ശ്രീനഗര്‍:ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പോരാട്ടം രൂക്ഷമായി .സൈന്യം 8 ഭീകരരെ വധിച്ചു !ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കശ്മീര്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹമ്മദ് ഭട്ടിനെയും കൂട്ടാളിയെയും വീടു വളഞ്ഞ് സൈന്യം വെടിവച്ചു കൊന്നു. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ആറു ഭീകരരും കൊല്ലപ്പെട്ടു. സംഘര്‍ഷം കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ഇന്റര്‍നെറ്റ് ഉപയോഗവും വിലക്കി.
ഭട്ടും കൂട്ടാളിയും പുല്‍വാമ ജില്ലയിലെ ട്രാളിലാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് നടപടി തുടങ്ങി. രണ്ടു കൂട്ടാളികള്‍ക്കൊപ്പം ഭട്ട് എത്തിയ വിവരമറിഞ്ഞ് സൈന്യം, സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പോലീസ് എന്നിവര്‍ സംയുക്തമായി ഇവിടം വളഞ്ഞു.ജനവാസ കേന്ദ്രമായതിനാല്‍ രാത്രി കാര്യമായ തെരച്ചിലിന് സൈന്യം മുതിര്‍ന്നില്ല. എന്നാല്‍, ഇവര്‍ രക്ഷപ്പെടാതെ കാത്തു. ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ച ഇവരില്‍ ഭട്ടും ഒരു കൂട്ടാളിയും കൊല്ലപ്പെട്ടുവെന്ന് സൈനിക വക്താവ് അറിയിച്ചു. മൂന്നാമത്തെയാള്‍ക്കായി തെരച്ചില്‍ തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നിയന്ത്രണരേഖയില്‍ ബാരാമുള്ള ജില്ലയിലെ രാംപൂര്‍ സെക്ടറിലാണ് ആറ് ഭീകരര്‍ കൊല്ലപ്പെട്ടത്. അതിര്‍ത്തികടക്കാന്‍ ശ്രമിച്ച ഇവരെ സൈന്യം വെടിവച്ചു കൊല്ലുകയായിരുന്നു. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ (ബാറ്റ്) രണ്ട് സൈനികരെ ഇന്ത്യന്‍ സൈന്യം വെടിവച്ചു കൊന്നതിനു സമീപമാണ് ഇന്നലത്തെ സംഭവം. ബാറ്റ് സംഘമാണ് ഇന്ത്യന്‍ സൈനികരെ കൊന്ന് മൃതദേഹം വികൃതമാക്കിയത്. സൈന്യവും ഭീകരരും ചേര്‍ന്ന വിഭാഗമാണിത്.ബുര്‍ഹാന്‍ വാനിക്കു ശേഷം ഹിസ്ബുള്‍ കമാന്‍ഡറായ സക്കീര്‍ മൂസ സംഘടന വിട്ടതോടെ മെയ് പകുതിയിലാണ് ഭട്ട് കമാന്‍ഡറായി ചുമതലയേറ്റത്. കശ്മീരിലേത് രാഷ്ട്രീയ പോരാട്ടമെന്നു പറയുന്നവരുടെ തലയറുക്കുമെന്ന പ്രസ്താവന ഹിസ്ബുള്‍ തള്ളിയതോടെയാണ് മൂസ സംഘടനയോട് വിട പറഞ്ഞത്.
ഭട്ടിന്റെ മരണം അറിഞ്ഞതിനു പിന്നാലെ താഴ്‌വരയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. സൈന്യത്തിനെതിരെ പ്രതികരിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങി. വിവിധയിടങ്ങളില്‍ സൈന്യത്തിനെതിരെ കല്ലേറും തുടങ്ങി. ഇതോടെയാണ് ഇന്റര്‍നെറ്റ് സേവനം നിര്‍ത്താന്‍ സര്‍ക്കാര്‍ അനൗദ്യോഗികമായി തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടപ്പോള്‍ സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചാണ് ജനങ്ങളെ സൈന്യത്തിനെതിരെ അണിനിരത്തിയത്.