![](https://dailyindianherald.com/wp-content/uploads/2016/11/VT-BELRAMM.png)
തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ആദ്യം സ്വാഗതം ചെയ്ത കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം എംഎല്‍എയും നിലപാടു മാറ്റി. കറന്‍സി പിന്‍വലിക്കാനുള്ള കേന്ദ്ര തീരുമാനത്തെ പിന്തുണച്ചത് ഉദ്ദേശ്യശുദ്ധി ഉണ്ടെന്ന പ്രതീക്ഷയിലാണെന്നു ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ദിവസം ചെല്ലുന്തോറും സാധാരണക്കാരുടെ പ്രശ്നങ്ങള്‍ രൂക്ഷമാകുകയാണ്. സാധാരണക്കാരുടെ സാമ്പത്തിക വിനിമയങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായി സ്തംഭിച്ചിരിക്കുകയാണെന്നും വി ടി ബല്‍റാം പറഞ്ഞു.
രാജ്യത്ത് ഒരു സാമ്പത്തിക കലാപമുണ്ടാവുന്ന നിലയിലേക്ക് കാര്യങ്ങള്‍ അതിവേഗം പരിണമിക്കുകയാണ്. ഇതൊക്കെ വരുത്തിവച്ചത് കേന്ദ്ര സര്‍ക്കാരിന്റെ അനവധാനതയോടെയുള്ള തീരുമാനങ്ങളുടെ ഭാഗമായാണെന്നത് കൂടുതല്‍ക്കൂടുതല്‍ ബോധ്യമാവുന്നു. ആദ്യം പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഇങ്ങനെ ഉയര്‍ന്നുവരുന്ന പ്രതിസന്ധിയെ മറികടക്കാനുള്ള യാതൊരു മുന്നൊരുക്കങ്ങളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല എന്നതും ഇപ്പോഴാണ് വെളിച്ചത്തുവരുന്നത്. വന്‍കിടക്കാരെ തൊടാതെയുള്ള ഇപ്പോഴത്തെ നീക്കത്തിന്റെ ഉദ്ദേശ്യശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും ബല്‍റാം കുറിച്ചു.
നോട്ട് അസാധുവാക്കല്‍ തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയെയും അഭിനന്ദിച്ച വി ടി ബല്‍റാം എംഎല്‍എ അഞ്ചാംനാളാണു തന്റെ അഭിപ്രായം തിരുത്തി രംഗത്തെത്തിയത്. മുന്‍വിധികളില്ലാതെ ശരിയെന്ന് തോന്നുന്നതിനെ അംഗീകരിക്കുക എന്നതാണ് എന്റെ പൊതുവിലെ രീതി. പല വിഷയങ്ങളിലേയും പ്രാഥമിക പ്രതികരണങ്ങള്‍ അങ്ങനെയാണുണ്ടാവുന്നതെന്നും ബല്‍റാം പറഞ്ഞു.
വിദേശ ബാങ്കുകളിലെ കള്ളപ്പണം ഇപ്പോഴും സുരക്ഷിതമാണ്. കേന്ദ്ര ഭരണകക്ഷിയുടെ ചില അടുപ്പക്കാര്‍ക്ക് ഈ വിവരങ്ങള്‍ നേരത്തെതന്നെ ചോര്‍ന്ന് കിട്ടി എന്നും അതിനനുസരിച്ചുള്ള ഉപായങ്ങള്‍ സ്വീകരിക്കാനവര്‍ക്ക് അവസരം കിട്ടിയെന്നുമുള്ള ഗുരുതരമായ ആരോപണവും ഉയര്‍ന്നുകഴിഞ്ഞു.
ഈ സാഹചര്യത്തില്‍ ഇക്കാര്യത്തിലുള്ള എന്റെ ആദ്യ അഭിപ്രായം പുതുക്കേണ്ടി വരികയാണ്. കറന്‍സികള്‍ പിന്‍വലിച്ചതുമൂലം രാജ്യത്തെ സാധാരണ ജനങ്ങള്‍ക്കുണ്ടായിരിക്കുന്ന വലിയ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള സത്വര നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്ന് ആവശ്യപ്പെടുന്നു. കള്ളപ്പണത്തിനെതിരെ കൂടുതല്‍ ഫലപ്രദമായ നടപടികളാണ് സര്‍ക്കാര്‍ ജാഗ്രതാപൂര്‍വ്വം ആവിഷ്ക്കരിക്കേണ്ടതെന്നും വിശ്വസിക്കുന്നുവെന്നും ബല്‍റാം പറഞ്ഞു.
വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
‘മുന്‍വിധികളില്ലാതെ ശരിയെന്ന് തോന്നുന്നതിനെ അംഗീകരിക്കുക എന്നതാണ് എന്റെ പൊതുവിലെ രീതി. പല വിഷയങ്ങളിലേയും പ്രാഥമിക പ്രതികരണങ്ങള്‍ അങ്ങനെയാണുണ്ടാവുന്നത്. രാഷ്ട്രശരീരത്തില്‍ ഒരു അര്‍ബുദം പോലെ പടര്‍ന്നുകഴിഞ്ഞിരിക്കുന്ന അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവണമെന്ന ആഗ്രഹം എന്റേതുമാത്രമല്ല, ഈ നാട്ടിലെ ഓരോ സാധാരണക്കാരന്റേതുമാണ്. കള്ളപ്പണത്തിനും കള്ളനോട്ടുകള്ക്കുമെതിരെ ഉത്തരവാദപ്പെട്ടവര്‍ ചില നടപടികള്‍ സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുന്നതും ആ നിലയിലാണ്. ചില അഴിമതി വിഷയങ്ങളിലെങ്കിലും വിജിലന്‍സ് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ അതിനെ പിന്തുണക്കുന്നതും കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യപ്പെടുന്നതും ഇതേ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ അഴിമതിക്കെതിരെയെന്ന പേരില്‍ പ്രഖ്യാപിക്കുന്ന നടപടികളെ അവരുടെ ഇച്ഛാശക്തിയുടെ പ്രതിഫലനമായി കാണുന്നത് എല്ലാം ശരിയാവുമെന്നും നല്ല ദിനങ്ങള്‍ വരുമെന്നുമൊക്കെയുള്ള ഒരു പൗരന്റെ പ്രതീക്ഷയുടെ ഭാഗമായാണ്.
