ലണ്ടൻ: അശ്രദ്ധമായ ഡ്രൈവിംഗ് ഒരു ഭാവി വാഗ്നാമായ ബ്രിട്ടീഷുകാരനായ യുവാവിന്റെ ജീവനെടുത്തു .അപകടത്തിൽ പതിനെട്ടുകാരൻ മരിച്ച സംഭവത്തിൽ മലയാളി യുവാവിന് ആറുവർഷവും ഒൻപതുമാസവും തടവുശിക്ഷ. പതിറ്റാണ്ടുകളായി ബ്രിട്ടനിൽ താമസിക്കുന്ന മലയാളി കുടുംബത്തിലെ മൂന്നാം തലമുറയിൽപെട്ട ജോഷ്വാ ചെറുകരയാണു ശിക്ഷിക്കപ്പെട്ടത്. വിധിപ്രസ്താവം കേട്ട യുവാവ് മുഖംപൊത്തി പൊട്ടിക്കരഞ്ഞുകൊണ്ട് പൊലീസ് ജീപ്പിൽ ഇരിക്കുന്ന ദൃശ്യങ്ങൾ സഹിതമാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തത്.
ജോഷ്വായും സുഹൃത്തായ ഹാരിയും മൽസരിച്ച് കാറോടിക്കവേ നിയന്ത്രണം വിട്ട് റോഡരികിലെ നടപ്പാതയിലൂടെ പോകുകയായിരുന്ന യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. എ-ലെവൽ വിദ്യാർഥിയായിരുന്ന പതിനെട്ടുവയസുകാരൻ വില്യം ഡോറ എന്ന ബ്രിട്ടിഷ് ബാലനാണു കൊല്ലപ്പെട്ടത്. വിചാരണയ്ക്കൊടുവിൽ പ്രതികൾ കുറ്റം സമ്മതിച്ചതോടെയാണ് ന്യൂകാസിൽ ക്രൗൺ കോടതി ഇരുവർക്കും ശിക്ഷ വിധിച്ചത്. ഹാരിക്ക് നാലര വർഷമാണ് തടവുശിക്ഷ. ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാലും പിന്നീട് നാലു വർഷത്തേക്ക് ഇരുവർക്കും ഡ്രൈവ് ചെയ്യാനും വിലക്കുണ്ട്.
ജോഷ്വാ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വില്യം ഡോറയെ ഇടിച്ചു തെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കേസന്വേഷണത്തിനും വിചാരണയ്ക്കും സഹായകമായി. കഴിഞ്ഞവർഷം മേയ് ഏഴിനായിരുന്നു അപകടം. രാവിലെ ജോഗിങ്ങിനു ശേഷം വീട്ടിലേക്കു വരികയായിരുന്നു വില്യം ഡോറ. യുവാക്കളുടെ അപകടകരമായ ഡ്രൈവിംങ് മാത്രമാണ് ദുരന്തകാരണമെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.