ഡല്‍ഹി: ബോംബെ ഹൈക്കോടതി ജഡ്ജ് പുഷ്പ ഗണേധിവാല രാജിവച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഇവര്‍ രാജി സമര്‍പ്പിച്ചു. ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജായിരുന്നു ഗണേധിവാല.
വസ്ത്രത്തിന് മുകളിലൂടെ കയറിപ്പിടിച്ചാല്‍ ലൈംഗിക പീഡനമല്ലെന്ന വിവാദ വിധി പ്രസ്താവിച്ചത് പുഷ്പ ഗണേധിവാലയാണ്.
സുപ്രീം കോടതി കൊളീജിയം ജഡ്ജിയുടെ കാലാവധി നീട്ടാന്‍ ശുപാര്‍ശ ചെയ്യ്തില്ല. വിവാദ ഉത്തരവ് ചൂണ്ടിക്കാട്ടി സ്ഥിരപ്പെടുത്തേണ്ടെന്ന് കൊളീജിയം തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രാജി. എന്നാല്‍, ജഡ്ജിയുടെ കാലാവധി ഫെബ്രുവരി 12 ന് അവസാനിക്കാനിരിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വിചിത്രമായ വിധികളിലൂടെ പുഷ്പ ഗണേധിവാല വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്കും ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപങ്കര്‍ ദത്തയ്ക്കും ഗണേധിവാല രാജിക്കത്ത് നല്‍കിയിരുന്നു. ഇനി അഭിഭാഷകയായി പ്രവര്‍ത്തിക്കും എന്നാണ് സൂചന.
2007-ല്‍ ജില്ലാ ജഡ്ജിയായ പുഷ്പ ഗണേധിവാല 2019 ഫെബ്രുവരി 13-ന് ബോംബെ ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായി. എന്നാല്‍, 2021 ജനുവരിയില്‍, ജസ്റ്റിസ് പുഷ്പ ഗണേധിവാല കുട്ടികളുടെ ലൈംഗിക ദുരുപയോഗവുമായി ബന്ധപ്പെട്ട രണ്ട് വിധി ന്യായങ്ങള്‍ പുറപ്പെടുവിച്ചു.
പോക്സോ നിയമ പ്രകാരം ലൈംഗികാതിക്രമം കുറ്റമാക്കുന്നതിന് പ്രതി ചര്‍മ്മത്തില്‍ നേരിട്ട് സ്പര്‍ശിക്കണം എന്നതായിരുന്നു ഗണേധിവാലയുടെ കണ്ടെത്തല്‍.
ഇത് വ്യാപകമായ വിമര്‍ശനം ഏറ്റുവാങ്ങി. സംഭവം വിവാദമായതോടെ ബോംബെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയാക്കാന്‍ ജനുവരി 20 – ന് നല്‍കിയ ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം റദ്ദാക്കുകയായിരുന്നു. എന്നാല്‍, ഒരു മാസത്തിനുശേഷം, 2021 ഫെബ്രുവരിയില്‍, കൊളീജിയം സ്ഥിരം ജഡ്ജിയാക്കാന്‍ നിര്‍ദ്ദേശിക്കുന്നതിനുപകരം അഡീഷണല്‍ ജഡ്ജിയായി കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ ശുപാര്‍ശ ചെയ്തു.
ഇതിനിടെ, അറ്റോര്‍ണി ജനറല്‍ സമര്‍പ്പിച്ച അപ്പീലില്‍ ജഡ്ജിയുടെ വിവാദ വിധികള്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി അസാധുവാക്കിയിരുന്നു. 2021 നവംബറില്‍ പുറപ്പെടുവിച്ച വിധിയില്‍, ലൈംഗികാതിക്രമം എന്നത് കുറ്റമാണ്. ലൈംഗിക ഉദ്ദേശം ആണ് അത്. സമ്പര്‍ക്കം പുലര്‍ത്തിയതാണെന്ന് സുപ്രീം കോടതിയുടെ 3 ജഡ്ജിമാരുടെ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.