നെയ്യാറ്റിന്‍കര: യൂണിഫോം കീറിപ്പോയതിന് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് അച്ഛനില്‍ നിന്ന് ക്രൂരമായ പീഡനം. കഴുത്തിലെ പാടുകണ്ട് സ്‌കൂളിലെ ടീച്ചര്‍ വിവരം തിരക്കിയപ്പോഴാണ് കഴുത്തില്‍ കയറിട്ട് കെട്ടി ഫാനില്‍ തൂക്കിയിടുകയും ഫാന്‍ കറക്കിയശേഷം മര്‍ദ്ദിക്കുകയും ചെയ്ത സംഭവം പുറത്തറിഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റുചെയ്തു.
കോട്ടയ്ക്കല്‍ വലിയവട്ടിക്കുഴി മേലെ പുത്തന്‍വീട്ടില്‍ ബിജുകുമാറിനെ (37) ആണ് മാരായമുട്ടം പൊലീസ് പിടികൂടിയത്. യൂണിഫോം കീറിയതിനാണ് ഇയാള്‍ മകനെ ശിക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍പ്പോ യിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
നവംബര്‍ 25നായിരുന്നു സംഭവം. മകന്‍ ആദര്‍ശി നെയാണ് ഇയാള്‍ ക്രൂരമായി ശിക്ഷിച്ചത്. കുട്ടിയെ കെട്ടിയിട്ട ശേഷം ഫാന്‍ സ്വിച്ചിട്ട് കറക്കുകയും തലയില്‍ അടിക്കുകയും ചെയ്തിരുന്നു. കഴുത്തില്‍ കയര്‍ മുറുകിയ പാടുകണ്ട് ഈ മാസം രണ്ടിന് സ്‌കൂളില്‍ അദ്ധ്യാപിക ചോദിക്കുമ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിരുന്നു.
കുട്ടിയിപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്. ബാലാവകാശ കമ്മിഷനും കേസെടുത്തു.ബിജുകുമാര്‍ ഇതിന് മുന്‍പും ആദര്‍ശിനെ ഉപദ്രവിച്ചിരുന്നതായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. പേരുമ്പക്കോണം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്. മാരായമുട്ടം എസ്.െഎ. ഹരിലാലിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.