സ്‌പോട്‌സ് ഡെസ്‌ക്
റിയോ: ആദ്യ പകുതിയിൽ മൂന്ന് ഗോൾ കണ്ട ലോകകപ്പ് യോഗ്യതാ ആവേശപ്പരാട്ടത്തിൽ ബ്രസീലും യുറുഗ്വെയും സമാസമം. നെയ്മർ സുവാരസ് പോരാട്ടമെന്ന നിലയിൽ ശ്രദ്ധേയമായ മത്സരം 2- 2ന് സമനിലയാവുകയായിരുന്നു. കോപ്പ ഫൈനലിന്റെ തനിയാവർത്തനമായ മത്സരത്തിൽ ചിലിയെ തകർത്ത് അർജന്റീന മധുരപ്രതികാരം വീട്ടി.
ഒന്നാം മിനിറ്റിൽ തന്നെ ഡഗ്ലസ് കോസ്റ്റയുടെ ഗോളിലൂടെ കാനറികൾ സന്ദർശകരെ ഞെട്ടിച്ചു. 26ാം മിനിറ്റിൽ റെനാറ്റോ അഗസ്‌റ്റോ നെയ്മറുടെ സംഘത്തിന്റെ ലീഡ് ഇരട്ടിയാക്കിയതോടെ ബ്രസീൽ വിജയം ഉറപ്പിച്ചു.
എന്നാൽ ബ്രസീൽ വിജയ പ്രതീക്ഷകൾക്ക് നാല് മിനിറ്റ് മാത്രമേ ആയുസുണ്ടായുള്ളൂ. 31ാം മിനിറ്റിൽ എഡിസൻ കവാനി ഉറുഗ്വേയുടെ അക്കൗണ്ട് തുറന്നു. ഇടവേളക്ക് ശേഷം 48ാം മിനിറ്റിലാണ് ദേശീയ ടീമിലേക്കുള്ള തന്റെ തിരിച്ചു വരവ് ലൂയി സുവാരസ് ശരിക്കും ആഘോഷിച്ചത്. യുറുഗ്വെക്കു സമനില ഗോൾ നൽകിക്കൊണ്ട്.
സമനിലയോടെ പത്ത് ടീമുകളുള്ള ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ യുറുഗ്വെ രണ്ടാം സ്ഥാനത്തും ബ്രസീൽ മൂന്നാം സ്ഥാനത്തുമെത്തി.
2018 റഷ്യൻ ലോകകപ്പിലേക്കുള്ള വഴിയിൽ എയ്ഞ്ചൽ ഡി മരിയയുടെയും ഗബ്രിയേൽ മെർകാഡോയുടെയും ഗോളുകൾ അർജന്റീനയ്ക്ക് വിലപ്പെട്ട മൂന്നുപോയിന്റുകൾ സമ്മാനിച്ചു. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ 11ാം മിനിറ്റിൽ ഫെലിപ്പെ ഗ്യൂട്ടിറസിലൂടെ മുന്നിലെത്തിയ ചിലിയെ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് തോൽപിച്ച അർജന്റീന കരുത്തുകാട്ടി. കഴിഞ്ഞ ദിവസം ചിലിയിലെ സാന്റിയാഗോയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒന്നാം പകുതിയിലായിരുന്നു മത്സരത്തിന്റെ മൂന്നു ഗോളുകളും. ഒരു വർഷം മുമ്പ് ഇതേ വേദിയിൽ കോപ്പ അമേരിക്ക ഫൈനലിൽ തോൽവി നേരിട്ടതിന്റെ മധുരപ്രതികാരം കൂടിയായി അർജന്റീനയ്ക്ക് ഈ ജയം. അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയുടെ ആക്രമണത്തിന് മറുപടി നൽകിയ നീക്കത്തിലൂടെയാണ് ചിലി ലീഡ് നേടിയത്. മെസിയുടെ ക്രോസ് ഡി മരിയ പുറത്തേക്ക് അടിച്ചു കളഞ്ഞതിൽ നിന്നു ലഭിച്ച പന്തുമായി മുന്നേറിയ ചിലി താരം ഫാബിയാൻ വലൻസ്വേല ബോക്‌സിനുള്ളിൽ നൽകിയ മനോഹരമായ പാസ് ഗ്യൂട്ടിറസ് വലയിലെത്തിച്ചു. എന്നാൽ ഒമ്പതു മിനിറ്റിനകം അർജന്റീന ഒപ്പമെത്തി. മധ്യനിരയിൽ അധ്വാനിച്ചു കളിച്ച എവർ ബനേഗയും മെസിയും കൈമാറി വന്ന പന്ത് ബനേഗ ഡി മരിയയ്ക്കു മറിച്ചു നൽകുകയായിരുന്നു. പി.എസ്.ജി. താരത്തിന്റെ ഷോട്ട് പിഴച്ചില്ല. സ്‌കോർ 11. സമനില നേടി അഞ്ചു മിനിറ്റ് തികയും മുമ്പേ അർജന്റീന ലീഡും സ്വന്തമാക്കി. ചിലി ബോക്‌സിൽ നടത്തിയ നിരന്തര ആക്രമണങ്ങൾക്കൊടുവിൽ മെസിയുടെ ക്രോസ് എത്തിയത് മെർക്കാഡോയ്ക്ക് നേരേ. അക്രോബാറ്റിക് രീതിയിൽ മെർക്കാഡോ നടത്തിയ ഫിനിഷിങ് അർജന്റീനയെ വിജയത്തിലേക്കു നയിച്ചു.