ഓൺലൈൻ കോടതി നടക്കുന്ന സമയത്ത് പല്ല് തേപ്പും ഷേവിങ്ങും. ഹൈക്കോടതിയിൽ ഇന്നലെ രാവിലെ ഓൺലൈൻ സിറ്റിംഗ് പുരോഗമിക്കുന്നതിനിടെയാണ് ബാത്ത് റൂമിൽ നിന്ന് ഷേവ് ചെയ്തു കൊണ്ട് ഒരു ഒരാൾ ഹാജരായത്.
ബാത്ത് റൂമിൽ നടന്നു കൊണ്ട് പല്ല് ബ്രഷ് ചെയ്ത് കൊണ്ടാണ് ഇയാൾ കോടതി നടപടികൾ വീക്ഷിച്ചത്. ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ചിലാണ് നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്.
ജഡ്ജി ഇക്കാര്യം അറിഞ്ഞിരുന്നില്ല. പിന്നീട് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
വിഷയത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചു. മുൻപും ഇതുപോലെയുള്ള സംഭവങ്ങൾ നടന്നിട്ടുണ്ട്.
കഴിഞ്ഞ നവംബറിൽ ഒരാൾ ഷർട്ടിടാതെ ഓൺലൈൻ കോടതിയിൽ കയറിയത് വിമർശനത്തിനിടയാക്കിയിരുന്നു. ഇതു കോടതിയാണെന്നും സർക്കസോ സിനിമയോ അല്ലെന്നും അന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിരുന്നു.
കഴിഞ്ഞ ഡിസംബറിൽ മദ്രാസ് ഹൈക്കോടതിയിൽ ഒരു അഭിഭാഷകൻ ഓൺലൈൻ കോടതി നടപടികൾക്കിടെ ഒരു സ്ത്രീയെ ആലിംഗനം ചെയ്ത് ചുംബിച്ചതു വിവാദമായിരുന്നു. അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ മദ്രാസ് ഹൈക്കോടതി അന്ന് നിർദ്ദേശിച്ചിരുന്നു.
കോടതി നടപടികൾ ഓൺലൈനിലേക്ക് മാറ്റിയതോടെയാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. കോടതി മുറിയിൽ ഹാജരാകുന്നതിന് പാലിക്കേണ്ട മര്യാദകൾ പാലിക്കാതെ കക്ഷികളും കാഴ്ചക്കാരും ഓൺലൈൻ കോടതികളിലെത്തുന്നത്.