ്രവാദിനേതാവ് ബി.എല്‍. ദിന്‍ഗയെ കസ്റ്റഡിയിലെടുക്കാൻ അസം പൊലീസ് സംഘം ഇന്നെത്തിയേക്കും. ചിരംഗ് എസ്പി രഞ്ജൻ ഭുയാന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേരളത്തിലേക്കു തിരിച്ചു. നാളെ ഉച്ചയോടെ ഇവർ കോഴിക്കോട്ടെത്തുമെന്നാണ് കരുതുന്നത്.പ്രൊഡക്‌ഷൻ വാറന്റുമായെത്തുന്ന സംഘം ദിൻഗയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി ജില്ലാ ജഡ്ജി വി. ഭാസ്കരന് അപേക്ഷ നൽകും.ബി.എല്‍. ദിന്‍ഗ (ലിബിയോണ്‍ ബസുമതാരി-64) അസം അതിര്‍ത്തിഗ്രാമത്തിലെ സമാന്തരഭരണകൂടത്തില്‍ പ്രധാനി. തീവ്രവാദസംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (സോങ്‌ബിജിത്ത് വിഭാഗം) ഓര്‍ഗനൈസിങ് സെക്രട്ടറിയും സംഘടനയുടെ 16-ാം ബറ്റാലിയന്‍ കമാന്‍ഡറുമാണ് ദിന്‍ഗ.
മ്യാന്‍മര്‍ അതിര്‍ത്തിയോടു ചേര്‍ന്ന അസമിലെ ഗ്രാമപ്രദേശത്തിന്റെ ഭരണം പൂര്‍ണമായും നാഷനല്‍ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡിന്റെ പക്കലാണ്. ഇവിടുത്തെ 15 അംഗ സമാന്തരഭരണകൂടത്തില്‍ മന്ത്രിപദവിക്കു തുല്യമായ ഓര്‍ഗനൈസിങ് സെക്രട്ടറിയാണു ദിന്‍ഗയെന്ന് അസം പോലീസ് കേരളാ പോലീസിന്റെ രഹസ്യാന്വേഷണവിഭാഗത്തെ അറിയിച്ചു.നാട്ടുകാരില്‍നിന്നുള്ള നികുതിയാണു സംഘടനയുടെ സാമ്പത്തികസ്രോതസെന്നു ദിന്‍ഗ ചോദ്യംചെയ്ലില്‍ യമൊഴി നല്‍കി. സര്‍ക്കാര്‍ സംവിധാനത്തിനു തുല്യമായി വകുപ്പുകള്‍ തിരിച്ചാണ് സമാന്തരഭരണം. ഏറ്റുമുട്ടലില്‍ കീഴ്‌പ്പെടുത്തുന്ന സൈനികരില്‍നിന്നാണ് ആയുധങ്ങള്‍ ശേഖരിക്കുന്നത്. ചൈനയില്‍നിന്ന് എ.കെ. 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളും ലഭിക്കുന്നുണ്ട്.
നിരോധിത തീവ്രവാദ സംഘടനയായ നാഷനൽ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡ് (സോങ്ബിജിത്ത് വിഭാഗം) വിഭാഗത്തിലെ രണ്ടു ഗ്രൂപ്പുകൾ അസം അതിർത്തി മേഖല ലക്ഷ്യമിട്ട് ഇപ്പോഴും രംഗത്തുണ്ടെന്നു വെളിപ്പെടുത്തൽ. നാഷനൽ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡ് സെക്രട്ടറിയും സംഘടനയുടെ പതിനാറാം ബറ്റാലിയൻ സേനാ കമാൻഡറുമായ ബി.എൽ. ദിൻഗ (ലിബിയോൺ ബസുമതാരി –64) യെ കോടതിയിൽ ഹാജരാക്കും മുൻപ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജ്യ സുരക്ഷയെ ബാധിക്കുന്ന വിവരമായതിനാൽ അന്വേഷണ സംഘം അസമിലെ തീവ്രവാദവിരുദ്ധ സ്‌ക്വാഡിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എൻഡിഎഫ്ബിയുടെ സെൻട്രൽ ബറ്റാലിയനിലെയും പതിനാറാം ബറ്റാലിയനിലെയും കമാൻഡോകളാണ് ഇപ്പോഴും ജീവനോടെ അവശേഷിക്കുന്നത്. ഇന്ത്യൻ സൈന്യത്തിനെതിരെ ആക്രമണം നടത്തുകയാണ് ഈ കമാൻഡോകളുടെ ലക്ഷ്യമെന്നാണ് ദിൻഗയുടെ വെളിപ്പെടുത്തൽ. മ്യാൻമർ അതിർത്തിയോടു ചേർന്നുള്ള ഗ്രാമപ്രദേശത്തിന്റെ ഭരണം പൂർണമായും നാഷനൽ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡ് ഏറ്റെടുത്തിരിക്കുകയാണെന്നും ഇയാൾ വെളിപ്പെടുത്തി.
