കൊച്ചി: കുറ്റിപ്പുറത്ത് നിന്നും കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത് സൈന്യം ഉപയോഗിക്കുന്ന കുഴിബോംബുകള്‍. ഇറാഖ്, ബോസ്‌നിയ, കുവൈത്ത് യുദ്ധങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള തരം കുഴിബോംബാണ് കണ്ടെത്തിയിട്ടുള്ളത്. പൊട്ടിയാല്‍ 50 മീറ്റര്‍ ചുറ്റളവിലുള്ളതെല്ലാം ചാമ്പലാകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പൊലീസ് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടു വളാഞ്ചേരി സ്വദേശിയായ യുവാവാണു പാലത്തിനു 15 മീറ്റര്‍ അകലെ ബോംബുകള്‍ കണ്ടത്. ഇയാള്‍ രാത്രി ഒമ്പതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ശബരിമല ഇടത്താവളമായ മിനിപമ്പയ്ക്കു സമീപം, പുഴയില്‍ നീരൊഴുക്കില്ലാത്ത ഭാഗത്തുനിന്നാണു കാലാവധി കഴിഞ്ഞ അഞ്ചു കുഴിബോംബുകള്‍ കണ്ടെടുത്തത്. 40-100 കിലോഗ്രാം ഭാരം കയറിയാല്‍ പൊട്ടിത്തെറിക്കുന്ന ആന്റിപഴ്‌സണല്‍ മൈനുകള്‍ സൈന്യം ശത്രുക്കളെ ലക്ഷ്യമിട്ട് ഉപയോഗിക്കുന്ന തരത്തിലുള്ളതാണ്. റിപ്പബ്ലിക് ദിനാഘോഷത്തിനു മുന്നോടിയായി കുഴിബോംബുകള്‍ കണ്ടെടുത്തത് അന്വേഷണസംഘം ഗൗരവത്തിലെടുത്തിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും മിലിട്ടറി ഇന്റലിജന്‍സും ഇന്നു സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തും. സ്ഥലത്തുനിന്ന് അഞ്ചു സഞ്ചികളും കണ്ടെടുത്തു. കുഴിബോംബുകളും സഞ്ചികളും ദ്രവിച്ച നിലയിലായതിനാല്‍ പുഴയില്‍ നീരൊഴുക്കുണ്ടായിരുന്ന സമയത്ത് ഉപേക്ഷിച്ചതാകാന്‍ സാധ്യതയുണ്ടെന്നു പൊലീസ് പറഞ്ഞു.
അഞ്ച് ബോംബുകളാണ് പാലത്തിനടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഉണ്ടായിരുന്നത്. കുഴിബോംബുകളാണ് അവയെന്ന് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍തന്നെ വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്നാണ് സ്‌ഫോടക വസ്തുക്കള്‍ പൊലീസ് വിശദമായ പരിശോധനയ്ക്ക് അയച്ചത്. ഇതോടെയാണ് ഉഗ്രശേഷി വ്യക്തമായത്. വന്‍ ആയുധശേഖരം റെയില്‍വെ മേല്‍പ്പാലത്തിനടിയില്‍ സൂക്ഷിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല. മാവോയിസ്റ്റുകളേയും മറ്റ് ഗ്രൂപ്പുകളേയുമാണ് പൊലീസ് സംശയിക്കുന്നത്. ഇത്തവണ ശബരിമല തീര്‍ത്ഥാടന കാലത്ത് അട്ടിമറി നടത്താന്‍ ചില ശക്തികളെത്തുമെന്ന് രഹസ്യാന്വേഷണ വിവരവും ഉണ്ടായിരുന്നു. അതിനിടെയാണ് കുഴി ബോംബ് കണ്ടെത്തിയത്.
