ദുബായ്: കൂട്ടമാനഭംഗത്തിന് ഇരയായ ബ്രീട്ടീഷ് യുവതിക്കെതിരെ വിവാഹേതര ബന്ധത്തിന് ദുബായ് പോലീസ് കേസെടുത്തു. തന്നെ മാനഭംഗപ്പെടുത്തിയെന്ന പരാതിയുമായി ചെന്ന യുവതിയാണ് ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുന്നത്.
യുകെയില്‍ നിന്നും വിനോദ സഞ്ചാരിയായി ദുബായില്‍ എത്തിയ യുവതിക്കാണ് ഈ ദുര്യോഗം. 25കാരിയായ യുവതി യുഎഇ സിറ്റിയില്‍ കഴിഞ്ഞ മാസമാണ് കൂട്ടമാനഭംഗത്തിന് ഇരയായത്. ബ്രിട്ടീഷ് പൗരന്‍മാരായ രണ്ടുപേര്‍ക്കെതിരെയാണ് യുവതിയുടെ പരാതി. ഇവര്‍ക്കൊപ്പം മദ്യപിച്ചശേഷം ഹോട്ടലില്‍ എത്തിയപ്പോഴായിരുന്നു യുവതിയെ ക്രൂരമായി ഉപദ്രവിച്ചത്.
എന്നാല്‍ ഇവരെ ഇരയായി പരിഗണിക്കാതെ വിവാഹേതരബന്ധം സംശയിച്ച് ഇവരുടെ പാസ്‌പോര്‍ട് തടഞ്ഞു വയ്ക്കുകയും കേസെടുക്കുകയുമായിരുന്നു. ഇതോടെ ഇവര്‍ക്ക് രാജ്യം വിടാനാകാത്ത സ്ഥിതിയാണെന്നു മാത്രമല്ല, ജയില്‍ ശിക്ഷ ലഭിക്കാനുള്ള സാധ്യതയാണുള്ളതെന്നുമാണ് റിപ്പോര്‍ട്ട്. ഇതിനകം കുറ്റക്കാരായവര്‍ ബ്രിട്ടനില്‍ തിരിച്ചെത്തിയെന്നാണ് കരുതുന്നത്.
ജാമ്യമെടുത്ത് പുറത്തിറങ്ങിയ യുവതിയുടെ കോടതി ചെലവുകള്‍ക്കായി 20 കോടി രൂപയിലധികം കണ്ടെത്തേണ്ട സാഹചര്യമാണത്രെ ഉള്ളത്. ഇതിനായി ക്രൗഡ് ഫണ്ടിങ് സൈറ്റിലെത്തിയ യുവതിയുടെ പിതാവാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ദുബായിലുള്ള യുവതിയുടെ ജീവിതം തകര്‍ന്ന അവസ്ഥയിലാണെന്നും പിതാവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇരയെ കുറ്റവാളിയായി പരിഗണിക്കുന്ന നിലപാടിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.