വേഗത്തിന്‍റെ രാജകുമാരന്‍, ജയത്തിന്‍റെ പര്യായം ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് കണ്ണീരോടെ ട്രാക്കിനോട് വിടപറഞ്ഞതിന്റെ ഞെട്ടലിലാണ് കായിക ലോകം.
ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ തന്റെ അവസാനത്തെ ഇനം കൂടിയായ 4 x 100 മീറ്റര്‍ റിലേയില്‍ ഓട്ടം പൂര്‍ത്തിയാക്കാന്‍ പോലുമാവാതെ ട്രാക്കില്‍ വീണ ബോള്‍ട്ടിന്റെ ചിത്രം എക്കാലവും ആരാധകരെ വേട്ടയാടും.
കാലിലെ പേശീവലിവിനെ തുടര്‍ന്നാണ് താരത്തിന് മല്‍സരം പൂര്‍ത്തിയാക്കാനാവാതെ പോയത്.
അതിനിടെ ബോള്‍ട്ടിന് പരിക്കേല്‍ക്കാന്‍ കാരണക്കാര്‍ സംഘാടകരാണെന്ന് ആരോപിച്ച് ടീമംഗമായ യൊഹാന്‍ ബ്ലെയ്ക്ക് രംഗത്തുവന്നു.
മെഡല്‍ദാന ചടങ്ങ് നടക്കുന്നതിനാല്‍ ബോള്‍ട്ടിനെയും താനുള്‍പ്പെടെയുന്ന റിലേ ടീമിനെയും ഏറെ സമയം തണുത്ത മുറിയില്‍ സംഘാടകര്‍ നിര്‍ത്തിയെന്നും ഇതാണ് ബോള്‍ട്ടിന്റെ പേശീ വലിവിനു കാരണമെന്നും ബ്ലെയ്ക്ക് പറഞ്ഞു.
ഇത്രയുമധികം തണുപ്പേറിയ മുറിയില്‍ കാത്തിരിക്കേണ്ടിവന്നത് ബോള്‍ട്ടിനെ ഏറെ അസ്വസ്ഥനാക്കിയിരുന്നു. 40 മിനിറ്റാണ് ഞങ്ങള്‍ കൊടും തണുപ്പുള്ള മുറിയില്‍ ചെലവഴിച്ചത്.
റിലേ മല്‍സരത്തിനു മുമ്പ് രണ്ടു മെഡല്‍ദാന ചടങ്ങുകളുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് പുറത്തിറങ്ങാന്‍ സാധിക്കാതിരുന്നതെന്നും ബ്ലെയ്ക്ക് വിശദമാക്കി.
സമ്മാനദാന ചടങ്ങിനോടൊപ്പം റിലേ മല്‍സരവും 10 മിനിറ്റ് വൈകിയാണ് ആരംഭിച്ചത്. ട്രാക്കിലിറങ്ങാനാവാതെ ഞങ്ങള്‍ തണുത്ത മുറിക്കുള്ളില്‍ വാംഅപ്പ് ചെയ്ത് കുഴങ്ങി.
ബോള്‍ട്ടിനെപ്പോലൊരു ചാംപ്യന്‍ കളിക്കാരനോട് ഇങ്ങനെ പെരുമാറിയത് അംഗീകരിക്കാനാവില്ലെന്നും ബ്ലെയ്ക്ക് ചൂണ്ടിക്കാട്ടി.
സംഭവത്തെക്കുറിച്ച് ബോള്‍ട്ട് ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല എന്നാല്‍ ബോള്‍ട്ടിന്റെ മറ്റൊരു ടീമംഗമായ ജൂലിയന്‍ ഫോര്‍ട്ടെയും വിമര്‍ശനവുമായി രംഗത്തെത്തി.
ബോള്‍ട്ടിനെയും തന്നെയുമടക്കം ടീമംഗങ്ങളെ മുഴുവന്‍ റണ്ണിങ് കിറ്റോടെ തന്നെ അത്യധികം തണുപ്പേറിയ കാലാവസ്ഥയില്‍ നിര്‍ത്തിച്ചതില്‍ സംഘാടകര്‍ തെറ്റുകാരാണെന്ന് ഫോര്‍ട്ടെ പറഞ്ഞു.