ദിനങ്ങളെണ്ണി ബ്രസീൽ; ലോകം കാത്തിരിക്കുന്ന ഒളിംപിക്‌സിനു ഇനി ഒരു മാസം

സ്‌പോട്‌സ് ഡെസ്‌ക്

റിയോ ഡെ ജനീറോ: ലോകം കാത്തിരിക്കുന്ന 31ാമത് ഒളിമ്പിക്‌സിന് കൊടി ഉയരാൻ ഇനി ഒരുമാസം മാത്രം. അതിവേഗക്കാരെയും ഉയരക്കാരെയും കണ്ടത്തൊനൊരുങ്ങുന്ന റിയോ ഒളിമ്പിക്‌സ് പരിക്കൊന്നുമില്ലാതെ സംഘടിപ്പിക്കാൻ ഉസൈൻ ബോൾട്ടിനോളം വേഗത്തിൽ ബ്രസീലിന്റെ ഒരുക്കവും.
207 രാജ്യങ്ങളിൽനിന്ന് മത്സരിക്കാനായി യോഗ്യതനേടിയ 8500ഓളം അത്‌ലറ്റുകൾ ഫോം മിനുക്കിയെടുത്ത് അവസാനവട്ട തയാറെടുപ്പിലമരുമ്പോൾ കുറ്റമറ്റ ഒളിമ്പിക് നഗരിയാവാൻ വിയർപ്പൊഴുക്കുകയാണ് റിയോ നഗരം. ആഗസ്റ്റ് അഞ്ചു മുതൽ 21 വരെയാണ് ബ്രസീലിലെ മഹാനഗരി ഒളിമ്പിക്‌സിന് വേദിയാവുന്നത്.
ഒളിമ്പിക്‌സിനോടടുക്കുമ്പോൾ ആശങ്കകൾ ഓരോന്നായി പരിഹരിക്കുന്നുവെങ്കിലും പുതിയ പ്രതിസന്ധികൾ സംഘാടകരെ വട്ടംകറക്കുന്നു. സാമ്പത്തികരാഷ്ട്രീയ പ്രതിസന്ധികൾക്കൊപ്പം വേദികളുടെയും പാതകളുടെയും നിർമാണപ്രവൃത്തികൾ പൂർണമായിട്ടില്ല. 97 ശതമാനം പൂർത്തിയായെന്നാണ് സംഘാടകരുടെ അവകാശവാദമെങ്കിലും കോപകബാനയിലെ ബീച്ച് വോളിബാൾ വേദി, ടെന്നിസ്, സൈക്‌ളിങ്, ജിംനാസ്റ്റിക്‌സ്, നീന്തൽ, ഫെൻസിങ്, ഗുസ്തി, ബാസ്‌കറ്റ് ബാൾ തുടങ്ങി നിരവധി ഇനങ്ങളുടെ വേദിയായ ബാര ഒളിമ്പിക് പാർക്ക് തുടങ്ങിയവയുടെ നിർമാണം ഇനിയും ബാക്കിയാണെന്നാണ് ന്യൂയോർക് ടൈംസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ റിപ്പോർട്ട്. പ്രസിഡൻറ് ദിൽമ റൂസഫ് ഇംപീച്ച്‌മെൻറിലൂടെ സസ്‌പെൻഷനിലായതും ഒളിമ്പിക്‌സ് ഒരുക്കങ്ങൾക്ക് തിരിച്ചടിയായി.
എങ്കിലും ട്രാക്കും ഫീൽഡും ഗ്രൗണ്ടും ഉണരുമ്പോഴേക്കും ഏറ്റവും മികച്ച ഒളിമ്പിക്‌സിനായി ബ്രസീൽ തയാറാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിക ഭീതി മാറാതെ

ഒളിമ്പിക്‌സ് വിളിപ്പാടകലെ എത്തിയിട്ടും സിക വൈറസ് ഭീതി വിട്ടുമാറുന്നില്ല. അത്‌ലറ്റുകളുടെ ആരോഗ്യസംരക്ഷണത്തിൽ സംഘാടകർ ആവർത്തിച്ച് ഉറപ്പുനൽകുമ്പോഴും ഡബ്‌ള്യൂ. എച്ച്.ഒ ഉൾപ്പെടെയുള്ള ആഗോള സംഘടനകളുടെ വിശ്വാസം നേടിയെടുക്കാൻ റിയോ പരാജയമാവുന്നു. ഒളിമ്പിക്‌സ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ വിവിധ രാജ്യങ്ങളിലെ 150ഓളം ഡോക്ടർമാർ ഒളിമ്പിക്‌സ് സംഘാടകർക്കും ലോകാരോഗ്യ സംഘടനക്കും കത്തെഴുതിയത് ആശങ്കയിരട്ടിയാക്കി. ഇതിനിടെ, സിക ഭീതി കാരണം ഗോൾഫ് താരങ്ങൾ അടക്കമുള്ളവർ ഒളിമ്പിക്‌സിൽനിന്നും പിന്മാറി. 3.5 ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ വിദേശികൾ ബ്രസീലിലത്തെുമെന്നാണ് റിപ്പോർട്ട്. എങ്കിലും ജമൈക്ക, അമേരിക്ക, ബ്രിട്ടൻ, ചൈന ഉൾപ്പെടെയുള്ള പ്രധാന ശക്തികളെല്ലാം ഒളിമ്പിക്‌സിന് പിന്തുണയുമായി രംഗത്തുണ്ട്.

