ബെയ്ജിംഗ്: നടി ചാടുകയാണല്ലോ…അപ്പോ ക്യാമറയും കൂടെ ചാടട്ടെ എന്ന ശ്രീനിവാസന്‍ ഡയലോഗ് ഈ ചൈനീസ് ക്യാമറാമാന്‍ കേട്ടിട്ടുണ്ടാവാന്‍ വഴിയില്ല. എങ്കിലും ശ്രീനിവാസന്‍ പറഞ്ഞതുപോലെ തന്നെ അദ്ദേഹം ചെയ്തു. ബെയ്ജിംഗിലെ കിളിക്കൂട് സ്റ്റേഡിയത്തില്‍ നടക്കുന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ 200 മീറ്റര്‍ ഓട്ടത്തിന്റെ ഫൈനലിനുശേഷമായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ട്രാക്കിനെ തീപിടിപ്പിച്ച ഉസൈന്‍ ബോള്‍ട്ടും ജസ്റ്റിന്‍ ഗാട്‌ലിനും ഓട്ടം പൂര്‍ത്തിയാക്കി. ബോള്‍ട്ട് ഗോള്‍ഡന്‍ ഡബിള്‍ പൂര്‍ത്തിയാക്കി സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ അഭിവാദ്യം ചെയ്യുമ്പോഴാണ് ക്യാമറാമാന്‍ രണ്ടു ചക്രങ്ങള്‍ മാത്രമുള്ളൊരു വണ്ടിയില്‍ ബോള്‍ട്ടിന് പുറകെ ക്യാമറയും കൊണ്ടുപോയത്.
ഒരു നിമിഷം പണി നൈസായൊന്നു പാളി. നിയന്ത്രണം വിട്ട വാഹനം ബോള്‍ട്ടിനെ ഇടിച്ചിട്ടു. ക്യാമറാ മാനും ക്യാമറയും ഒപ്പം ബോള്‍ട്ടും ദേ കിടക്കുന്നു നിലത്ത്. അപ്രതീക്ഷിത വീഴ്ചയില്‍ ഞെട്ടിപ്പോയെങ്കിലും എഴുന്നേറ്റ് വേദന കടിച്ചമര്‍ത്തി ബോള്‍ട്ട് നടന്നകന്നു.