മുംബൈ : ബോഡി ബില്‍ഡിംഗ് പുരുഷന്‍മാര്‍ക്കേ പറ്റൂവെന്ന ധാരണകളെ തിരുത്തുകയാണ് യൂറോപ്പ ഭൗമിക്. പേരില്‍ വിദേശ ഛായയുണ്ടെങ്കിലും ബംഗാളുകാരിയാണ് ഈ 18 കാരി. മസിലുകള്‍ പെരുപ്പിച്ച് കാണികളെ അമ്പരപ്പിക്കും ഈ പെണ്‍കുട്ടി.സൗത്ത് കൊറിയയില്‍ നടന്ന ഏഷ്യന്‍ ബോഡി ബില്‍ഡിങ് ആന്‍ഡ് ഫിസിക് ചാംപ്യന്‍ഷിപ്പില്‍ വെളളി മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട് യൂറോപ്പ. 2016 ലും ഇതേ നേട്ടം യൂറോപ്പ സ്വന്തമാക്കിയിരുന്നു. അടുത്ത തവണ സ്വര്‍ണ്ണമാണ് യൂറോപ്പ ലക്ഷ്യമിടുന്നത്. പേരിലെ കൗതുകത്തെക്കുറിച്ച് യൂറോപ്പ വിശദീകരിക്കുന്നതിങ്ങനെ. അച്ഛന്‍ മെര്‍ച്ചന്റ് നേവിയില്‍ ക്യാപ്റ്റനായിരുന്നു. താന്‍ അമ്മയുടെ ഉദരത്തില്‍ വളരുന്നതായി ഇരുവരും തിരിച്ചറിയുന്നത് സാംകോ യൂറോപ്പ എന്ന കപ്പലില്‍ വെച്ചാണ്.ജനിക്കുന്നത് ആണാണെങ്കില്‍ സാം എന്നും പെണ്ണാണെങ്കില്‍ യൂറോപ്പയെന്നും പേരിടണമെന്ന് കപ്പലിലെ ജീവനക്കാര്‍ ഒന്നടങ്കം പറഞ്ഞിരുന്നു. അങ്ങനെയാണ് തനിക്ക് യൂറോപ്പയെന്ന പേരുവീണത്. കുട്ടിക്കാലത്ത് പൊക്കം കുറവായതിനാല്‍ സഹപാഠികള്‍ കളിയാക്കുമായിരുന്നു. ഇതോടെയാണ് ശരീരം മെച്ചപ്പെടുത്തണമെന്ന ചിന്തയുണ്ടായതും അതിനായി പ്രവര്‍ത്തിച്ചതും.അങ്ങനെ ജിമ്മില്‍ പോകാന്‍ തുടങ്ങുകയും ഭക്ഷണ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.ശരീരം മെച്ചപ്പെട്ടതോടെ 2015 ല്‍ ആദ്യമായി ഒരു മത്സരത്തില്‍ അണിനിരന്നു. വിജയിക്കാനായില്ലെങ്കിലും കര്‍ണാടകയിലെ ബെല്‍ഗാമില്‍ നടന്ന ആ മത്സരം മികച്ച അനുഭവമായിരുന്നു. അവിടെവെച്ചാണ് ഇന്ദ്രാണില്‍ മെയ്റ്റി എന്ന കോച്ചിനെ ഞാന്‍ കണ്ടെത്തുന്നത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2016 ല്‍ ഏഷ്യന്‍ ബോഡി ബില്‍ഡിങ് ആന്‍ഡ് ഫിസിക് ചാംപ്യന്‍ഷിപ്പിലെ വെള്ളിനേട്ടം കൂടുതല്‍ കരുത്തും ആത്മവിശ്വാസവും പകര്‍ന്നു. 2017 ലും ആ പ്രകടനം ആവര്‍ത്തിക്കാനായി.താന്‍ തുടങ്ങുമ്പോള്‍ സ്ത്രീകള്‍ ഈ മേഖലയില്‍ ചുരുക്കമാണ്. മാതാപിതാക്കളുടെ പിന്‍തുണയാണ് തനിക്ക് വലിയ അനുഗ്രഹമായത്. സ്വന്തമായി ഒരു ജിം തുടങ്ങാനാണ് പദ്ധതിയെന്നും ശിഷ്യത്വം സ്വീകരിക്കാന്‍ കുട്ടികള്‍ തയ്യാറാണെന്നും യൂറോപ്പ വ്യക്തമാക്കി.ഓഫ് സീസണില്‍ നന്നായി ഭക്ഷണം കഴിക്കുന്നതാണ് രീതി. എന്നാല്‍ ഓണ്‍ സീസണില്‍ ഭാരം ക്രമീകരിക്കുന്നതുമാണ് ഭക്ഷണ ചിട്ടയെന്നും യൂറോപ്പ കൂട്ടിച്ചേര്‍ത്തു.