ജബൽപുരിനടത്തുള്ള പരിയത്ത് നദിയുടെ തീരത്ത് അനധികൃതമായി ഫാം നടത്തിയിരുന്നവരോട് അവിടെനിന്ന് ഒഴിഞ്ഞുപോകണമെന്ന് അധികൃതർ അറിയിച്ചതിൽ പ്രതിഷേധിച്ച് കർഷകർ അവരുടെ എരുമകളെ കെട്ടഴിച്ചുവിട്ടു.ആരും നിയന്ത്രിക്കാനില്ലാത്ത അഞ്ഞൂറിലധികം എരുമകൾ ഇവിടുത്തെ ദേശീയപാതയിലൂടെ വിറളിപിടിച്ച് കുതിച്ചുപാഞ്ഞു. പോരാത്തതിന് അവയുടെയും പോലീസിന്‍റെയും നേർക്ക് കല്ലുപെറുക്കി എറിഞ്ഞു. ഇതോടെ വിരണ്ട എരുമകൾ കൂട്ടമായി റോഡിലേക്കിറങ്ങി ഓടുകയായിരുന്നു.
എരുമകളുടെ തേരോട്ടത്തിൽ പന്ത്രണ്ടിലധികം ആളുകൾക്കാണ് പരിക്കേറ്റത്.ഇവ കാരണം മണിക്കൂറുകളോളം ദേശീയപാതയിലെ ഗതാഗതം മുടങ്ങി.
എരുമകളെ വളർത്തിയിരുന്നവർതന്നെയാണ് ഇവയെ ഇങ്ങനെ അഴിച്ചു വിരട്ടിവിട്ടത്. വഴിയിൽ കണ്ടവരെയെല്ലാം എരുമകൾ കുത്തിവീഴ്ത്തി. ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്കും ഗുരുതരമായി പരിക്കേറ്റു. ഒടുവിൽ എരുമകളെയും അവയുടെ ഉടമസ്ഥരെയും നിയന്ത്രിക്കാൻ പോലീസിന് ആറു തവണ കണ്ണീർവാതകം പ്രയോഗിക്കേണ്ടിവന്നു. എരുമകളുടെ ആക്രമണത്തിൽ നിരവധി വാഹനങ്ങൾ തകർന്നു. സംഭവത്തിൽ അനധികൃതമായി എരുമകളെ വളർത്തിയവർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.