അതിര്‍ത്തിയില്‍ സൈനീകര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് സോഷ്യല്‍മീഡിയിലൂടെ പരാതി ഉന്നയിച്ച സൈനികനെ പിരിച്ചു വിട്ടു. ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവാണ് വിവാദ വീഡിയോയിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ചത്.
ബിഎസ്എഫിന്റെ അന്തസിന് കോട്ടം വരുത്തിയെന്ന സൈനിക കോടതിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ മൂന്ന് മാസത്തോളമായി സൈനിക വിചാരണയിലായിരുന്നു യാദവ്. സ്വയം വിരമിക്കാനുള്ള അനുവദിക്കണമെന്ന തേജിന്റെ ആവശ്യം അംഗീകിച്ചിരുന്നില്ല.
അഴിമതി തുടച്ചു നീക്കുമെന്ന് പറഞ്ഞിട്ടും തനിക്കെന്തുകൊണ്ട് നീതി ലഭിക്കുന്നില്ലന്ന് പ്രധാനമന്ത്രിയോട് ചോദിച്ച് തേജ് യാദവിന്റെ പുതിയ വീഡിയോയും ഇതിനിടെ പുറത്തുവന്നിരുന്നു. വീണ്ടും വീഡിയോ പോസ്റ്റ് ചെയ്യുക വഴി തേജ് അച്ചടക്കത്തിന്റെ എല്ലാ സീമകളും ലംഘിച്ചെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
ജനുവരിയിലാണ് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണന്ന് ദൃശ്യസഹിതം തേജ് ബഹദൂര്‍ യാദവ് ഫെയ്‌സ്ബുക്കില്‍ പരാതി ഉന്നയിച്ചത്. ഈ ഭക്ഷണം കഴിച്ച് ഒരു ജവാന് പത്ത് മണിക്കൂര്‍ ജോലി ചെയ്യാന്‍ കഴിയുമോയെന്ന് ചോദിച്ച ജവാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പല ദിവസങ്ങളിലും അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നത് വിശന്ന വയറോടെയാണെന്നും, ലഭിക്കുന്ന ഭക്ഷണം വളരെ മോശമാണെന്നുമായിരുന്നും ജവാന്‍ വീഡിയോയില്‍ പരാതിപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരെയടക്കം വിമര്‍ശിക്കുന്ന നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള ജവാന്റെ വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉത്തരവിട്ടിരുന്നു.
ജവാന്റെ ആരോപണത്തില്‍ വസ്തുതയുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബിഎസ്എഫിന്റെ പ്രതികരണം. ജവാന്റെ ആരോപണം പിന്നീട് ബിഎസ്എഫ് തള്ളുകയുമുണ്ടായി. ജവാന്‍ മദ്യത്തിന് അടിമയാണെന്നും മോശം പെരുമാറ്റത്തിന് സ്ഥിരമായി അച്ചടക്കനടപടി നേരിട്ടയാള്‍ ആണെന്നുമാണ് ബിഎസ്എഫ് ആരോപിച്ചത്.