മെല്‍ബണ്‍: വിന്‍ഡീസ് ബൗളിങ്ങിനെ ഇടിച്ചു പഞ്ചറാക്കി ബോക്‌സിങ് ഡേ ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് മികച്ച തുടക്കം. ഒന്നാംദിനം കളി അവസാനിക്കുമ്പോള്‍ ആതിഥേയര്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 345 റണ്‍സെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട ആസ്‌ട്രേലിയക്ക് ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് (23) അഞ്ചാം ഓവറില്‍തന്നെ കൈവിട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ നിയന്ത്രണം തിരിച്ചുപിടിച്ചു. ജോ ബേണ്‍സ് (128), ഉസ്മാന്‍ ഖവാജ (144) എന്നിവര്‍ ശതകം കടന്ന ഇന്നിങ്‌സുമായി ക്രീസ് വാണതോടെയാണ് കങ്കാരുപ്പട കളി സ്വന്തംവരുതിയിലാക്കിയത്. ഒന്നിന് 29 നിലയില്‍ നിന്നാരംഭിച്ച കൂട്ട് 287ല്‍ മാത്രമേ വഴിപിരിഞ്ഞുള്ളൂ. നായകന്‍ സ്റ്റീവന്‍ സ്മിത്തും (32), ആഡം വോഗ്‌സുമാണ് (10) ഒന്നാംദിനം പിരിയുമ്പോള്‍ ക്രീസിലുള്ളത്.
കഴിഞ്ഞ 16 വര്‍ഷത്തിനിടെ ബോക്‌സിങ് ഡേയിലെ ഏറ്റവും കുറഞ്ഞ കാണികള്‍ക്കുമുന്നിലായിരുന്നു (53,389) കളി തുടങ്ങിയത്. അഞ്ച് ബൗണ്ടറിയുമായി പ്രതീക്ഷ നല്‍കിക്കൊണ്ടാണ് വാര്‍ണര്‍ തുടങ്ങിയത്. എന്നാല്‍, ജെറോം ടെയ്‌ലര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ ഇത് തകര്‍ന്നു. 12 പന്തില്‍ 23 റണ്‍സെടുത്ത വാര്‍ണര്‍ സാമുവല്‍സിന് പിടികൊടുത്ത് കൂടാരം കയറി. പരിക്കിനത്തെുടര്‍ന്ന് രണ്ടുകളിയില്‍ നിന്ന് പുറത്തായ ഖവാജയിലായി ആരാധകരുടെ കണക്കുകൂട്ടല്‍. ഒന്നാം ടെസ്റ്റിലെ സെഞ്ച്വറിക്കാരന്‍ ഷോണ്‍മാര്‍ഷിനു പകരക്കാരനായത്തെിയ ഖവാജ സെലക്ടര്‍മാരുടെ പ്രതീക്ഷകളും തെറ്റിച്ചില്ല. തുടര്‍ച്ചയായി മൂന്നാം ടെസ്റ്റിലും സെഞ്ച്വറിയിലേക്കുള്ള ബാറ്റിങ്. ന്യൂസിലന്‍ഡിനെതിരായ രണ്ട് ടെസ്റ്റിലും ഓസീസ് ടീമിലെ പാക് വംശജന്‍ സെഞ്ച്വറി നേടിയിരുന്നു. ബേണ്‍സിനൊപ്പം 258 റണ്‍സടിച്ചെടുത്ത് എം.സി.ജിയിലെ ഏറ്റവും മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടും സ്ഥാപിച്ചു. ടീം ടോട്ടല്‍, 287ലത്തെിയപ്പോള്‍ ബേണ്‍സ് മടങ്ങിയതോടെ കൂട്ടുകെട്ടും പിളര്‍ന്നു. 43 റണ്‍സുകൂടി സ്‌കോര്‍ബോര്‍ഡിലത്തെിയതോടെ ഖവാജയും ജെറോം ടെയ്‌ലര്‍ക്ക് വിക്കറ്റ് നല്‍കി മടങ്ങി.