സ്‌പോട്‌സ് ഡെസ്‌ക്
നാഗ്പൂർ: ക്രിസ് ഗെയിൽ മുതൽ എ.ബി ഡിവിലിയേഴ്‌സ് വരെയുള്ള വെടിക്കെട്ടു വീരൻമാരുടെ ആകാശപ്പൂരം കാണാൻ കാത്തിരുന്ന കാണികളുടെ മനസ് തകർന്നടിഞ്ഞ മത്സരമായിരുന്നു ലോകകപ്പ് ടി20യിലെ വിൻഡീസ് ദക്ഷിണ ആഫ്രിക്ക മത്സരം. മത്സരത്തിൽ വിൻഡീസ് വിജയിച്ചെങ്കിലും, ബൗളിങ് പിച്ചിൽ കളി നടത്താനുള്ള തീരുമാനം ക്രിക്കറ്റ് ആരാധകരെ വൻ നിരാശയിലേയ്ക്കാണ് തള്ളിയിട്ടത്.
വിൻഡീസിനു മുന്നിൽ 123 റൺസ് എന്ന താരതമ്യേന ദുർബലമായ വിജയലക്ഷ്യം ആണ് ദക്ഷിണാഫ്രിക്ക ഉയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുത്തു. 47 റൺസെടുത്ത ക്വിന്റൺ ഡി കോക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്‌കോറർ. ദക്ഷിണാഫ്രിക്കയുടെ മധ്യനിര സ്‌കോർ കണ്ടെത്തുന്നതിൽ അമ്പേ പരാജയപ്പെടുകയും ചെയ്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം തന്നെ തിരിച്ചടിയോടെയായിരുന്നു. ആദ്യ ഓവറിന്റെ മൂന്നാമത്തെ പന്തിൽ തന്നെ 1 റൺസെടുത്ത ഹാഷിം അംല പുറത്ത്. പിന്നീടുവന്ന ഫാഫ് ഡു പ്ലെസിസും നിലയുറപ്പിക്കുന്നതിനു മുമ്പ് മടങ്ങി. 9 റൺസായിരുന്നു ഡുപ്ലെസിസിന്റെ സമ്പാദ്യം. റീൽ റൂസോ 2 പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതെ മടങ്ങി. വെടിക്കെട്ട് വീരൻ ഡിവില്ലിയേഴ്‌സിന്റെ വീര്യം 10 റൺസിൽ തീർന്നു. ഡേവിഡ് മില്ലർ 1 റൺസെടുത്ത് പവലിയനിൽ തിരിച്ചെത്തി. 28 റൺസെടുത്ത ഡേവിഡ് വീസ് മാത്രമാണ് പിന്നീട് അൽപമെങ്കിലും ചെറുത്തുനിൽപ് പ്രകടമാക്കിയത്.
വെടിക്കെട്ടുവീരൻമാർ മാത്രം അടങ്ങിയ വിൻഡീസ് – ദക്ഷിണാഫ്രിക്ക് നിരകയ്ക്കു വേണ്ടി ബൗളിങ് പിച്ചിൽ മത്സരം നടത്തിയ ഐസിസിയുടെ തീരുമാനത്തെ സോഷ്യൽ മീഡിയ വ്യാപകമായി ആക്രമിക്കുകയാണ്. വെടിക്കെട്ടുകാരുടെ ആക്രമണം കാണാൻ കാത്തിരുന്ന പി്ച്ചിൽ പത്ത് കുത്തിത്തിയിരുകയായിരുന്നു. ഇരുടീമിലെയും ബാറ്റ്‌സ്മാൻമാർക്ക് കാര്യമായി ഒന്നും ചെയ്യാനും സാധിച്ചില്ല. ഇതോടെയാണ് കാണികൾ കളിയുടെ സംഘാടകർക്കെതിരെ വിമർശനവുമായി സോഷ്യൽ മീഡിയയിൽ നിറ്ഞ്ഞത്.