
സ്വന്തം ലേഖകൻ
പേരാവൂർ: കുടുംബത്തിന് സി.പി.എം പ്രാദേശിക നേതാക്കളുടെ ഊരുവിലക്കെന്ന് ബോർഡർ സെക്യൂരിറ്റി ഫോഴ്സിലെ (ബി.എസ്.എഫ്) സബ് ഇൻസ്പെക്ടറായ കൊല്ലമുളയിൽ ലിജേഷും മാതാവ് കടത്തുംകണ്ടി ലളിതയും ആരോപിച്ചു.
വർഷങ്ങളായി പേരാവൂർ വെള്ളർവള്ളിയിൽ താമസിച്ചിരുന്ന ലിജേഷും മാതാപിതാക്കളും സി.പി.എം പ്രവർത്തകരുടെ അതിക്രമങ്ങളെയും ആക്ഷേപങ്ങളെയും തുടർന്ന് വീടും സ്ഥലവും ഉപേക്ഷിച്ച് മണത്തണ അയോത്തുംചാലിൽ താമസിച്ച് വരുകയാണ്. ഒഡിഷയിലെ ഉൾപ്രദേശത്താണ് ലിജേഷ് ജോലി ചെയ്യുന്നത്. താൻ നാട്ടിലില്ലാത്ത സമയത്ത് മാതാപിതാക്കൾക്ക് നേരെ പലതവണ അക്രമ ശ്രമങ്ങൾ ഉണ്ടായിരുന്നെന്നും അതിനാലാണ് ഒടുവിൽ അയോത്തുംചാലിൽ താമസമാക്കിയതെന്നും ലിജേഷ് പറഞ്ഞു. തന്റെ പിതാവ് കോൺഗ്രസ് അനുഭാവിയായതിനാലാണ് സി.പി.എം പ്രവർത്തകർ ഉപദ്രവിക്കുന്നത്. വെള്ളർവള്ളിയിലെ വീട്ടിലേക്ക് വഴി നടക്കാൻ പോലും അനുവദിക്കാറില്ളെന്നും കിണറ്റിലും പറമ്പിലും മാലിന്യങ്ങൾ നിക്ഷേപിക്കാറുണ്ടെന്നും ഇവർ പറഞ്ഞു.
ലിജേഷിന്റെ അയൽവാസിയുടെ വീടിന് ഭീഷണിയാണെന്ന പരാതിയെ തുടർന്ന് ലിജേഷിന്റെ പറമ്പിലെ മൂന്നു തെങ്ങുകൾ ഇവരുടെ അനുമതി ഇല്ലാതെ മുറിച്ച് നീക്കിയിരുന്നു. അയൽവാസിയുടെ വീടിന് തെങ്ങുകൾ ഭീഷണിയാണെന്ന പരാതിയെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി തെങ്ങ് മുറിച്ച് നീക്കാൻ ഉത്തരവിറക്കുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് ഇത്തരം പ്രവൃത്തികളെന്നും ലിജേഷ് ആരോപിച്ചു.