സ്‌പോട്‌സ് ഡെസ്‌ക്
ലോസ് ആലഞ്ചലസ്: ഇടിക്കൂട്ടിലെ ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു. ബോക്‌സിംഗ് ഹെവി വെയ്റ്റിംഗ് മുൻ ലോക ചാമ്പ്യനായിരുന്നു 74കാരനായ അലി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് അമേരിക്കയിലെ അരിസോണയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യാഴാഴ്ചയാണ് അലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അലിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ആശുപത്രിവിടാൻ കഴിഞ്ഞേക്കുമെന്നുമായിരുന്നു ആദ്യ റിപ്പോർട്ട്.
എന്നാൽ പെട്ടെന്ന് ആരോഗ്യനില വഷളാകുകയായിരുന്നു.
1981ൽ അദ്ദേഹം മത്സരങ്ങളോട് വിടപറഞ്ഞിരുന്നു. 1984ൽ അദ്ദേഹത്തിന് പാർക്കിൻസൺസ് രോഗം കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുള്ള അണുബാധയും ന്യൂമോണിയയും മൂലം പലതവണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും കരുത്തനായ കായിക താരം കൂടിയായിരുന്നു അലി. വംശീയതയ്‌ക്കെതിരെയുള്ള പോരാട്ടം കൂടിയായിരുന്നു അലിയുടെ പ്രകടനം. മൂന്നു തവണ ലോക ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട് യൂ.എസ് സിവിലിയൻ ബഹുമതി, 2005ൽ യു.എസ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പുരസ്‌കാരവും നേടിയിരുന്നു.