ആണവ യുദ്ധം ഉറപ്പെന്നു ഹാക്കർമാർ: അപകടകരമായ വിവരങ്ങൾ ചോർത്തിയത് രഹസ്യമായി; യുദ്ധത്തിനൊരുങ്ങുന്നത് മൂന്നു രാജ്യങ്ങൾ

ഇന്റർനാഷണൽ ഡെസ്‌ക്

സോൾ: ലോകത്തെ മൂന്നു രാജ്യങ്ങൾ ആണവ യുദ്ധത്തിനു തയ്യാറെടുക്കുന്നതായി ഹാക്കർമാരുടെ സംഘടനയായ അനോണിമസ് പുറത്തു വിട്ട വിവരങ്ങളിൽ സൂചന. വിനാശകരമായ ആണവയുദ്ധത്തിനാണ് ഈ രാജ്യങ്ങൾ തയ്യാറെടുക്കുന്നതെന്നാണ് ഇവർ പുറത്തു വിട്ട ഞെട്ടിക്കുന്ന വിവരങ്ങൾ നൽകുന്ന സൂചന. യുദ്ധത്തിന്റെ ഭാഗമായേക്കാവുന്ന രാജ്യങ്ങൾ തങ്ങളുടെ ജനങ്ങൾക്കു നൽകിയ രഹസ്യനിർദേശത്തിൽ നിന്നാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ അനോണിമസ് ചോർത്ത്ി നൽകിയിരിക്കുന്നത്.
പല രാജ്യങ്ങളും ആണവയുദ്ധത്തെ നേരിടാൻ മുന്നൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ശ്രദ്ധയോടെയിരിക്കുക മാത്രമാണ് ഇനി ജനത്തിന് ചെയ്യാനാവുക. മൂന്നാം ലോക മഹായുദ്ധം നമ്മുടെ പടിവാതിൽക്കലെത്തിയിരിക്കുന്നു. ഹാക്കർമാരുടെ രാജ്യാന്തര കൂട്ടായ്മയായ അനോണിമസിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട വീഡിയോയിലാണ് ഇങ്ങനെ പറയുന്നത്.
ആസന്നമായ യുദ്ധത്തെക്കുറിച്ച് ലോകരാജ്യങ്ങൾ പൊതുജനങ്ങളിൽ നിന്ന് മറച്ചുവയ്ക്കുകയാണെന്നും അനോണിമസ് ആരോപിക്കുന്നു. എന്നാൽ ജപ്പാനും അമേരിക്കയും ഓസ്ട്രേലിയയും അടക്കമുള്ള വൻശക്തികൾ യുദ്ധത്തിന്റെ സൂചനകൾ ജനങ്ങൾക്ക് പരോക്ഷമായി നൽകിക്കഴിഞ്ഞു. ഇക്കാര്യത്തിൽ ജപ്പാൻ ഒരുപടി മുമ്പിലാണെന്നും അനോണിമസ് പറയുന്നു. ആണവയുദ്ധത്തെ പ്രതിരോധിക്കാനുള്ള ആയുധങ്ങളുടെ വിൽപ്പന ജപ്പാനിൽ തകൃതിയായി നടക്കുന്നു. ആണവസ്ഫോടനമുണ്ടാകുന്നതിന് 10 മിനിറ്റു മുൻപു മാത്രമേ മുന്നറിപ്പ് നൽകാനാകൂവെന്നും ജാപ്പനീസ് സർക്കാർ ജനത്തെ അറിയിച്ചു കഴിഞ്ഞു. സൈനികത്താവളങ്ങൾക്ക് സമീപത്തു താമസിക്കുന്നവർക്കായിരിക്കും ഈ മുന്നറിയിപ്പ്. ഓരോരുത്തരും താമസിക്കുന്നതിനു സമീപത്തെ ഏറ്റവും കരുത്തുറ്റ കെട്ടിടത്തിലേക്ക് എളുപ്പത്തിൽ എത്താൻ ഏതു നിമിഷവും തയാറായിരിക്കണമെന്നും സർക്കാർ ജനങ്ങളെ അറിയിച്ചതായി അനോണിമസ് വ്യക്തമാക്കുന്നു.
ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അനോണിമസ് രൂപം കൊള്ളുന്നത്.വിവിധ രാജ്യങ്ങളിലെ ഗവൺമെന്റുകൾ ഒളിപ്പിക്കുന്ന ഡേറ്റകൾ ജനങ്ങളിലെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇക്കഴിഞ്ഞ ശനിയാഴ്ച പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം യൂട്യൂബിൽ മാത്രം അഞ്ചുലക്ഷത്തിലേറെപ്പേർ കണ്ടു. സംഗതി ലോകമാധ്യമങ്ങളിൽ വാർത്തയായതോടെ ഇതുസംബന്ധിച്ച ചർച്ചകളും സജീവമായിട്ടുണ്ട്. ഹാക്ക് ചെയ്തെടുത്ത ഡേറ്റയിൽ നിന്നുള്ള വിവരങ്ങളാണോ അനോണിമസിനെ ഇത്തരമൊരു വിഡിയോ പുറത്തിറക്കാൻ പ്രേരിപ്പിച്ചതെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.
ഉത്തര-ദക്ഷിണ കൊറിയൻ മേഖലകളിലെ നീക്കങ്ങൾ നിരീക്ഷി്ച്ചതിനു ശേഷമാണ് ഇത്തരമൊരു നിഗമനത്തിലെത്തിയതെന്നാണ് അനോണിമസ് പറയുന്നത്. അതായത് നിലവിലെ സാഹചര്യങ്ങൾ കൃത്യമായി നിരീക്ഷിച്ചാൽ മൂന്നാം ലോകമഹായുദ്ധം വരുമെന്നതിന്റെ സൂചനകൾ വരികൾക്കിടയിൽ നിന്ന് വായിച്ചെടുക്കാമെന്നും അനോണിമസ് പറയുന്നു. ഏഴു മിനിറ്റിനടത്ത് ദൈർഘ്യമുള്ള വിഡിയോയിൽ കിഴക്കനേഷ്യൻ പ്രദേശങ്ങളിലെ അമേരിക്കയുടെ സൈനിക സാന്നിധ്യവും ചൈന, ജപ്പാൻ എന്നീ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് നൽകിയ മുന്നറിയിപ്പുകളും വിശകലനം ചെയ്യുന്നുണ്ട്.
ലോകത്തിലെ വൻശക്തികളായ മൂന്നുരാജ്യങ്ങളായിരിക്കും യുദ്ധത്തിനു ചുക്കാൻ പിടിക്കുക. തുടർന്ന് മറ്റു രാജ്യങ്ങൾ ഇവരിലാരുടെയെങ്കിലും പക്ഷം പിടിക്കാൻ നിർബന്ധിതരാവും. എന്നാൽ ഈ മൂന്നു രാജ്യങ്ങൾ ഏതാണെന്ന് പറയുന്നില്ല. യുഎസ്, ചൈന, ഉത്തര-ദക്ഷിണ കൊറിയ, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ പ്രതിപാദിക്കുന്നുണ്ടെങ്കിലും വിഡിയോയിൽ റഷ്യയെപ്പറ്റി പരാമർശമില്ലെന്നതും ശ്രദ്ധേയമാണ്. കിഴക്കനേഷ്യയിൽ സമീപകാലത്തുണ്ടായ സംഭവവികാസങ്ങളെയും വിഡിയോ വിവരിക്കുന്നു: ദക്ഷിണകൊറിയയിലേക്ക് അമേരിക്കയുടെ താഡ് ബാലിസ്റ്റിക് മിസൈൽ എത്തിച്ചതാണ് അവയിൽ ഏറ്റവും പ്രധാനം. അടുത്തിടെ യുഎസ് നടത്തിയ മിനിറ്റ്മാൻ മൂന്ന് ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണത്തെപ്പറ്റിയും വിഡിയോ പ്രതിപാദിക്കുന്നു.
