ബ്രിട്ടനിലെ ഇസ്ലാം സ്ത്രീകളുടെ ദുരിത ജീവിതത്തെ കുറിച്ച് നേരത്തെയും ലേകമാധ്യമങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു.ഇപ്പോള്‍ അവിടെ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ ആരെയും ഞെട്ടിയ്ക്കുന്നതാണ്. അതായത് ബ്രിട്ടനിലെ മുസ്ലിം സ്ത്രീകളില്‍ ചിലരെ ഭര്‍ത്താവും ബന്ധുക്കളും ബലാത്സംഗം ചെയ്ത് പാഠം പഠിപ്പിക്കുമെന്നും ശരീയത്ത് കോടതികള്‍ ഇത്തരം കേസുകളില്‍ തികച്ചും സ്ത്രീ വിരുദ്ധമായി വിധിപറയുമെന്നുമാണ് ഇപ്പോള്‍ ഒരിക്കല്‍ കൂടി വെളിപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ ബ്രിട്ടനില്‍ മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന നരകയാതനകള്‍ക്ക് ഉദാഹരണങ്ങളേറെയുണ്ട്. നോര്‍ത്ത് ഓഫ് ഇംഗ്ലണ്ടിലെ പാക്കിസ്ഥാന്‍ വംശജയായ ലുബ്‌നയുടെ കദന കഥ ഇതിലൊന്ന് മാത്രമാണ്.
ഒരു മധ്യവര്‍ഗ മുസ്ലിം കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് ലുബ്‌നയുടേത്ത് അറേഞ്ച്ഡ് വിവാഹമായിരുന്നു. ഇതില്‍ രണ്ട് കുട്ടികള്‍ ജനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ വിവാഹ ബന്ധം ഈ യുവതിയുടെ ജീവിതം തന്നെ ദുരന്തമാക്കി മാറ്റിയ കഥയാണിത്. ലൈംഗികമായും അല്ലാതെയും ലുബ്‌ന ഭര്‍ത്താവിന്റെ നിരന്തര പീഡനങ്ങള്‍ക്ക് വിധേയയായിരുന്നു. കൂടാതെ ഭര്‍ത്താവിന്റെ വീട്ടുകാല്‍ യുവതിയെ പതിവായി മര്‍ദിക്കാറുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച കേസ് ശരീയത്ത് കോടതിയിലെത്തിയപ്പോള്‍ പതിവ് സംഭവിക്കുന്നത് പോലെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും അനുകൂലമായിട്ടായിരുന്നു വിധിയുണ്ടായിരുന്നത്. ബ്രിട്ടനിലെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് രാജ്യമാകമാനം നിലകൊള്ളുന്ന ശരീയത്ത് കോടതികളുടെ ഞെട്ടിപ്പിക്കുന്ന മുഖം വ്യക്തമാക്കുന്ന സംഭവം കൂടിയാണിത്.
ഒരു നാള്‍ തന്റെ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ച് അമേരിക്കയ്ക്ക് പോവുകയും മറ്റൊരു സ്ത്രീക്കൊപ്പം ജീവിക്കാനാരംഭിക്കുകയും ചെയ്തപ്പോള്‍ ഭര്‍ത്താവിന്റെ പ്രായമായ മാതപിതാക്കളെ സംരക്ഷിക്കുന്നതിനായി രാപ്പകല്‍ ജോലിക്ക് പോകാന്‍ ലുബ്‌ന നിര്‍ബന്ധിതയാവുകയും ചെയ്തിരുന്നു. അവസാനം അവര്‍ തന്നെ ലുബ്‌നയെ പിടിച്ച് വീടിന് പുറത്താക്കുകയും ചെയ്യുകയായിരുന്നു.തുടര്‍ന്ന് തന്റെ ജീവിതം തിരിച്ച് പിടിക്കുന്നതിനായി ലുബ്‌ന ലണ്ടനിലേക്ക് മാറുകയായിരുന്നു. അവിടെ വച്ച് അവര്‍ യൂണിവേഴ്‌സിറ്റി ഡിഗ്രിക്ക് പഠിക്കുകയും തന്റെ കുടുംബത്തെ പിന്തുണയ്ക്കാനായി ജോലിക്ക് പോവുകയുംചെയ്തിരുന്നു. അതിനൊപ്പം ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ലഭിക്കുന്നതിനായി സിവില്‍ നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹം ഒരു ദുരനുഭവമായിരുന്നുവെങ്കിലും കോടതിയിലൂടെയുള്ള വിവാഹമോചനം അനായാസമായിരുന്നു.