മാലബാറിലേക്കുള്ള പ്രധാന യാത്രാവഴിയിലാണ് ഭാരതപ്പുഴയ്ക്ക് കുറുകെ കുറ്റിപ്പുറം പാലം. ഇതിനടുത്താണ് ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമായ മിനിപമ്പയും. ഇതു രണ്ടും ഭാരതപ്പുഴയില്‍ കുഴിബോംബ് കണ്ടെത്തിയ സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. പാലത്തിന്റെ തൂണില്‍നിന്ന് 30 മീറ്ററോളം അകലെയാണ് ബോംബുകള്‍ കണ്ടെത്തിയതെങ്കിലും അഞ്ച് ബോംബുകള്‍ ഒരേസമയം പൊട്ടുകയാണെങ്കില്‍ പാലം തകര്‍ക്കാനാകുമെന്ന് പൊലീസ് പറയുന്നു. മണ്ഡല-മകരവിളക്ക് കാലത്ത് നൂറുകണക്കിന് തീര്‍ത്ഥാടകരെത്തുന്ന മിനിപമ്പയ്ക്ക് സമീപത്താണ് കുഴി ബാംബുകള്‍ കണ്ടത്. ബോംബുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത ആളുകള്‍ക്കിടയില്‍ ഭീതിയുണ്ടാക്കിയിട്ടുണ്ട്. പുഴയിലേക്കിറങ്ങാനും ആളുകള്‍ മടിക്കുകയാണ്. ഇനിയം ബോംബുകള്‍ പുഴയില്‍ ഉണ്ടാകുമെന്ന ഭീതിയാണ് ഇതിന് കാരണം.
സൈന്യത്തിലെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലുള്ള പട്ടാളബോംബുകളാണ് കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഉഗ്രസ്‌ഫോടനശേഷിയുള്ളതാണ് ബോംബുകളെങ്കിലും ഉപയോഗയോഗ്യമാണോ എന്ന് സൈനിക ഉദ്യോഗസ്ഥരെത്തി പരിശോധിച്ചാല്‍ മാത്രമേ വ്യക്തമാകൂ. അലക്ഷ്യമായി വലിച്ചെറിഞ്ഞതുപോലെയാണ് ബോംബുകള്‍ കണ്ടെത്തിയത്. രണ്ടുതരത്തിലുള്ള ബോംബുകളാണ് പ്രധാനമായും സൈനികര്‍ ഉപയോഗിക്കുന്നത്. മര്‍ദം ചെലുത്തുമ്പോള്‍ പ്രവര്‍ത്തിക്കുന്നതും റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതും. റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിഭാഗത്തില്‍പ്പെട്ട കുഴിബോംബാണ് കണ്ടെടുത്തത്.
കുറ്റിപ്പുറം പാലത്തിനു മുകളില്‍നിന്ന് വലിച്ചെറിഞ്ഞതാകാന്‍ സാധ്യതയില്ലെന്നാണ് പൊലീസ് നിഗമനം. പാലത്തിന്റെ ആറാമത്തെ തൂണില്‍നിന്ന് 30 മീറ്ററോളം അകലെയായാണ് ഇവ കണ്ടെത്തിയത്. മണല്‍പ്പരപ്പില്‍നിന്നാണ് കണ്ടെത്തിയതെങ്കിലും ഈ ഭാഗത്ത് രണ്ടുമാസംമുമ്പുവരെ വെള്ളമുണ്ടായിരുന്നു. 1999-ല്‍ നിര്‍മ്മിച്ചതാണ് ബോംബുകളെന്നാണ് പ്രാഥമിക നിഗമനം. 20 വര്‍ഷംവരെ ഉപയോഗിക്കാന്‍ കഴിയുന്നവയാണിവ. കാലാവധിക്കുശേഷം പരിശോധനയ്ക്ക് വിധേയമാക്കി ഉപയോഗയോഗ്യമാക്കുകയാണ് പതിവെന്നുമാണ് സൈന്യത്തില്‍ ജോലിചെയ്തവര്‍ പറയുന്നത്. 20 മീറ്റര്‍ ചുറ്റളവില്‍ പ്രഹരശേഷിയുടെ പ്രതിഫലനമുണ്ടാകുമെന്നാണ് പറയുന്നത്.
സൈന്യത്തിനു പുറമെ മാവോയിസ്റ്റുകളാണ് കുഴിബോംബുകള്‍ ഉപയോഗിക്കാറുള്ളത്. നിലമ്പൂര്‍ കരുളായി വനത്തില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടുന്നതിനുമുമ്പ് മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചിരുന്നു. ഇത്തരത്തിലും കുറ്റിപ്പുറത്തെ കുഴി ബോംബില്‍ അന്വേഷണം നീളും.