ബ്രിട്ടന്‍ : ഈ ചിത്രത്തില്‍ കാണുന്ന വീടുകള്‍ 87 രൂപയ്ക്ക് ലീസില്‍ ലഭിക്കുമോ. അത് അവിശ്വസനീയമായി തോന്നാം. രണ്ട് വീടുകളാണ് ഇതിലുള്ളത്. രണ്ട് മുറികളും ബാത്‌റൂമുകളും അടുക്കളയുമടങ്ങുന്നതാണ് രണ്ട് വീടുകളും. ഓരോ വീടിനും ഏറ്റവും കുറഞ്ഞ ലേലത്തുക ഒരു ബ്രിട്ടീഷ് പൗണ്ടാണ്.അതായത് 86.45 ഇന്ത്യന്‍ രൂപ. ഈ വീടുകള്‍ ഇത്രയും കാലം ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാലാണ് ഇത്രയും താഴ്ന്ന തുക നിശ്ചയിച്ചിരിക്കുന്നത്. നഗരസഭയുടെ നിയന്ത്രണത്തിലാണ് ഈ വീടുകള്‍. പക്ഷേ ഇത്ര താഴ്ന്ന നിരക്ക് വെച്ചത് വെറുതെയല്ല.ചില നിബന്ധനകള്‍ പാലിക്കാന്‍ ഏറ്റെടുക്കുന്നവര്‍ ബാധ്യസ്ഥരാണ്. അതായത് ലേലത്തില്‍ ഇവ ലീസിനെടുക്കുന്നവര്‍ ഔദ്യോഗികമായി കൈമാറുന്നതിന് മുന്‍പ് വീട് നവീകരിക്കണം. അത്തരത്തില്‍ നവീകരിച്ച വീട്ടില്‍ ലേലത്തിലെടുത്തയാള്‍ താമസിക്കുകയും വേണം. ഈ രണ്ട് നിബന്ധനകള്‍ അംഗീകരിക്കുന്നവര്‍ക്കേ വീട് ലേലത്തില്‍ പിടിക്കാനാവുകയുള്ളൂ. അതായത് ഏറ്റെടുക്കുന്നവര്‍ വീട് പുതുക്കിപ്പണിയുമെന്ന വിശ്വാസത്തിലാണ് നഗരസഭ ഈ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പഴയ വിക്ടോറിയന്‍ കാല മാതൃകയിലുള്ള വീടുകളാണിത്. പൈതൃക സ്വത്ത് എന്ന നിലയില്‍ ഈ വീടുകള്‍ സംരക്ഷിക്കാന്‍ നഗരസഭ പ്രതിജ്ഞാബദ്ധമാണ്. അതിനാലാണ് പഴകിയിട്ടും ഇവ പൊളിച്ചുമാറ്റാന്‍ തുനിയാത്തത്.