ക്രൈം ഡെസ്‌ക്
ബ്രസൽസ്: ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ വിമാനത്താവളത്തിനു നേരെ ആക്രമണം നടത്തിയ സംഘം ലക്ഷ്യമിട്ടത് വിമാനത്താവളം തകർക്കായിരുന്നെന്നു റിപ്പോർട്ട്. ഇവർ ഉദ്ദേശിച്ച രീതിയിലുള്ള വാഹനം ലഭിക്കാതെ വന്നതോടെയാണ് ഭീകരരുടെ പദ്ധതി പാളിയതെന്നും വിമാനത്താവളത്തിന്റെ പുറത്ത് സ്‌ഫോടനം നടത്തേണ്ടി വന്നതെന്നുമാണ് ഇപ്പോൾ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയത്.
സേവന്റം വിമാനത്താവളത്തിന്റെ പുറത്തെ ലോഞ്ചിലും, മാൽബീക്ക് മെട്രോ സ്‌റ്റേഷനിലുമായി മൂന്നു സ്‌ഫോടനങ്ങളാണ് തീവ്രവാദികൾ നടത്തിയിരുന്നത്.
ബ്രസൽസിലെത്തിയ ശേഷം ഇവിടുത്തെ ടാക്‌സി വകുപ്പിൽ നിന്നു വാടകയ്‌ക്കെടുത്ത കാറിൽ വിമാനത്താവളത്തിൽ എത്തി സ്‌ഫോടനം നടത്തുന്നതിനായിരുന്നു തീവ്രവാദികൾ പദ്ധതിയിട്ടിരുന്നത്. ഇതിനായി ബ്രസൽസിലെ ടാക്‌സി ഏജൻസിയിൽ നിന്നു സംഘം വാനും ബുക്ക് ചെയ്തിരുന്നു. മൂന്നു പേർക്കു ലഗേജുകളുമായി കയറാൻ സാധിക്കുന്ന രീതിയിലുള്ള വലിയ വാനാണ് സംഘം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇത്തരത്തിലുള്ള വലിയ വാൻ ലഭിക്കാതെ വന്നതോടെ ഇവർ ഒരാളെ പുറത്തു നിർത്തിയ ശേഷം കാറിൽ യാത്ര തുടരുകയായിരുന്നു.
പുറത്തു നിന്ന ഒരാളുടെ കൈവശം രണ്ടു വലിയ ബാഗുകളും ഉണ്ടായിരുന്നു. തീവ്രവാദികളുടെ ചിത്രങ്ങൾ സൈന്യം സിസിടിവിയിൽ നിന്നു ശേഖരിച്ചു പുറത്തു വിട്ടതോടെ ഇവർ സഞ്ചരിച്ചിരുന്നക കാറിന്റെ ഡ്രൈവറാണ് ചിത്രങ്ങൾ കണ്ടു പ്രതികളെ തിരിച്ചറിഞ്ഞത്. ഇവർ രണ്ടു പേർ വിമാനത്താവളത്തിൽ ചാവേറായതായും, മറ്റൊരാൾ മെട്രോ സ്‌റ്റേഷനിൽ പൊട്ടിത്തെറിച്ചതായുമാണ് കണ്ടെത്തിയിരിക്കുന്നത്. വലിയ വാനിൽ മെട്രോ സ്‌റ്റേഷനിലെത്തി ഒരു ചാവേറിനെ ഇറക്കിയ ശേഷം വിമാനത്താവളത്തിലേയ്ക്കു ബോംബുകൾ നിറച്ച വാൻ ഓടിച്ചു കയറ്റി വൻ സ്‌ഫോടനം നടത്താനായിരുന്നു പ്രതികളുടെ പദ്ധതിയെന്നു അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
വിമാനത്താവളത്തിനുളളിൽ മൂന്നിടത്തു സ്‌ഫോടനം നടത്തായിരുന്നു തീവ്രവാദികളുടെ പദ്ധതി. ഒരാൾ വിമാനത്താവളത്തിനുള്ളിൽ കടന്ന സ്‌ഫോടനം നടത്താനും ആലോചിച്ചിരുന്നു. എന്നാൽ, സുരക്ഷാ പരിശോധനകൾക്കിടെ തീവ്രവാദികളെ പൊലീസ് പിടികൂടിയതോടെ ഇവിടെ വച്ചു തന്നെ ഇവർ പൊട്ടിത്തെറിക്കുകയായിരുന്നു.