ചൈനയാകട്ടെ തങ്ങളുടെ പൗരന്മാരോടെല്ലാം ഉത്തരകൊറിയ വിട്ട് തിരികെ വരാൻ ആവശ്യപ്പെട്ടു കഴിഞ്ഞു. ഉത്തരകൊറിയയുമായി അതിർത്തി പങ്കിടുന്ന ഭാഗത്ത് സൈനികനീക്കവും ശക്തമാക്കി. ഉത്തരകൊറിയയിൽ നിന്നുള്ള വൻ അഭയാർഥിപ്രവാഹം പ്രതീക്ഷിച്ചാണിത്. രാജ്യാന്തര തലത്തിൽ ഉത്തരകൊറിയക്ക് ഉണ്ടെന്നു പറയാവുന്ന ഒരേയൊരു സഖ്യം ചൈനയുമായാണ്. അമേരിക്കയെ നിലയ്ക്കു നിർത്തേണ്ടത് ചൈനയുടെ ആവശ്യവും. ഉത്തര കൊറിയയുടെ കയ്യിൽ അമേരിക്കയിലേക്ക് തൊടുക്കാവുന്ന വിധം ന്യൂക്ലിയർ മിസൈലുകളില്ലെന്നതും സത്യം. ഈ സാഹചര്യത്തിൽ ഉത്തരകൊറിയക്കായി ചൈന ന്യൂക്ലിയർ ആയുധങ്ങൾ കൈമാറുമോയെന്ന ആശങ്കയും അനോണിമസ് പങ്കുവയ്ക്കുന്നു. അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും സമാധാന ശ്രമങ്ങൾ ഒരു പുരോഗതിയും ഉണ്ടാക്കുന്നില്ലെന്നും അനോണിമസ് പറയുന്നു.
അമേരിക്കൻ പ്രസിഡന്റ് ട്രംപാകട്ടെ ഓസ്ട്രേലിയയിലേക്ക് ആയിരത്തിലേറെ സൈനികരെയും പോർവിമാനങ്ങളെയും അയച്ചു കഴിഞ്ഞു. ഫിലിപ്പീൻസ് പ്രസിഡന്റുമൊത്തുള്ള ട്രംപിന്റെ പുതുബാന്ധവത്തെപ്പറ്റിയും അനോണിമസ് സംശയാലുവാകുന്നുണ്ട്. അതേസമയം ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിൽ നിന്ന് അകലം പാലിക്കുന്നതാണു നല്ലതെന്നാണ് ഫിലിപ്പീൻസിൽ നിന്ന് ട്രംപിന് ലഭിച്ചിരിക്കുന്ന ഉപദേശം. രാജ്യാന്തരതലത്തിൽ പാരിസ്ഥിതികമായും സാമ്പത്തികമായും വൻ ആഘാതമായിരിക്കും യുദ്ധം സൃഷ്ടിക്കുകയെന്നും വിഡിയോ വ്യക്തമാക്കുന്നു.
മിക്ക രാജ്യങ്ങളിലെയും ഉന്നതർക്ക് യൂദ്ധം സംബന്ധിച്ച അറിയിപ്പ് കിട്ടിക്കഴിഞ്ഞു. പക്ഷേ പൊതുജനങ്ങളായിരിക്കും ഇക്കാര്യം ഏറ്റവും അവസാനം അറിയുക. ഈ സാഹചര്യത്തിൽ മറ്റു രാജ്യങ്ങൾ എന്തു ചെയ്യുന്നുവെന്ന് അറിയിക്കാനും മുൻകരുതലെടുക്കാനുമാണ് തങ്ങൾ ഈ വിഡിയോ പുറത്തിറക്കുന്നതെന്നും ഇതിന് പരമാവധി പ്രചാരണം നൽകണമെന്നും അനോണിമസ് ആവശ്യപ്പെടുന്നു. ആഗോളതലത്തിൽ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന യഥാർഥ ലോകമഹായുദ്ധമാണ് വരുന്നതെന്നും ഈ ഇവർ ഓർമപ്പെടുത്തുന്നു. എന്ന മുന്നറിയിപ്പുമായാണ് അനോണിമസ് വിഡിയോ അവസാനിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top