ഇന്ത്യന്‍ സൈന്യത്തിന്റെ ഓള്‍ ഔട്ട് ഓപ്പറേഷനില്‍ ഛിന്നഭിന്നമായെങ്കിലും ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡിനു കീഴില്‍ രണ്ടു തീവ്രവാദസംഘങ്ങള്‍ ഇപ്പോഴും സജീവമാണെന്നു ദിന്‍ഗ ചോദ്യംചെയ്യലില്‍ വ്യക്‌തമാക്കി. ഇന്ത്യന്‍ സൈന്യവുമായുള്ള പോരാട്ടമാണു മുഖ്യദൗത്യം. ദിന്‍ഗയുടെ അറസ്‌റ്റ് വിവരമറിഞ്ഞ് അസമിലെ ചിരാങ് എസ്.പി: രഞ്‌ജന്‍ ബുയാന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം കോഴിക്കോട്ടേക്കു തിരിച്ചു. കോടതി മുഖേന ഇവര്‍ ദിന്‍ഗയെ കസ്‌റ്റഡിയില്‍ വാങ്ങും.
ദിന്‍ഗയുടെ സംഘം സംഭരിച്ച ആയുധശേഖരത്തെക്കുറിച്ചുള്ള സൂചനകളും പോലീസിനു ലഭിച്ചു. അസമില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ തുടരുന്ന സൈന്യത്തിന് ഈ നിര്‍ണായകവിവരങ്ങള്‍ കൈമാറും. 2011-ലാണു ദിന്‍ഗ നാഷനല്‍ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡില്‍ ചേര്‍ന്നത്. തീവ്രവാദസംഘമായ സ്വറൈംഗ ഗ്രൂപ്പ് മുഖേനയായിരുന്നു റിക്രൂട്ട്‌മെന്റ്. തുടര്‍ന്ന് അയല്‍രാജ്യമായ മ്യാന്‍മറിലെ വനാന്തരങ്ങളില്‍ പരിശീലനം ലഭിച്ചു.
സാധാരണ കുടുംബത്തില്‍ ജനിച്ച ദിന്‍ഗ ചരിത്രബിരുദധാരിയാണ്. പഠനശേഷം അസമില്‍ പൊതുമരാമത്ത് കരാറുകാരനായി. അതിനിടെയാണു തീവ്രവാദസംഘടനയിലേക്ക് ആകൃഷ്‌ടനായത്. സംഘടനയില്‍ പ്രവര്‍ത്തിക്കവേ സൈന്യവുമായി പലവട്ടം ഏറ്റുമുട്ടി. വിവിധ തീവ്രവാദദൗത്യങ്ങളുടെ ഭാഗമായി നൂറോളം പേരെ കൊന്നൊടുക്കി. കാടുകളിലായിരുന്നു ഒളിജീവിതം. മ്യാന്‍മര്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്കു മാറിമാറി സഞ്ചരിച്ചു. ഇതിനിടെയാണു കഴിഞ്ഞമാസം മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള മാനസ് ബസ്‌ബറി വനത്തില്‍ സൈന്യവുമായി ഏറ്റുമുട്ടിയത്. ദിന്‍ഗ ഉള്‍പ്പെട്ട 60 അംഗസംഘത്തിനുനേരേ സൈന്യം ഷെല്ലാക്രമണം നടത്തി. ഇതേത്തുടര്‍ന്നു സംഘാംഗങ്ങള്‍ പലായനം ചെയ്യുന്നതിനിടെ ദിന്‍ഗ കൂട്ടംതെറ്റി മാസങ്ങളോളം വനത്തില്‍ അലഞ്ഞു. തുടര്‍ന്നു ചെന്നൈ വഴി ട്രെയിനില്‍ കോഴിക്കോട്ടെത്തി.
കേരളത്തില്‍ ദിന്‍ഗയ്‌ക്കെതിരേ മറ്റു കേസുകളൊന്നുമില്ല. നിരോധിതസംഘടനയായ സി.പി.ഐ. മാവോയിസ്‌റ്റുമായി ഇയാള്‍ക്കു ബന്ധമില്ലെന്നു രഹസ്യാന്വേഷണവിഭാഗവും പോലീസും സ്‌ഥിരീകരിച്ചു. അതുകൊണ്ടുതന്നെ അസം പോലീസിനു കൈമാറാന്‍ തടസങ്ങളില്ല. ദിന്‍ഗയുടെ മൊബൈല്‍ ഫോണില്‍നിന്ന് അസം പോലീസ് സംശയിക്കുന്ന പ്രതിയുടെ ഫോണിലേക്കു വന്ന വിളിയാണ് ഇയാള്‍ കോഴിക്കോട്ടുണ്ടെന്നു സ്‌ഥിരീകരിക്കാന്‍ സഹായകമായത്. തുടര്‍ന്ന് അസം പോലീസ് കേരളാ പോലീസിന്റെ സഹായം തേടി. ഡിവൈ.എസ്.പി: പി. സദാനന്ദന്റെ നേതൃത്വത്തില്‍ ഒരാഴ്‌ചയോളം കക്കോടിമുക്കില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണു ദിന്‍ഗയെ പിടികൂടിയത്.