കത്തോലിക്കാ സഭയുടെ ആഗോള ആസ്ഥാനമായ വത്തിക്കാനില്‍ നിന്ന് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ സഭയ്ക്ക് അത്ര സുഖകരമല്ല. വത്തിക്കാനിലെ എണ്‍പത് ശതമാനത്തോളം വൈദീകരും സ്വവര്‍ഗാനുരാഗികളാണെന്ന വെളിപ്പെടുത്തലുകളുമായി പുറത്തിറങ്ങാനിരിക്കുന്ന പുസ്‌കമാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. നാലുവര്‍ഷത്തോളം വത്തിക്കാനില്‍ ജീവിച്ച് 15000-ഓളം അഭിമുഖങ്ങള്‍ തയ്യാറാക്കിയാണ് ഫ്രഞ്ച് പത്രപ്രവര്‍ത്തകനായ ഫ്രെഡറിക് മര്‍ട്ടെല്‍ പുസ്തകം തയ്യാറാക്കിയത്. ചിലര്‍ പങ്കാളികളുമായി ദീര്‍ഘകാല ബന്ധം പുലര്‍ത്തുമ്പോള്‍ മറ്റു ചിലര്‍ പുരുഷ വേശ്യമാരെ ഉപയോഗിച്ച് ലൈംഗിക സംതൃപ്തി തേടുന്നതായും പുസ്തകത്തില്‍ പറയുന്നു.
അഞ്ചില്‍ നാല് പുരോഹിതന്മാരും സ്വവര്‍ഗാനുരാഗികളാണെങ്കിലും അവരില്‍ പലരും അത് മറച്ചുവച്ചാണ് ജീവിക്കുന്നത്. പലരും ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ അസ്വസ്ഥരായി ജീവിക്കുന്ന അവസ്ഥയുണ്ടെന്നും ഫ്രെഡറിക് മെര്‍ട്ടല്‍ പറയുന്നു. ഫ്രഞ്ച് സര്‍ക്കാരിന്റെ മുന്‍ ഉപദേഷ്ടാവ് കൂടിയായ മെര്‍ട്ടല്‍ വൈദികര്‍ക്കിടയിലെ സ്വവര്‍ഗാനുരാഗത്തെ കൂറേക്കൂടി ഗൗരവത്തോടെ സഭ കാണേണ്ടതാണെന്നും സൂചിപ്പിക്കുന്നു. വത്തിക്കാനില്‍ മുതിര്‍ന്ന സ്ഥാനങ്ങള്‍ പലതും വഹിച്ച കൊളംബിയന്‍ കര്‍ദിനാല്‍ അല്‍ഫോന്‍സോ ലോപ്പസ് ട്രുയിലോ ഇത്തരം നിലപാട് എടുത്തിരുന്നു. സ്വവര്‍ഗാനുരാഗത്തെക്കുറിച്ചും പുരുഷവേശ്യമാരെ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷിത മാര്‍ഗങ്ങളെക്കുറിച്ചും വൈദികരെ ബോധവത്കരിക്കണമെന്ന പക്ഷക്കാരനായിരുന്നു കര്‍ദിനാള്‍.
സഭയെ തകര്‍ക്കുന്നതരത്തിലുള്ള ഊഹാപോഹങ്ങള്‍ മാത്രമാണ് മെര്‍ട്ടലിന്റെ പുസ്തകത്തിലുള്ളതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 20 രാജ്യങ്ങളില്‍ എട്ടുഭാഷകളിലായി അടുത്ത ബുധനാഴ്ചയാണ് പുസ്തകം പുറത്തിറങ്ങുന്നത്. പുസ്തകം പുറത്തിറക്കാന്‍ ഈ ദിവസം തന്നെ തിരഞ്ഞെടുത്തതില്‍ വേറെയും കാരണമുണ്ട്. കത്തോലിക്കാ സഭയിലെ വൈദികര്‍ നേരിടുന്ന ലൈംഗികാരോപണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ലോകത്തെ മുഴുവന്‍ ബിഷപ്പുമാരുടെയും യോഗം പോപ്പ് ഫ്രാന്‍സിസ് വിളിച്ചിരിക്കുന്നതും അന്നാണ്.
സ്വവര്‍ഗാനുരാഗിയെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ളയാളാണ് മെര്‍ട്ടല്‍. പുസ്തകത്തിനുവേണ്ടി താന്‍ 41 കര്‍ദിനാള്‍മാരുമായും 52 ബിഷപ്പുമാരുമാരുമായും വത്തിക്കാനിലെ 45 നയതന്ത്ര പ്രതിനിധികളുമായും 11 സ്വിസ് ഗാര്‍ഡുമാരുമായും ഇരുനൂറിലേറെ പുരോഹിതന്മാരുമായും സംസാരിച്ചിട്ടുണ്ടെന്ന് മെര്‍ട്ടല്‍ പറയുന്നു. വത്തിക്കാന്‍ ഇരുനൂറിലേറെ ആഴ്ചകള്‍ താമസിച്ചാണ് വൈദികരുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന പുസ്തകം തയ്യാറാക്കിയതെന്നും അദ്ദേഹം അവകാശപ്പെടുന്നു