കറന്‍സി പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പൊതുവില്‍ പിന്തുണക്കാന്‍ തീരുമാനിച്ചതും അതിലൊരു ഉദ്ദേശ്യശുദ്ധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തികോപദേഷ്ടാവായ ഡോ. ഗീതാ ഗോപിനാഥടക്കമുള്ള നിരവധി സാമ്പത്തിക വിദഗ്ദര്‍ ഒരു ക്യാഷ് ലെസ് ഇക്കോണമിയിലേക്കുള്ള മാറ്റത്തിന്റെ തുടക്കമായിക്കണ്ട് ഇതിനെ അഭിനന്ദിച്ചിരുന്നു. നമ്മുടെ സമ്പദ് രംഗത്തിന്റെ ആധുനീകരണത്തിന്റെ ഭാഗമായാണ് ഈ നീക്കത്തെ എന്നെപ്പോലെ അനേകായിരങ്ങള്‍ വീക്ഷിച്ചത്. കള്ളപ്പണത്തിനെതിരെ ഭാഗികമായി മാത്രമേ ഫലപ്രദമാവുകയുള്ളൂവെങ്കിലും കള്ളനോട്ടുകള്‍ ഇതോടെ പൂര്‍ണ്ണമായി ഇല്ലാതാകുമെന്നാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലും പ്രതീക്ഷ പ്രകടിപ്പിച്ചത്.
അപ്പോഴും അത് സാധാരണക്കാര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളേക്കുറിച്ച് എന്റെ പ്രാഥമിക പ്രതികരണത്തില്‍ത്തന്നെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളേയും കവച്ചുവെക്കുന്ന രൂക്ഷമായ പ്രശ്നങ്ങളാണ് ഇപ്പോള്‍ ഓരോ ദിവസം കഴിയുന്തോറും ജനങ്ങള്‍ക്കുണ്ടാവുന്നത്. സാധാരണക്കാരുടെ സാമ്പത്തിക വിനിമയങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായി സ്തംഭിച്ചിരിക്കുകയാണ്. രാജ്യത്ത് ഒരു സാമ്പത്തിക കലാപമുണ്ടാവുന്ന നിലയിലേക്ക് കാര്യങ്ങള്‍ അതിവേഗം പരിണമിക്കുകയാണ്. ഇതൊക്കെ വരുത്തിവച്ചത് കേന്ദ്ര സര്‍ക്കാരിന്റെ അനവധാനതയോടെയുള്ള തീരുമാനങ്ങളുടെ ഭാഗമായാണെന്നത് കൂടുതല്‍ക്കൂടുതല്‍ ബോധ്യമാവുന്നു. ആദ്യം പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഇങ്ങനെ ഉയര്‍ന്നുവരുന്ന പ്രതിസന്ധിയെ മറികടക്കാനുള്ള യാതൊരു മുന്നൊരുക്കങ്ങളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല എന്നതും ഇപ്പോഴാണ് വെളിച്ചത്തുവരുന്നത്. വന്‍കിടക്കാരെ തൊടാതെയുള്ള ഇപ്പോഴത്തെ നീക്കത്തിന്റെ ഉദ്ദേശ്യശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. വിദേശ ബാങ്കുകളിലെ കള്ളപ്പണം ഇപ്പോഴും സുരക്ഷിതമാണ്. കേന്ദ്ര ഭരണകക്ഷിയുടെ ചില അടുപ്പക്കാര്‍ക്ക് ഈ വിവരങ്ങള്‍ നേരത്തെതന്നെ ചോര്‍ന്ന് കിട്ടി എന്നും അതിനനുസരിച്ചുള്ള ഉപായങ്ങള്‍ സ്വീകരിക്കാനവര്‍ക്ക് അവസരം കിട്ടിയെന്നുമുള്ള ഗുരുതരമായ ആരോപണവും ഉയര്‍ന്നുകഴിഞ്ഞു.
ഈ സാഹചര്യത്തില്‍ ഇക്കാര്യത്തിലുള്ള എന്റെ ആദ്യ അഭിപ്രായം പുതുക്കേണ്ടി വരികയാണ്. കറന്‍സികള്‍ പിന്‍വലിച്ചതുമൂലം രാജ്യത്തെ സാധാരണ ജനങ്ങള്‍ക്കുണ്ടായിരിക്കുന്ന വലിയ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള സത്വര നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്ന് ആവശ്യപ്പെടുന്നു. കള്ളപ്പണത്തിനെതിരെ കൂടുതല്‍ ഫലപ്രദമായ നടപടികളാണ് സര്‍ക്കാര്‍ ജാഗ്രതാപൂര്‍വ്വം ആവിഷ്ക്കരിക്കേണ്ടതെന്നും വിശ്വസിക്കുന്നു.’