ബോണക്കാട്ടെ വനഭൂമിയിലെ കോണ്‍ക്രീറ്റ് കുരിശുകള്‍ പൊളിച്ചുമാറ്റണമെന്ന് സഭാ നേതൃത്വത്തോട് വനം മന്ത്രി. ആരാധനക്കായി മരക്കുരിശ് സ്ഥാപിക്കാമെന്നും അള്‍ത്താരയുള്‍പ്പെടെ മറ്റ് അനധികൃത നിര്‍മ്മിതികള്‍ അനുവദിക്കാനാവില്ലെന്നും മന്ത്രി രാജു വ്യക്തമാക്കി. ആരാധനക്കും തീര്‍ഥാടനത്തിനും തടസ്സമുണ്ടാകില്ലെന്ന ഉറപ്പില്‍, സെക്രട്ടേറിയറ്റിന് മുന്നിലെ ഉപവാസ സമരമുള്‍പ്പെടെ സഭ പ്രഖ്യാപിച്ച സമര പരിപാടികള്‍ അവസാനിപ്പിച്ചു. ബോണക്കാട് വനഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സമവായത്തിനായി വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണ് വനം മന്ത്രി സഭാ നേതൃത്വത്തെ സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
കുരിശ് പൊളിച്ചതിന് പിന്നില്‍ ആരെന്ന് അന്വേഷിക്കും. അനധികൃതമായി കുരിശ് പുനസ്ഥാപിച്ചതുമായും, വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞതുമായും ബന്ധപ്പെട്ട് വിശ്വാസികള്‍ക്കെതിരെയുള്ള കേസുകളുടെ മെറിറ്റ് പരിശോധിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. പിന്നീട് വിശ്വാസികളെ അഭിസംബോധന ചെയ്ത സഭാനേതൃത്വം സര്‍ക്കാര്‍ നിലപാടില്‍ തൃപ്തിയുണ്ടെന്നും സമരം അവസാനിപ്പിക്കാമെന്നും അറിയിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ക്ലിമ്മിസ്, സിഎസ് ഐ ദക്ഷിണ മേഖല ബിഷപ് ധര്‍മ്മരാജ രസാലം തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.