സാമ്പത്തിക അടിയന്തരാവസ്ഥ

ഒളിമ്പിക്‌സ് കൊടിയിറങ്ങുമ്പോഴേക്കും രാജ്യത്തിന്റെ സാമ്പത്തികനില തകർന്നടിയുമോയെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധരും ഭരണകൂടവും. റിയോ ഗവർണർ ഫ്രാൻസിസ്‌കോ ഡോർനെൽസ് തന്നെ ഇക്കാര്യം പരസ്യമാക്കി. ഒളിമ്പിക്‌സിന്റെ വൻ ചെലവ് മുന്നിൽകണ്ട് റിയോ ഡെ ജനീറോയിൽ സർക്കാർ സാമ്പത്തിക അടിയന്തരവാസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞു. 1000 കോടി ഡോളർ അധികബാധ്യത രാജ്യത്തെ സാമ്പത്തികമാന്ദ്യത്തിലേക്കും വലിച്ചിഴച്ചു. ഒളിമ്പിക്‌സിന് ഫണ്ട് കണ്ടത്തെുന്നതിന് അടിസ്ഥാന ആവശ്യങ്ങളായ വിദ്യാഭ്യാസം, ആരോഗം, പൊതുഗതാഗതം എന്നിവക്കും കൂടുതൽ തുക ഈടാക്കിത്തുടങ്ങിയതോടെ പൊതുജനങ്ങളും പ്രതിഷേധവുമായി രംഗത്തിറങ്ങി. ഒളിമ്പിക്‌സ് വേണ്ടെന്ന പ്രചാരണവുമായി വലിയൊരു വിഭാഗവും രംഗത്തുണ്ട്.

ഇനിയും പൂർത്തിയാവാത്ത നിർമാണങ്ങൾ

ഗെയിംസ് നിർമാണങ്ങളിലെ പ്രധാനമായ റിയോ സബ്വേ ഇനിയും പൂർത്തിയായിട്ടില്ല. ഒളിമ്പിക് പാർക്, വില്‌ളേജ്, ഇപനേമ ബീച്ച് എന്നിവയെ ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് ഇവയിൽ പ്രധാനം. 15 മിനിറ്റിൽ ലക്ഷ്യസ്ഥാനത്തത്തൊവുന്ന ഇടനാഴി പൂർത്തിയായില്‌ളെങ്കിൽ മണിക്കൂറുകൾ സഞ്ചരിച്ചുവേണം പാർക്കിലും വില്‌ളേജിലുമത്തൊൻ. 1000ത്തിലേറെ തൊഴിലാളികൾ മുഴുസമയവും ജോലിചെയ്താണ് ഇപ്പോൾ നിർമാണം പുരോഗമിക്കുന്നത്.

സുരക്ഷാപ്രശ്‌നം

ഭീകരാക്രമണ ഭീതിക്ക് പുറമെ പ്രാദേശിക ക്രിമിനൽ സംഘങ്ങളുടെ സാന്നിധ്യവും സംഘാടകർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. ഒളിമ്പിക്‌സ് തയാറെടുപ്പിനിടെ റിയോ നഗരത്തിലെ രണ്ട് കൊലപാതകങ്ങൾ രാജ്യാന്തര ശ്രദ്ധനേടി. ഈ വർഷം മാത്രം 43 പൊലീസ് ഉദ്യോഗസ്ഥരും 238 സിവിലിയന്മാരുമാണ് കൊല്ലപ്പെട്ടത്. പൊലീസും സൈന്യവുമടക്കം 85,000 പേരെയാണ് സുരക്ഷക്കായി നിയോഗിച്ചത്. 2012 ലണ്ടൻ ഒളിമ്പിക്‌സിനേക്കാൾ രണ്ട് മടങ്ങ് അധികമാണിത്.

ജാഗ്വറിന്റെ മരണം, നടപ്പാതയുടെ തകർച്ച

ഒളിമ്പിക് ദീപശിഖാ പ്രയാണത്തിന് അലങ്കാരമാവാനത്തെിച്ച അമേരിക്കൻ ജാഗ്വർ കടുവയെ വെടിവെച്ച് കൊന്നത് അപ്രതീക്ഷിത തിരിച്ചടിയായി. ദീപ പ്രയാണത്തിനിടെ വിരണ്ട് ആക്രമണ സ്വഭാവം കാണിച്ചതോടെ കടുവയെ സുരക്ഷാ ജീവനക്കാർ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ സംഘാടകർ ക്ഷമചോദിച്ചു. റിയോ നഗരത്തിൽ നടപ്പാലം തകർന്ന് രണ്ടുപേർ മരിച്ചതും അവസനവട്ട തയാറെടുപ്പിനിടെ നാണക്കേടായി.

Top