എന്റെ വീട് അപ്പുവിന്റെയും സിനിമയെ അനുസ്മരിപ്പിക്കുന്ന ദാരുണസംഭവം..

ഉറങ്ങിക്കിടന്ന നാലാംക്ലാസുകാരനെ സഹോദരന്‍ കറിക്കത്തികൊണ്ടു കുത്തിക്കൊന്നു. കുത്തേറ്റ ഇളയ സഹോരന്റെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ കോയമ്പത്തൂരില്‍ പഠിക്കുന്ന ജ്യേഷ്ഠ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. നടുവട്ടം കൂര്‍ക്കപ്പറമ്പില്‍ പട്ടാരത്തുവീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം(ഒന്‍പത്) ആണ് മരിച്ചത്.

നരിപ്പറമ്പ് ഗവ: യു.പി. സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. ഇളയസഹോദരന്‍ അഹമ്മദ് ഇബ്രാഹി(ഏഴ്)നെയാണു ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരെ ആക്രമിച്ച സഹോദരന്‍ നബീല്‍ ഇബ്രാഹിമിനെ(22)യാണു കൊപ്പം പോലീസ് അറസറ്റ് ചെയ്തത്. സോളൂര്‍ ആര്‍.വി.എസ്. മെഡിക്കല്‍ കോളജില്‍ മൈക്രോ ബയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയാണു പ്രതി. എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമയ്ക്കു സമാനമായി ഇളയകുട്ടികളോടുള്ള മാതാപിതാക്കളുടെ അമിതവാത്സല്യമാണു കൊലപാതകത്തിനു കാരണമെന്നാണു നിഗമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതി ലഹരിക്ക് അടിമയാണോയെന്നു പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച അര്‍ധരാത്രിയിലാണ് നാടിനെ നടുക്കിയ സംഭവം. അത്താഴത്തിനുശേഷം സഹോദരങ്ങളെ തന്റെ മുറിയില്‍ നബീല്‍ കിടത്തുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍കേട്ട് തൊട്ടടുത്ത മുറിയില്‍ കിടന്ന സഹോദരി നജ്ബ എത്തിയപ്പോഴാണ് സഹോദരങ്ങള്‍ കുത്തേറ്റു കിടക്കുന്നതു കണ്ടത്. മാതാപിതാക്കളുടെ മുറി പുറത്തു നിന്നു പൂട്ടിയിരുന്നു. കുത്തേറ്റ കുട്ടികളെ വളാഞ്ചേരിയിലെ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും മുഹമ്മദിനെ രക്ഷിക്കാനായില്ല.

ഇവരുടെ കഴുത്തിലും നെഞ്ചിലും മാരകമായി പരുക്കേറ്റതായി ഡോക്ടര്‍ പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. വിട്ടുകാര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് നബിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി കുറ്റംസമ്മതിച്ചതിനാല്‍ ഇന്നലെ ഉച്ചയോടെ അറസറ്റ് രേഖപ്പെടുത്തി. വീടിനു പുറത്തെ റോഡിലെ മരച്ചുവട്ടില്‍നിന്നു കുത്താനുപയോഗിച്ച കത്തി പോലീസ് കണ്ടെത്തു.

വിരലടയാളവിദഗ്ധരും ഡോഗ്സ്‌ക്വാഡും പരിശോധന നടത്തി. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ഒറ്റപ്പാലം കോടതി റിമാന്‍ഡ് ചെയ്തു. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പരിക്കേറ്റ അഹമ്മദ് നെടുങ്ങോട്ടൂര്‍ എ.എല്‍.പി. സ്‌കൂള്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ് സാഹിറ ഇതേസ്‌കൂളിലെ അധ്യാപികയാണ്.

Top