പിതാവിന്റെ സ്വഭാവം നല്ലതല്ലെന്നു കുഞ്ഞിനെ വാടക ഗര്‍ഭം ധരിച്ച സ്ത്രീ ആരോപിച്ചതിനെ തുടര്‍ന്ന് മൂന്നു വയസ്സുകാരിയെ ഇറാന്‍കാരനായ പിതാവിനു കൈമാറുന്നത് ബോംബെ ഹൈക്കോടതി തടഞ്ഞു.
തന്റെ മകളെ കണ്ടെത്താന്‍ താനെ പോലീസിനു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കുഞ്ഞിനെ വാടക ഗര്‍ഭം ധരിച്ചു പ്രസവിച്ച സ്ത്രീയെ വിവാഹം കഴിച്ചെങ്കിലും പിന്നീടു ബന്ധം പിരിഞ്ഞെന്നും കുഞ്ഞിനെ അനധികൃതമായി ഇവര്‍ തട്ടിക്കൊണ്ടു പോയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കുഞ്ഞിനെ തനിക്കു വിട്ടു നല്‍കി കൊണ്ടുള്ള കുടുംബകോടതി വിധി ലംഘിക്കപ്പെട്ടെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്നു താനെ പോലീസ് അമ്മയേയും കുഞ്ഞിനെയും കഴിഞ്ഞമാസം ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു.
പിതാവിന്റെ സ്വഭാവം നല്ലതല്ലാത്തതിനാലാണു കുഞ്ഞിനെ തനിക്കൊപ്പം നിര്‍ത്തിയതെന്നു യുവതി കോടതിയില്‍ ബോധിപ്പിച്ചു. ഇരു കക്ഷികളുടെയും പോലീസിന്റെയും അമ്മയേയും കുഞ്ഞിനെയും പാര്‍പ്പിച്ചിരിക്കുന്ന മഹിളാസദനം അധികൃതരുടെയും മൊഴി കേട്ട ശേഷമാണു കോടതിയുടെ ഉത്തരവ്.
കുഞ്ഞിനു മികച്ച ഗൃഹാന്തരീക്ഷവും വിദ്യാഭ്യാസവും പരിപാലനവും ആവശ്യമുണ്ടെന്നു കോടതി വിലയിരുത്തി.ഈ സൗകര്യങ്ങളൊരുക്കുന്ന ഒരു സ്ഥാപനത്തിനു കുഞ്ഞിനെ കൈമാറാന്‍ തയ്യാറുണ്ടോയെന്ന കാര്യത്തില്‍ മാതാവിന്റെ അഭിപ്രായമറിയാന്‍ ജൂണ്‍ 16 നു ഹര്‍ജിയില്‍ കൂടുതല്‍ വാദം കേള്‍ക്കും.
അത്തരമൊരു സാഹചര്യത്തില്‍ പിതാവിനും മാതാവിനും കുഞ്ഞിനെ സന്ദര്‍ശിക്കാന്‍ അവകാശമുണ്ടായിരിക്കുമെന്നു കോടതി വ്യക്തമാക്കി.
കുഞ്ഞിനെ ഏറ്റെടുക്കാന്‍ തയ്യാറുള്ള ബോര്‍ഡിങ് സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള മികച്ച സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ അഡീഷണല്‍ പബഌക് പ്രോസിക്യൂട്ടറോടും കോടതി ആവശ്യപ്പെട്ടു.