തുടര്‍ന്ന് ഭര്‍ത്താവ് ലുബ്‌നയുടെ അടുത്ത് വരുന്നത് വിലക്കുന്ന റെസ്‌ട്രെയിനിങ് ഓര്‍ഡര്‍ കോടതി പുറപ്പെടുവിച്ചിരുന്നു.കൂടാതെ കുട്ടികളെ തനിക്കൊപ്പം താമസിപ്പിക്കാനും കോടതി ലുബ്‌നയെ അനുവദിച്ചിരുന്നു. സിവില്‍ കോടതി നടപടിക്രമങ്ങളിലൂടെ വിവാഹമോചനം ഇത്തരത്തില്‍ എളുമപ്പമായിരുന്നുവെങ്കിലും ശരീയത്ത് കോടതിയില്‍ ഇതിന് ലുബ്‌ന എത്തിയതോടെയാണ് അവരുടെ കഷ്ടകാലം വീണ്ടും തിരിച്ച് വന്നത്. ശരീയത്ത് കോടതിയിലെ പുരോഹിതര്‍ ലുബ്‌നയെ വീണ്ടും ഭര്‍ത്താവുമായി യോജിപ്പിക്കാനായിരുന്നു ശ്രമം നടത്തിയിരുന്നത്. എന്നാല്‍ ലുബ്‌ന അതിന് വഴങ്ങാഞ്ഞതോടെ അവരെ കൊല്ലുമെന്നും മക്കളെ തട്ടിക്കൊണ്ടു പോകുമെന്നും ഭീഷണി മുഴക്കി ഭര്‍ത്താവ് രംഗത്തെത്തുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഭര്‍ത്താവ് ലുബ്‌നയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. തല്‍ഫലമായി ഇവര്‍ അബോര്‍ഷന് വിധേയയാവുകയും ചെയ്തു. ശരീയത്ത് കോടതിയില്‍ താനും അമ്മയും വിചാരണക്ക് പോയപ്പോഴുണ്ടായ അനുഭവം ഭയാനകമായിരുന്നുവെന്ന് ലുബ്‌ന വെളിപ്പെടുത്തിയിട്ടുണ്ട്.തന്നെ ഭര്‍ത്താവ് സമീപിക്കാന്‍ പാടില്ലെന്ന സിവില്‍ കോടതി വിധിക്ക് ഇവിടെ പുല്ലുവിലപോലുമുണ്ടായിരുന്നില്ലെന്നും തനിക്ക് നേരെ അവിടെ വച്ച് മുന്‍ ഭര്‍ത്താവ് കനത്ത ഭീഷണിയാണ് ഉയര്‍ത്തിയിരുന്നതെന്നും ലുബ്‌ന പറയുന്നു. അവസാനം ശരീയത്ത് കോടതിയിലൂടെയുള്ള വിവാഹമോചനത്തിന് ശ്രമിക്കാതെ ലുബ്‌ന പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു.
മുസ്ലിം വിവാഹമോചനത്തിന് സിവില്‍ കോടതി വിധി പര്യാപ്തമാണോയെന്ന് ലുബ്‌നയുടെ അമ്മ പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും ചില മുസ്ലിം പുരോഹിതന്മാരോട് തിരക്കിയിരുന്നുവെന്നും അവര്‍ അനുകൂലമായ മറുപടിയേകിയിട്ടുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. മറ്റ് കേസുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലുബ്‌നയുടെ കേസ് ഭേദമാണ്. ശരീയത്ത് കോടതികളുടെ ആണ്‍ പക്ഷപാതിത്വം നിറഞ്ഞ വിധികള്‍ മൂലം ശേഷിക്കുന്ന ജീവിത കാലം കണ്ണീര്‍ കുടിക്കുന്ന എത്രയോ മുസ്ലിം സ്ത്രീകള്‍ ബ്രിട്ടനിലുണ്ടെന്ന് വ്യക്തമായ കാര്യമാണ്.