ദുബായ്: ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വിലയേറിയ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാറിന് വില പതിനെട്ട് കോടി രൂപ. ബുഗാട്ടിയുടെ ഷിറോണ്‍ എന്ന കാറാണ് പുതിയ റിക്കോര്‍ഡ് ഇട്ടത്. ഒരുമാസത്തിനകം ബുഗാട്ടി ഷിറോണ്‍ റോഡുകളിലൂടെ കുതിക്കും. ഏറ്റവും വേഗമേറിയ, ശക്തിയേറിയ, ആധുനികമായ കാര്‍ എന്നാണ് ഷിറോണിന് നിര്‍മ്മാതാക്കള്‍ നല്‍കുന്ന വിശേഷണം.മണിക്കൂറില്‍ പരമാവധി വേഗത 420 കിലോമീറ്ററാണ്.
രണ്ടരസെക്കന്‍ഡിനകംതന്നെ നൂറുകിലോമീറ്റര്‍ വേഗം കൈവരിക്കാനാവുമെന്നതാണ് ഇതിനെ സൂപ്പര്‍കാറായി വിശേഷിപ്പിക്കാനുള്ള പ്രധാന കാരണം. 1500 കുതിരശക്തിയുള്ളതാണ് എന്‍ജിന്‍. ദുബായിലെ ബുഗാട്ടിയുടെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു ഷിറോണിന്റെ പ്രദര്‍ശനം. അഞ്ഞൂറു ഷിറോണ്‍ കാറുകള്‍ മാത്രമാണ് കമ്പനി നിര്‍മ്മിക്കുന്നത്. ഇതില്‍ 250 എണ്ണത്തിന് ഇതിനകംതന്നെ ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞു. ഇതില്‍ മുപ്പതും യു.എ.ഇ.യിലെ കാര്‍ പ്രേമികളാണ് സ്വന്തമാക്കാനൊരുങ്ങുന്നത്.
മനോഹരമായ 21 നിറങ്ങളാണ് ബുഗാട്ടി ഷിറോണിനായി കണ്ടെത്തിയിരിക്കുന്നത്. ഉടമയുടെ ഇഷ്ടത്തിനനുസരിച്ച് ഇതില്‍ മാറ്റംവരുത്താനും കമ്പനി ഒരുക്കം. ഈവര്‍ഷം 70 കാറുകളെങ്കിലും റോഡിലിറങ്ങും. ജനീവയില്‍ നടന്ന 86-ാമത് ഓട്ടോഷോയിലാണ് ഫ്രഞ്ച് ലക്ഷ്വറി ബ്രാന്‍ഡ് എന്നനിലയില്‍ ബുഗാട്ടി ഷിറോണിന്റെ വരവ് അറിയിച്ചത്.
ലോകത്തിലെ 17 രാജ്യങ്ങളിലായി 34 ഡീലര്‍മാരാണ് ബുഗാട്ടിക്കുള്ളത്. ഇന്ത്യയില്‍ മുംബൈയിലും ഡല്‍ഹിയിലും ഷോറൂമുകളുണ്ടെങ്കിലും ഇന്ത്യന്‍ റോഡുകള്‍ക്ക് ബുഗാട്ടി അത്ര പരിചിതമല്ല. എന്നാല്‍, ബുഗാട്ടിയുടെ ഉപഭോക്താക്കളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ഇന്ത്യക്കാരുണ്ടെന്ന് ബുഗാട്ടി ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗം ഡോ. സ്റ്റെഫാന്‍ ബ്രംഗ്‌സ് പറഞ്ഞു.