സ്‌പോട്‌സ് ഡെസ്‌ക്
ഓർലാൻഡോ: ഹെയ്ത്തിയുടെ ഗോൾമഴയ്ക്കു വിശ്രമമുണ്ടായിരുന്നില്ല. കുലുങ്ങിയ വല ശാന്തമാവും മുൻപു തന്നെ വീണ്ടും വീണ്ടും പന്തെത്തിക്കൊണ്ടിരുന്നു. എതിർവശത്ത് ചാംപ്യൻടീം ബ്രസീലാണെന്നു തിരിച്ചറിഞ്ഞ് സ്‌കൂൾ മത്സരത്തിന്റെ നിലവാരത്തിലേയ്ക്കു താഴ്ന്ന ഹെയ്തി അതിനു നൽകേണ്ടി വന്ന വില ഏഴു ഗോളുകളുടേതാണ്. ഒരു ഗോൾ തിരികെ ബ്രസീലിന്റെ വലയിലെത്തിച്ചെന്ന ആശ്വാസമുണ്ടെങ്കിലും ഗോൾ മലയുടെ വലുപ്പം ആ ഒന്നിന്റെ വിലയിടിച്ചു കളഞ്ഞു.
ലിവർപൂൾ താരം ഫിലിപ് കൗടിഞ്ഞോയുടെ ഹാട്രിക്കിന്റെ മികവിൽ 7- 1 എന്ന സ്‌കോറിനാണ് മുൻ ചാംപ്യന്മാർ ഹെയ്ത്തിയെ കെട്ടുകെട്ടിച്ചത്. റെനറ്റോ അഗസ്‌റ്റോ, ഗബ്രിയേൽ(രണ്ടു ഗോൾ വീതം), ലൂക്കാസ് ലിമ എന്നിവരാണ് ബ്രസീലിന്റെ ഗോൾ പട്ടിക തികച്ചത്. ഹെയ്ത്തിയുടെ ആശ്വാസ ഗോൾ ജെയിംസ് മാർസലിന്റെ വകയായിരുന്നു. പതിനാലാം മിനിറ്റിലായിരുന്നു ആദ്യഗോൾ. തുടക്കം ഫിലിപ് ലൂയിസിൽ നിന്നായിരുന്നു. പന്ത് സ്വീകരിച്ച ലിവർപൂൾ മിഡ്ഫീൽഡർ ഫിലിപ് കൗടിഞ്ഞോ ഇടതുമൂലയിലൂടെ മുന്നേറി കൊള്ളിമീൻ പോലെ പെനൽറ്റി ബോക്‌സിന്റെ മുന്നിലേക്ക് തെന്നിമാറി, ഗോൾ കീപ്പർ ജോണി പ്ലേസിഡ് ചിന്തിക്കാൻ അവസരം നൽകാതെ അതിനെ മനോഹരമായ ഷോട്ടിലൂടെ വലയിലെത്തിച്ചു. ടൂർണമെന്റിലെ ഇതുവരെയുള്ള ഗോളുകളിൽ ഏറ്റവും മികച്ച ഒന്നെന്നന് വിശേഷിപ്പിക്കാവുന്ന പ്രകടനമായിരുന്നു അത്. 29ാ മിനിറ്റിൽ കൗടിഞ്ഞോയുടെ വകയായിരുന്നു രണ്ടാം ഗോളും. ബാഴ്‌സലോണ താരം ഡാനി ആൽവ്‌സിൽ നിന്നായിരുന്നു തുടക്കം. പെനൽറ്റി ബോക്‌സിനുള്ളിൽ വെച്ച് പന്ത് സ്വീകരിച്ച മുൻ വലൻസിയ താരം ജൊനാസ് ഒലിവേര പ്രതിരോധ നിരക്കാരെ കബളിപ്പിച്ച് ആറടി മാത്രം അകലെയുണ്ടായിരുന്ന കൗടിഞ്ഞോയ്ക്ക് പന്ത് പാസ് ചെയ്യുന്നു. തീർത്തും മാർക്ക് ചെയ്യപ്പെടാതെ നിന്ന ലിവർ പൂൾ താരത്തിന് പന്ത് വലയിലേക്ക് തട്ടിയിടുകയേ വേണ്ടിയിരുന്നുള്ളൂ. റെനറ്റോ അഗസ്‌റ്റോയുടെ വകയായിരുന്നു മൂന്നാം ഗോൾ. ഡാനി ആൽവ്‌സിന്റെ മുന്നേറ്റം കണ്ട് അഡ്വാൻസ് ചെയ്ത ഹെയ്ത്തി ഗോളി പ്ലാസിഡെയുടെ പിഴവിൽ നിന്നായിരുന്നു ഗോൾ. പെനൽറ്റി ബോക്‌സിനുള്ളിലേക്ക് വളച്ചിറക്കിയ ആൽവ്‌സിന്റെ മനോഹരമായ ക്രോസിന് തലവെച്ചുകൊടുക്കേണ്ട ജോലി മാത്രമേ റെനറ്റോയ്ക്കുണ്ടായിരുന്നുള്ളൂ. സ്‌കോർ 30. സാന്റോസ് താരം ഗബ്ലിയേൽ ബാർബോസയുടെ വകയായിരുന്നു നാലാം ഗോൾ. 59ാം മിനിറ്റിൽ കൊരിന്തിയൻസിന്റെ എലിയാസിൽ നിന്നും പന്ത് സ്വീകരിച്ച ഗബ്രിയേൽ പെനൽറ്റി ബോക്‌സിന്റെ ഇടതുഭാഗം ലാക്കാക്കി മുന്നേറി. ഓടികൊണ്ടു തന്നെ പോസ്റ്റിന്റെ വലതുമൂലയിലേക്ക് പായിച്ച തകർപ്പൻ ഷോട്ടിന് മറുപടി പറയാൻ ഹെയ്ത്തി ഗോൾകീപ്പർക്കായില്ല. സ്‌കോർ 40. ബ്രസീലിന്റെ പത്താം നമ്പർ താരം ലുക്കാസ് ലിമയുടെ ഗോൾ. വലതുമൂലയിലൂടെ മുന്നേറിയെത്തിയ ആൽവ്‌സ് ഉയർത്തി നൽകിയ പന്ത് മനോഹരമായ ഹെഡ്ഡറിലൂടെ പോസ്റ്റിനുള്ളിലേക്ക് പ്ലേസ് ചെയ്തു സ്‌കോർ 50. 70ാം മിനിറ്റിലായിരുന്നു ഹെയ്ത്തിയുടെ ആശ്വാസ ഗോൾ. ജെയിംസ് മാർസിലിന്റെ വകയായിരുന്നു. അമിത ആത്മവിശ്വാസത്തെ തുടർന്ന് പ്രതിരോധത്തിൽ ഇളവ് വരുത്തിയതിന് ബ്രസീൽ കൊടുക്കേണ്ട വിലയായിരുന്നു. ഇരച്ചെത്തിയ ഹെയ്ത്തി താരങ്ങളെ കാര്യമായി മാർക്ക് ചെയ്യാൻ ബ്രസീൽ പ്രതിരോധം ശ്രമിച്ചില്ല. മികച്ച ഫിനിഷ് ജെയിംസിന്റെ കരിയറിനും മുതൽകൂട്ടാകും സ്‌കോർ 51. കളിയുടെ 86ാം മിനിറ്റിൽ റെനറ്റോ അഗസ്‌റ്റോ തന്റെ രണ്ടാം ഗോളും ടീമിന്റെ ആറാം ഗോളും നേടി. ഗോളി പ്ലേസിഡിന്റെ പിഴവിൽ നിന്നായിരുന്നു ഈ ഗോളും. ചൈന സൂപ്പർ ലീഗിലെ താരം ഗോളിയെ എളുപ്പത്തിൽ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. സ്‌കോർ 61. ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റിലായിരുന്നു ബ്രസീലിന്റെ ഏഴാമത്തെ ഗോൾ. കാർലോസ് ഗിൽബെർട്ടോയിൽ നിന്നും പന്ത് സ്വീകരിച്ച കൗടിഞ്ഞോ ഒരു ലോങ് റേഞ്ച് ഷോട്ടിലൂടെ പന്ത് ഹെയ്ത്തി വലയിലെത്തിച്ചു. മുൻ ഇന്റർമിലാൻ മിഡ്ഫീൽഡർ ടൂർണമെന്റിലെ ആദ്യ ഹാട്രിക്കിനുടമയായി. ആദ്യമത്സരത്തിൽ ബ്രസീൽ ഇക്വഡോറിനോട് ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. വ്യാഴാഴ്ച നടക്കുന്ന ഇക്വഡോർ പെറു മത്സരത്തിൽ പെറു ജയിക്കുകയാണെങ്കിൽ ബ്രസീലിന്റെ അടുത്ത റൗണ്ട് പ്രവേശനം ഏറെക്കുറെ ഉറപ്പിക്കാം. ഗ്രൂപ്പ് സ്റ്റേജിലെ ബ്രസീലിന്റെ അവസാന മത്സരം പെറുവിനെതിരേ തിങ്കളാഴ്ചയാണ്.